Friday, November 13, 2009

കൊഴുക്കട്ട

കൊഴുക്കട്ട

  1. അരിപ്പൊടി -2 കപ്പ്
  2. നെയ്യ് -1 ടീസ്പൂണ്‍
  3. ഉപ്പ് -പാകത്തിന്
  4. ശര്‍ക്കര -100 ഗ്രാം
  5. തേങ്ങ -അര മുറി
  6. ഏലക്ക -3 എണ്ണം
തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകി ശര്‍ക്കര ഉരുക്കി അരിച്ച പാനിയില്‍ ഏലക്കാപ്പൊടി ഇട്ട് നന്നായി യോജിപ്പിച്ച് വെയ്ക്കുക.
അരിപ്പൊടിയും നെയ്യും ചേര്‍ത്ത് ആവശ്യമുള്ള വെള്ളത്തില്‍ കുഴയ്ക്കുക.കുഴച്ച മാവ് ചെറിയ ഉരുളകളാക്കി
പിന്നിട് കനം കുറച്ച് പരത്തി നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതം നിറച്ച് വീണ്ടും ഉരുളകളാക്കി
ആവിയില്‍ വേവിച്ചെടുക്കുക.

അരി മുറുക്ക്

അരി മുറുക്ക്

  1. അരി -4 കപ്പ്
  2. കടലപ്പൊടി -2 കപ്പ്
  3. ഉഴുന്നുപ്പൊടി -അര കപ്പ്
  4. ജീരകം -1 സ്പൂണ്‍
  5. എള്ള് -1 സ്പൂണ്‍
  6. വെള്ളം -10 കപ്പ്
  7. വെണ്ണ -1 സ്പൂണ്‍
  8. കടല എണ്ണ -ആവശ്യത്തിന്
  9. ഉപ്പ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

അരി കഴുകി ഉണക്കി ഉരലില്‍ കുത്തി പൊടിച്ച്‌ തെള്ളിയെടുത്തു കടലപ്പൊടിയും ഉഴുന്നുപ്പൊടിയും ചേര്‍ത്തിളക്കി വെയ്ക്കുക.

പത്ത് കപ്പുവെള്ളം ഉപ്പുചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളയ്ക്കുമ്പോള്‍ വെണ്ണ ചേര്‍ക്കുക.ഇതില്‍ തെള്ളിയെടുത്ത പൊടികള്‍ മൂന്നും ചേര്‍ത്ത് കയില്‍ക്കണ കൊണ്ടിളക്കുക.തണുക്കുമ്പോള്‍ കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.ഇതില്‍ എള്ളും ജീരകവും ചേര്‍ത്ത് സേവനാഴിയില്‍ മുറുക്കിന്റെ ചില്ലിട്ട് മുറുക്കുണ്ടാക്കി ചുറ്റിച്ച് എണ്ണയില്‍ വറുത്തുകോരുക.

മധുര സേവ

മധുര സേവ

  1. അരിപ്പൊടി -കാല്‍ കിലോ
  2. കടലമാവ് -അര കിലോ
  3. പഞ്ചസാര -അര കിലോ
  4. ചുക്ക് പൊടി -1 സ്പൂണ്‍
  5. ഏലക്കാപ്പൊടി -1 സ്പൂണ്‍
  6. ജീരകപ്പൊടി -1 സ്പൂണ്‍
  7. എണ്ണ,വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും കടലമാവും പാകത്തിന് വെള്ളമൊഴിച്ച് കുഴയ്ക്കുക.ഇടിയപ്പത്തിന്റെ പാകത്തില്‍ നനയ്ക്കണം.ശേഷം സേവനാഴിയില്‍ മധുരസേവയുടെ ചില്ലിട്ട് അതില്‍ മാവ് നിറച്ച് ചീനച്ചട്ടിയിലെ തിളച്ച എണ്ണ യിലേയ്ക്ക് ഞെക്കിപ്പിഴിയുക.മൂപ്പാകുമ്പോള്‍ കോരിയെടുത്ത് ചെറിയ കഷണങ്ങള്‍ ആക്കി ഒടിക്കുക.

പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് പാനിയാക്കി അടുപ്പില്‍ വെച്ച് പാവുകാച്ചുക.വെള്ളം വറ്റി നൂല്‍പ്പരുവമാകുമ്പോള്‍ ഒടിച്ചുവെച്ചിരിയ്ക്കുന്ന കഷണങ്ങള്‍ ഇട്ട് ഇളക്കുക.ശേഷം ചുക്കുപൊടി,ഏലക്കാപ്പൊടി,
ജീരകപ്പൊടി എന്നിവ തൂവുക.തണുക്കുമ്പോള്‍ ടിന്നിലാക്കി സൂക്ഷിക്കുക.

വാഴയ്ക്കാപ്പം (പഴം പൊരി)

വാഴയ്ക്കാപ്പം (പഴം പൊരി)

  1. ഏത്തപ്പഴം -2 എണ്ണം
  2. മൈദ -അര കപ്പ്
  3. അരിപ്പൊടി -1 സ്പൂണ്‍
  4. പഞ്ചസാര -1 സ്പൂണ്‍
  5. ഉപ്പ് -1 നുള്ള്
  6. മഞ്ഞള്‍പ്പൊടി -1 നുള്ള്
  7. എണ്ണ -ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം

1.ഏത്തപ്പഴം ഒഴികെയുള്ള ചേരുവകള്‍ അല്പം വെള്ളം ചേര്‍ത്ത് കട്ടിയില്‍ കലക്കുക.
2.തൊലി കളഞ്ഞ ഏത്തപ്പഴം ഓരോന്നും നാലായി മുറിക്കുക.

