Friday, January 22, 2010

സ്പൈസി ബിസ്ക്കറ്റ്

സ്പൈസി ബിസ്ക്കറ്റ്

ചേരുവകള്‍

  1. വെണ്ണ -250 ഗ്രാം
  2. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
  3. മുട്ട -20 എണ്ണം
  4. മൈദ -500 ഗ്രാം
  5. ഉപ്പ് -പാകത്തിന്
  6. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -100 ഗ്രാം
  7. കറുവപ്പട്ട ഒരിഞ്ച് നീളത്തില്‍ -2 കഷണം
  8. ഗ്രാമ്പു -9
  9. ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
  10. ചെറു നാരങ്ങാ തൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വെണ്ണയും പഞ്ചസാരയും മുട്ടയും ഒന്നിച്ച് ചേര്‍ത്തുവെയ്ക്കുക.ഇതില്‍ 4 മുതല്‍ 10 വരെയുള്ള ചേരുവകള്‍
എല്ലാംകൂടി കുഴച്ചെടുക്കുക.ഇത് ബിസ് റ്റിന്റെ ആകൃതിയില്‍ പരത്തി 300 ഡിഗ്രി F ബേക്ക് ചെയ്തെടുക്കുക.ബിസ്ക്കറ്റിന് കരുകരുപ്പില്ലെങ്കില്‍ ഇളക്കിയെടുത്ത് ചെറുചൂടില്‍ ഒന്നുകൂടി ബേക്ക് ചെയ്യുക.

ലെമണ്‍ ബിസ്ക്കറ്റ്

ലെണ്‍ ബിസ്ക്കറ്റ്

ചേരുവകള്‍

  1. വെണ്ണ -കാല്‍ കിലോ
  2. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
  3. മുട്ടയുടെ ഉണ്ണി -2 എണ്ണം
  4. മൈദ -അര കിലോ
  5. ഉപ്പ് -പാകത്തിന്
  6. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -100 ഗ്രാം
  7. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  8. ചെറുനാരങ്ങാനീര് -ഒരു ടീസ്പൂണ്‍
  9. ചെറുനാരങ്ങാതൊലി ചുരണ്ടിയത് =അര ടീസ്പൂണ്‍
  10. പഞ്ചസാര -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വെണ്ണയും പഞ്ചസാരയും ഒരുമിച്ച് യോജിപ്പിച്ചശേഷം അതില്‍ മുട്ടയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
മൈദയില്‍ ഉപ്പും അരിഞ്ഞുവെച്ചിരിയ്ക്കുന്ന പറങ്കിയണ്ടിയും,വാനില എസ്സെന്‍സ്സും,ചെറുനാരങ്ങാനീരും,ചെറു
നാരങ്ങാതൊലി ചുരണ്ടിയതും ചേര്‍ത്ത് കുഴച്ചെടുക്കുക.ഇത് ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള രൂപത്തില്‍ പരത്തി
300 ഡിഗ്രി F ചൂടുള്ള ഇലക്ട്രിക്‌ അടുപ്പില്‍ വെച്ച് ബേക്ക് ചെയ്തെടുക്കുക.പഞ്ചസാരയും ചെറു നാരങ്ങാ തൊലി ചുരണ്ടിയതും കുഴച്ച് വെന്തുവരുന്ന ബിസ്ക്കറ്റിന്റെ മുകളില്‍ വിതറുക.ബിസ്ക്കറ്റ് കരുകരുപ്പായി
ഇരിയ്ക്കുന്നതിനുവേണ്ടി ഒന്നുകൂടി ബേക്ക് ചെയ്ത് എടുക്കുക.