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ഏത്തപ്പഴം മാവില്‍ മുക്കി എണ്ണയിലിട്ട്
പൊരിച്ചെടുക്കുക.മൂക്കുമ്പോള്‍ കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കുക.

കായ വറുത്തത്

കായ വറുത്തത്

ഏത്തപ്പഴം -1 കിലോ
എണ്ണ,ഉപ്പ് -ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി -1 നുള്ള്

ഏത്തപ്പഴം തൊലികളഞ്ഞ് നേര്‍മ്മയായി വട്ടത്തില്‍ അരിഞ്ഞു വെയ്ക്കുക.ചുവടുകട്ടിയുള്ള ഇരുമ്പു ചീനച്ചട്ടിയില്‍
വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഏത്തപ്പഴം അരിഞ്ഞത് ഇട്ട് മൂപ്പിക്കുക.ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിയ്ക്കണം.
മൂക്കുമ്പോള്‍ കുറച്ച് മഞ്ഞള്‍പ്പൊടി ചേര്‍ത്ത ഉപ്പുവെള്ളം അതിലേയ്ക്ക് തളിക്കുക.ശേഷം കോരിയെടുക്കുക.

ശര്‍ക്കര വരട്ടി

ശര്‍ക്കര വരട്ടി

  1. ഏത്തപ്പഴം -അര കിലോ
  2. ശര്‍ക്കര -കാല്‍ കിലോ
  3. അരി -2 സ്പൂണ്‍
  4. ചുക്ക് -1 കഷണം
  5. ജീരകം -അര സ്പൂണ്‍
  6. പഞ്ചസാര -1 സ്പൂണ്‍
  7. വെളിച്ചെണ്ണ -കാല്‍ കിലോ
പാകം ചെയ്യുന്ന വിധം

  1. ഏത്തപ്പഴം തൊലികളഞ്ഞ് നെടുകെ നാലായി മുറിച്ച് അല്പം കനത്തില്‍ കഷണങ്ങള്‍ ആക്കി എണ്ണയില്‍ വറുത്തെടുക്കുക.
  2. അരി വറുത്ത്‌ പൊടിച്ചെടുക്കുക.
  3. ചുക്കും ജീരകവും പൊടിച്ചെടുക്കുക.
ശര്‍ക്കര ഉരുക്കി പാനിയാക്കുക.മൂക്കുമ്പോള്‍ തീ കുറച്ച് വറുത്ത ഏത്തയ്ക്കാകഷണങ്ങള്‍ ഇട്ട് തുടരെ
തുടരെ ഇളക്കുക.പാനി കഷണങളില്‍ പിടിച്ചുതുടങ്ങുമ്പോള്‍ ചുക്കും ജീരകവും പൊടിച്ചത് ചേര്‍ക്കുക.വീണ്ടും തീ കൂട്ടി പാനി മുഴുവന്‍ കഷണങളില്‍ പിടിക്കുന്നതുവരെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കുക.പാനി മുഴുവന്‍ കഷണങളില്‍ പിടിച്ചു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി അരി വറുത്തുപൊടിച്ചതും പഞ്ചസ്സാരയും വിതറുക.

അച്ചപ്പം

അച്ചപ്പം

  1. പച്ചരിപ്പൊടി -1 കിലോ
  2. തേങ്ങ -1
  3. കോഴിമുട്ട -2 എണ്ണം
  4. പഞ്ചസാര -1 കപ്പ്
  5. എള്ള് -1 സ്പൂണ്‍
  6. എണ്ണ -അര കിലോ
  7. ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകി പാല്‍ പിഴിഞ്ഞെടുക്കുക.കുറുകിയ പാല്‍ മതി.കോഴിമുട്ട ഉടച്ച് പതപ്പിച്ചെടുക്കുക.അരിപ്പൊടിയില്‍ തേങ്ങാപ്പാലും മുട്ടയും പഞ്ചസാരയും എള്ളും ഉപ്പും ചേര്‍ത്ത് നൂല്‍പ്പരുവത്തില്‍ കലക്കുക.

തലേന്ന് തന്നെ എണ്ണയില്‍ മുക്കി വെച്ചിരിയ്ക്കുന്ന അച്ചപ്പത്തിന്റെ അച്ച് എണ്ണ ചൂടാക്കുമ്പോള്‍ അതില്‍ മുക്കിയശേഷം മുക്കാല്‍ ഭാഗത്തോളം മാവില്‍ മുക്കുക.ഉടന്‍ തന്നെ വീണ്ടും തിളച്ച എണ്ണയില്‍ മുക്കിപ്പിടിക്കുക.
ശേഷം ചെറുതായി തട്ടുമ്പോള്‍ അച്ചപ്പം എണ്ണയില്‍ ഇളകി വീഴും.ശേഷം അച്ചപ്പം മൂപ്പിച്ച് കോരുക.