കൊക്കോ ബിസ്ക്കറ്റ്

കൊക്കോ ബിസ്ക്കറ്റ്

ചേരുവകള്‍

  1. വെണ്ണ -250 ഗ്രാം
  2. പഞ്ചസാര അല്പം പൊടിച്ചത് -200 ഗ്രാം
  3. മുട്ട -2 എണ്ണം
  4. കൊക്കോ -6 ടീസ്പൂണ്‍
  5. വെള്ളം -6 ടീസ്പൂണ്‍
  6. മൈദ -അര കിലോ
  7. ഉപ്പ് -അര ടീസ്പൂണ്‍
  8. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  9. ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
  10. ചെറു നാരങ്ങാ തൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം

കൊക്കോ വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് കുറുക്കുക.മൈദയും ഉപ്പും ഒന്നിച്ച് അരിച്ചെടുക്കുക. വെണ്ണയും പഞ്ചസാരയും ഒന്നിച്ച് ചേര്‍ത്ത് മാര്‍ദ്ധവപ്പെടുത്തിയശേഷം അതില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക.അതിന്റെ കൂടെ കുറുക്കിയ കൊക്കോയും ചേര്‍ത്ത് മയപ്പെടുത്തുക.ഇതില്‍ മൈദയും ചേര്‍ത്തു വെയ്ക്കുക.ഈ കൂട്ടില്‍ വാനില എസ്സെന്‍സ്സും ചെറുനാരങ്ങാനീരും ചെറുനാരങ്ങാതൊലി ചുരണ്ടിയതും ചേര്‍ത്ത്‌ കുഴച്ചശേഷം ഐസിംഗ് നോസില്‍ പോലുള്ള വലിയ നോസിലില്‍ കുറേശ്ശെ വെച്ച് ഉണ്ടാക്കിയെടുക്കുക.
300 ഡിഗ്രി F ചൂടാക്കിയ ഇലക്ട്രിക്‌ അടുപ്പില്‍ വെച്ച് 20 മിനിട്ട് ബേക്ക് ചെയ്യുക.ബിസ്ക്കറ്റിന് കരുകരുപ്പില്ലെങ്കില്‍ ഇളക്കിയെടുത്ത് ഒന്നുകൂടി ചെറുചൂടില്‍ 10 മിനിട്ട് ബേക്ക് ചെയ്യുക.

ചോക്കലേറ്റ് ബിസ്ക്കറ്റ്

ചോക്കലേറ്റ് ബിസ്ക്കറ്റ്

ചേരുവകള്‍

  1. വെണ്ണ -100 ഗ്രാം
  2. പാല്‍പൊടി -100 ഗ്രാം
  3. കൊക്കോ -4 ടേബിള്‍ സ്പൂണ്‍
  4. മുന്തിരിങ്ങ -100 ഗ്രാം
  5. ചെറീസ് -50 ഗ്രാം
  6. അണ്ടിപരിപ്പ് -50 ഗ്രാം
  7. വാനില എസ്സന്‍സ് -1 ടേബിള്‍ സ്പൂണ്‍
  8. പഞ്ചസാര -75 ഗ്രാം
പാകം ചെയ്യുന്ന വിധം

ചെറുചൂടില്‍ വെണ്ണ ഉരുക്കി എടുക്കണം.കൊക്കോ,പഞ്ചസാര,പാല്‍പ്പൊടി ഇവ യോജിപ്പിച്ച് അരിപ്പയില്‍ തെള്ളിയെടുക്കുക.ഇത് ഒരു കുഴിഞ്ഞ പാത്രത്തിലിട്ട് ചെറുതായി നുറുക്കിയ മുന്തിരിങ്ങയും അണ്ടിപരിപ്പും ഉരുക്കിയ വെണ്ണയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം.ഒടുവില്‍ എസ്സന്‍സ് ഒഴിച്ചിളക്കണം.നെയ്യ് പുരട്ടിയ ഒരു തട്ടത്തില്‍ കൂട്ടു നിരത്തി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് സെറ്റാകുമ്പോള്‍ ചതുരകഷണങ്ങളാക്കി
മുറിച്ചെടുക്കുക.

ഡയമണ്ട് ബിസ്ക്കറ്റ്

ഡയമണ്ട് ബിസ്ക്കറ്റ്

ഡാല്‍ഡ -ഒരു കപ്പ്
പഞ്ചസാര -മുക്കാല്‍ കപ്പ്
പാല് -മുക്കാല്‍ കപ്പ്
മൈദ -ഒന്നര കപ്പ്

പാകം ചെയ്യുന്ന വിധം

ഡാല്‍ഡയും പഞ്ചസാരയും പാലും ഒരു പരന്ന പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക.ഇവയെല്ലാം
യോജിച്ച് നല്ല മയത്തിലാകുമ്പോള്‍ അതില്‍ കുറേശ്ശേയായി മൈദ ചേര്‍ത്ത് കുഴച്ചെടുക്കണം.കൂടുതല്‍ അയഞ്ഞുപോകാതെ നല്ല കട്ടിക്ക് കുഴച്ചെടുക്കണം.ഇത് കാലിഞ്ച് കട്ടിക്ക് പരത്തി ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുത്തശേഷം ഒരു പേപ്പറില്‍ 5-10 മിനിട്ട് നിരത്തിയിടണം.അതിനുശേഷം ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കണം.

കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്

കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്

ചേരുവകള്‍

  1. മൈദ -250 ഗ്രാം
  2. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
  3. ഉപ്പ് -2 നുള്ള്
  4. തിരുമ്മിയ തേങ്ങ -അര കപ്പ്
  5. ഉറച്ച വനസ്പതി -100 ഗ്രാം
  6. പൊടിച്ച പഞ്ചസാര - 75 ഗ്രാം
  7. മുട്ട -1
  8. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  9. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
  10. ചെറുനാരങ്ങാതൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
  11. കോണ്‍ ഫ്‌ളേക്‌സ് -1 കപ്പ്
  12. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകളും തേങ്ങയും കൂടി ചേര്‍ത്ത് കട്ട പിടിയ്ക്കാതെ കുഴച്ചെടുക്കുക.വനസ്പതി മയപ്പെടുത്തി പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് പതഞ്ഞുവരുമ്പോള്‍ മുട്ടയുടെ ഉണ്ണിയും എസ്സെന്‍സ്സും ഏലക്കാപ്പൊടിയും ചെറുനാരങ്ങാതൊലി ചുരണ്ടിയതും മാവും കൂടി ചേര്‍ത്ത് കുഴച്ചെടുക്കണം.ഇത് ചെറിയ ഉരുളകളാക്കി ബിസ്ക്കറ്റിന്റെ രൂപത്തില്‍ പരത്തിയശേഷം 300 ഡിഗ്രി F -ല്‍ ബേക്ക് ചെയ്തെടുക്കുക.കരുകരുപ്പാകാന്‍ ഇളക്കിയശേഷം ഒന്നുകൂടി ചെറുചൂടില്‍ ബേക്ക് ചെയ്തെടുക്കുക.

Thursday, January 21, 2010

മസാല ബിസ്ക്കറ്റ്

മസാല ബിസ്ക്കറ്റ്

ചേരുവകള്‍

1. മൈദ -500 ഗ്രാം
വറ്റിച്ച ഉപ്പ് -1 ടീസ്പൂണ്‍
പട്ട,ഗ്രാമ്പു,ഏലക്ക,ജാതിയ്ക്ക
ഇവ പൊടിച്ചത് -അര ടീസ്പൂണ്‍
സോഡാ ഉപ്പ് -കാല്‍ ടീസ്പൂണ്‍
ബേക്കിങ്ങ് പൌഡര്‍ -കാല്‍ ടീസ്പൂണ്‍
2.കട്ടിയായ നെയ്യ് -100 ഗ്രാം
ഡാല്‍ഡ അല്ലെങ്കില്‍ മാര്‍ജറീന്‍ -100 ഗ്രാം
3. പഞ്ചസാര -3 ടീസ്പൂണ്‍
4. ജിലേബി കളര്‍ -1 നുള്ള്
5. നാടന്‍ കോഴിമുട്ട -2 എണ്ണം
6. തീരെ ചെറുതായി അരിഞ്ഞ പറങ്കിയണ്ടി -6 ടീസ്പൂണ്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത് -6 ടീസ്പൂണ്‍
കൊത്തിയരിഞ്ഞ ഇഞ്ചി -3 ടീസ്പൂണ്‍
മല്ലിയിലയും പുതിനയിലയും പൊടിയായി
അരിഞ്ഞത് -കുറച്ച്
കുരുമുളക് പൊടിച്ചത് -1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ തെള്ളിയെടുക്കുക.കട്ടിയായ നെയ്യും ഡാല്‍ഡയും കൂടെ മയപ്പെടുത്തി
പഞ്ചസാരയും അല്പം ജിലേബി കളറും മുട്ടയും ചേര്‍ത്ത് മയപ്പെടുത്തിയശേഷം അതില്‍ തെള്ളിയ മാവ് കുറേശ്ശെ ചേര്‍ത്ത് കട്ടകെട്ടാതെ യോജിപ്പിക്കുക.ആറാമത്തെ ചേരുവകള്‍ എല്ലാം ഇതില്‍ യോജിപ്പിച്ച് മാവ് കുറേശ്ശെ എടുത്ത് പരത്തി പല രൂപത്തില്‍ മുറിച്ചെടുത്ത് ബേക്ക് ചെയ്യുക.

ഫ്ലവര്‍ ബിസക്കറ്റ്

ഫ്ലവര്‍ ബിക്കറ്റ്

  1. വെണ്ണ -കാല്‍ കിലോ
  2. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
  3. മുട്ടയുടെ ഉണ്ണി -2
  4. മൈദ - അര കിലോ
  5. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
  6. ഉപ്പ് -1 നുള്ള്
  7. ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
  8. ചെറുനാരങ്ങാത്തൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം

മൈദ,ഏലക്കാപൊടിച്ചത്,ഉപ്പ് എന്നിവ കൂട്ടിയിളക്കി 2 പ്രാവശ്യം തെള്ളുക.വെണ്ണയും പഞ്ചസാരയും ഒന്നിച്ചു മാര്‍ദ്ധവപ്പെടുത്തി ഇതില്‍ ചേര്‍ക്കുക.മുട്ടയുടെ ഉണ്ണി പതച്ച് ഇതില്‍ ഒഴിക്കുക.ചെറു നാരങ്ങാനീരും ചെറുനാരങ്ങാതൊലി ചുരണ്ടിയതും ചേര്‍ത്ത് അധികം ബലം പ്രയോഗിക്കാതെ കുഴച്ചെടുത്ത്
ഒരു തട്ടത്തില്‍ നെയ്യ് പുരട്ടി മാവ് നിരപ്പായി തൂകി അധികമുള്ള പൊടി തട്ടിക്കളയുക.

കുഴച്ച മാവ് ഉരുളകളാക്കി നക്ഷത്രത്തിന്റെ രൂപത്തിലുള്ള വലിയ കേക്ക് -ഐസിംഗ് ട്യൂബിലാക്കി
നാണയങ്ങളേക്കാള്‍ അല്പം വലിപ്പത്തില്‍ മുറുക്കു ചുറ്റുന്നതുപോലെ ഒറ്റ വട്ടമായി ചുറ്റി തയ്യാറാക്കിയ തട്ടത്തില്‍
വെയ്ക്കുക.ഇത് നേരത്തെ 300 ഡിഗ്രി F ചൂടാക്കി ഇട്ടിരിയ്ക്കുന്ന അടുപ്പില്‍ 20 മിനിട്ട് ബേക്ക് ചെയ്യുക.
കരുകരുപ്പ് കിട്ടാന്‍ ബിസ്ക്കറ്റ് ഇളക്കി ഒന്നുകൂടി ചെറുചൂടില്‍ 10 മിനിട്ട് ബേക്ക് ചെയ്യുക.ഇങ്ങനെ തയ്യാറാക്കിയ
ബിസ്ക്കറ്റിനെ അതിന്റെ കരുകരുപ്പ് നഷ്ടപ്പെടാതെ കുപ്പിയിലാക്കി ഉപയോഗിക്കുക.

സ്പൈസി സോസ്

സ്പൈസി സോസ്

ചേരുവകള്‍


  1. നെയ്യ്/സസ്യഎണ്ണ -6 ടേബിള്‍ സ്പൂണ്‍
  2. സവാള വലുത് -2 എണ്ണം
  3. വെളുത്തുള്ളി ചതച്ചത് -4 ടീസ്പൂണ്‍
  4. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -4 ടീസ്പൂണ്‍
  5. മഞ്ഞള്‍ -1 ടീസ്പൂണ്‍
  6. ജീരകം -1 ടീസ്പൂണ്‍
  7. മല്ലി -1 ടീസ്പൂണ്‍
  8. ഗരം മസാല -ഒന്നര ടീസ്പൂണ്‍
  9. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  10. ഉലുവ -അര ടീസ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
  12. ടൊമാറ്റോ പ്യൂരി -5 ഔണ്‍സ്(140 ഗ്രാം)
പാചകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി സവാള,വെളുത്തുള്ളി,ഇഞ്ചി എന്നിവ ബ്രൌണ്‍ നിറമാകുന്നതുവരെ(15 മിനിട്ട് നേരം)
വഴറ്റുക.അതിനുശേഷം മഞ്ഞള്‍,ജീരകം,മല്ലി,ഉലുവ,ഉപ്പ് എന്നിവ ചേര്‍ക്കുക.നന്നായി ഇളക്കി 5 മിനിട്ട് വേവിക്കുക.പിന്നിട് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് 5 മിനിട്ട് വേവിക്കുക.ഇടയ്ക്ക് ഇളക്കികൊടുക്കുക.പിന്നിട് അടുപ്പില്‍ നിന്നു വാങ്ങി തണുക്കാന്‍ അനുവദിക്കുക.ഇതിനോടൊപ്പം ടൊമാറ്റോ പ്യൂരിയും 250 മി.വെള്ളവും ചേര്‍ത്തിരിയ്ക്കണം.

പ്രോഫിറ്റെറോള്‍സ്

പ്രോഫിറ്റെറോള്‍സ്

ഷൂ പേസ്ട്രിക്

  1. പാല്‍ -125 മില്ലി
  2. വെള്ളം -125 മില്ലി
  3. വെണ്ണ -100 ഗ്രാം
  4. മൈദ -150 ഗ്രാം
  5. മുട്ട -4 എണ്ണം
  6. ഉപ്പ് -1 നുള്ള്
ഫില്ലിംഗിന്

  1. തണുപ്പിച്ച ക്രീം -200 മില്ലി
  2. പൊടിച്ച പഞ്ചസാര -50 ഗ്രാം
രണ്ടും കൂടി നന്നായി അടിച്ചെടുക്കുക.

ചോക്കലേറ്റ്സോസിന്

  1. കൊക്കോ പൌഡര്‍ -൨ ടേബിള്‍ സ്പൂണ്‍
  2. ഐസിംഗ് ഷുഗര്‍ -6 ടേബിള്‍ സ്പൂണ്‍
  3. ഉപ്പ് ചേര്‍ക്കാത്ത വെണ്ണ -20 ഗ്രാം
  4. പാല്‍ -150 മില്ലി
  5. ക്രീം - 50 മില്ലി
പാചകം ചെയ്യുന്ന വിധം

വെള്ളം,പാല്‍,വെണ്ണ,ഉപ്പ് എന്നിവ ഒരുമിച്ചാക്കി തിളപ്പിക്കുക.അടുപ്പില്‍ നിന്നും വാങ്ങി മൈദ ചേര്‍ത്ത്
നന്നായി ഇളക്കുക.വീണ്ടും അടുപ്പില്‍ വെച്ച് മിശ്രിതം പാത്രത്തിന്റെ വശങ്ങളില്‍ നിന്നു വിട്ടുവരുന്നതുവരെ
ഇളക്കി വാങ്ങിവയ്ക്കുക.മുട്ട നന്നായി പതപ്പിച്ച് മാവിലേയ്ക്ക് ചേര്‍ക്കുക.

പരന്ന ഒരു പാത്രത്തില്‍ എണ്ണമയം പുരട്ടുക.ഒരു ടീസ്പൂണ്‍ മിശ്രിതമെടുത്ത്‌ഈ പാത്രത്തില്‍ ഒഴിക്കുക.
ഇടയില്‍ കുറച്ച് സ്ഥലംവിട്ട് ഇതേ രീതിയില്‍ മാവ് ഒഴിക്കുക.ചൂടാക്കിയ ഓവനില്‍ 180 ഡിഗ്രി സെന്റീഗ്രേഡില്‍
പേസ്ട്രി നന്നായി പൊങ്ങി മുകള്‍ വശം ബ്രൌണ്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക.ഇവ പുറത്തേയ്ക്ക് എടുത്തുവെച്ചു തണുക്കാന്‍ അനുവദിക്കുക.ഓരോന്നും നെടുകെ പിളര്‍ന്ന് നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന
ക്രീമോ ഐസ്ക്രീമോ ഉള്ളില്‍ വെയ്ക്കുക.

ചോക്ക്ലേറ്റ്‌ സോസ്

വെണ്ണയും 2 ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് ഉരുക്കുക.കൊക്കോ പൌഡര്‍,ഐസിംഗ് ഷുഗര്‍ ഇവ ചേര്‍ത്ത് വെയ്ക്കുക.ഇത് കുറേശ്ശേയായി ഉരുക്കിയ വെണ്ണയിലേയ്ക്ക് ചേര്‍ക്കുക.ഒടുവില്‍ പാലുമൊഴിച്ചു കട്ടിയാകുന്നതുവരെ തിളപ്പിക്കുക.അടുപ്പില്‍ നിന്ന് വാങ്ങി 50 മില്ലി ക്രീമും ചേര്‍ത്ത് നന്നായി ഇളക്കുക.

ഡേറ്റ് സോസ്

ഡേറ്റ് സോസ്

  1. ഈന്തപ്പഴം -1 കിലോ
  2. നാരങ്ങാനീര് (4 നാരങ്ങ) -8 ടേബിള്‍ സ്പൂണ്‍
  3. ഉപ്പ് -2 ടീസ്പൂണ്‍
  4. ജീരകം -4 ടീസ്പൂണ്‍
  5. പഞ്ചസാര -4 ടേബിള്‍ സ്പൂണ്‍
  6. മുളകുപൊടി -2 ടീസ്പൂണ്‍
  7. വെള്ളം -750 മില്ലി .
പാകം ചെയ്യുന്ന വിധം

1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വെള്ളമൊഴിച്ച് തീ കുറച്ചു വെച്ച് 10 മിനിട്ട് സമയം തിളപ്പിക്കുക.
പിന്നിട് തണുക്കാന്‍ അനുവദിക്കുക.തണുത്തശേഷം പിഴിഞ്ഞ് അരിച്ചെടുക്കുക.അല്പം മുളകുപൊടി കൂടി ആവശ്യമെങ്കില്‍ ചേര്‍ത്താല്‍ ഡേറ്റ് സോസ് തയ്യാര്‍.

കോക്കനട്ട് സോസ്

കോക്കനട്ട് സോസ്

1.തേങ്ങ തിരുമ്മിയതില്‍ നിന്നും
എടുത്ത തേങ്ങാപാല്‍ - 2 കപ്പ്
2.പഞ്ചസാര -3 ടീസ്പൂണ്‍
3. വെണ്ണ -1 ടീസ്പൂണ്‍
4. മൈദ - 2 ടീസ്പൂണ്‍
5. പാല്‍ - അര കപ്പ്
6.വാനില എസ്സന്‍സ് - 1 തുള്ളി

പാകം ചെയ്യുന്ന വിധം

തേങ്ങാപ്പാലില്‍ പഞ്ചസാര കലക്കുക.മൈദ വെണ്ണ ചേര്‍ത്ത് ചുവടുകട്ടിയുള്ള ഒരു പാത്രത്തിലിട്ട് ചെറുതീയില്‍ മൊരിക്കണം.ഇതില്‍ പാല്‍ കുറേശ്ശെ ഒഴിച്ച് കട്ടകെട്ടാതെ കലക്കി അരിക്കുക.ഇതില്‍ തേങ്ങാപാല്‍ ഒഴിച്ച് കുറുക്കി എസ്സെന്‍സ്സും ചേര്‍ത്ത് കോക്കനട്ട് പിഡിംഗിന്റെ കൂടെ ഉപയോഗിക്കാം.

ബേക്ക് ഡ് കസ്റ്റ്ര്‍ഡ് വിത്ത്‌ സോര്‍ സോസ്

ബേക്ക് ഡ് സ്റ്റ്ര്‍ഡ് വിത്ത്‌ സോര്‍ സോസ്

ചേരുവകള്‍

  1. കോഴിമുട്ട -3
  2. പാല്‍ -2 കപ്പ്
  3. പഞ്ചസാര -15 ടീസ്പൂണ്‍
  4. വെണ്ണ -3 ടീസ്പൂണ്‍
  5. മൈദ -6 ടീസ്പൂണ്‍
  6. തിരുമ്മിയ തേങ്ങ -അര കപ്പ്
  7. റൊട്ടിയുടെ വെളുത്ത ഭാഗം
വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം
പിഴിഞ്ഞ് ഉതിര്‍ത്ത് എടുത്തത്‌ -കാല്‍ കപ്പ്
8. ഓറഞ്ചിന്റെ തൊലി അരച്ചത്‌ -അരയ്ക്കാല്‍ ടീസ്പൂണ്‍
9. ചെറുനാരങ്ങാതൊലി അരച്ചത്‌ -കാല്‍ ടീസ്പൂണ്‍
10. വെണ്ണ -3 ടീസ്പൂണ്‍
11. മൈദ -6 ടീസ്പൂണ്‍
12. വെള്ളം -അര കപ്പ്
13. ചെറുനാരങ്ങാനീര് -6 ടീസ്പൂണ്‍
14. പഞ്ചസാര -6 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴിമുട്ട പതച്ചശേഷം പാലും പഞ്ചസാരയും ഒഴിച്ചു കലക്കുക.വെണ്ണയില്‍ മൈദ ചേര്‍ത്ത് ചുവപ്പ് നിറമാകാതെ മൊരിക്കുക.ഈ മാവ് മുട്ടക്കൂട്ടില്‍ കലക്കി കട്ടയില്ലാതെ അരിച്ചെടുത്ത് അതില്‍ തേങ്ങ ചേര്‍ക്കുക.
അതിനുശേഷം വെള്ളത്തില്‍ കുതിര്‍ത്ത റൊട്ടിയും ഓറഞ്ചിന്റെ തൊലി ചുരണ്ടിയതും ചെറുനാരങ്ങാ തൊലിയും ചേര്‍ത്തു കലക്കി ഒരു റിങ്ങ് മോള്‍ഡിലാക്കി ബേക്കു ചെയ്യുക. തണുക്കുമ്പോള്‍ കുടഞ്ഞിടുക.

ഒരു ടീസ്പൂണ്‍ വെണ്ണയില്‍ മൈദ ചേര്‍ത്ത് ചുവപ്പുനിറം മാറാതെ വഴറ്റുക.ഇതില്‍ വെള്ളം ഒഴിച്ച് കലക്കിയിട്ട് ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് കുറുക്കുക.ചൂട് ആറുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പുഡിംഗിന്റെ കൂടെ ഉപയോഗിക്കാം.


ടൊമാറ്റോ സോസ്

ടൊമാറ്റോ സോസ്

  1. പഴുത്ത തക്കാളി -3 കിലോ
  2. വിനാഗിരി -1 കപ്പ്
  3. പുളിസത്ത് -2 ടീസ്പൂണ്‍
  4. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -3 ടീസ്പൂണ്‍
  5. വെളുത്തുള്ളി കൊത്തിയരിഞ്ഞത്‌ -3 ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
  7. പഞ്ചസാര -3 ടീസ്പൂണ്‍
  8. പച്ചക്കറി അല്ലെങ്കില്‍ മുളക് -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പഴുത്ത തക്കാളി നന്നായി കഴുകി തുടച്ചെടുക്കുക.ഒരു കപ്പ് വിനാഗിരിയും പുളിയുമൊഴിച്ച് തക്കാളിയിട്ട്
ഈ മിശ്രിതം തിളപ്പിക്കുക.തക്കാളിച്ചാറ് കുറുകിക്കഴിയുമ്പോള്‍ 4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.
ഈ മിശ്രിതം തിളപ്പിക്കുക.തീ കുറച്ച് ഇളക്കിക്കൊണ്ടിരിയ്ക്കണം.മിശ്രിതം നന്നായി കുറുകുന്നതുവരെ ഇളക്കി
കൊടുക്കുക.കുറുകിയാല്‍ അടുപ്പില്‍ നിന്ന് വാങ്ങി തണുക്കാന്‍ അനുവദിക്കുക.

കടുക് സോസ്

കടുക് സോസ്

ചേരുവകള്‍

1. കടുകുപരിപ്പ് -1 ടീസ്പൂണ്‍
വെളുത്തുള്ളിയല്ലി -6
ഇഞ്ചി -ഒരു ചെറിയ കഷണം
ചുവന്ന മുളകിന്റെ തൊലി
ഒരിഞ്ച് നീളത്തില്‍ -4 എണ്ണം
കിസ്മിസ് -12
2.വിനാഗിരി -കാല്‍ കപ്പ്
3. ഉപ്പ് -അര ടീസ്പൂണ്‍

പാകം ചെയുന്ന വിധം

ഒന്നാമത്തെ ചേരുവകളോടൊപ്പം വിനാഗിരിയും ഉപ്പും ചേര്‍ത്ത് മയത്തില്‍ അടുപ്പില്‍ വെച്ച് ഇളക്കുക.
തണുപ്പിച്ചതിനുശേഷം കുപ്പിയിലാക്കുക.ഇത് കട് ലറ്റ്,ഇറച്ചിറോസ്റ്റ് എന്നിവയുടെ കൂടെ ഉപയോഗിക്കാം.

വാനില സോസ്

വാനില സോസ്

പാല്‍ -അര ലിറ്റര്‍
ക്രീം -200 മില്ലി
മുട്ടയുടെ ഉണ്ണി -5
പഞ്ചസാര -150 മില്ലി
വാനില എസ്സന്‍സ് -1-2 തുള്ളി

പാല്‍ തിളപ്പിക്കുക.മുട്ടയുടെ ഉണ്ണിയും പഞ്ചസാരയും ചേര്‍ത്ത് അടിക്കുക.തിളച്ച പാല്‍ മുട്ടയുടെ മിശ്രിതത്തില്‍ ഒഴിക്കുക.ഒരു ഡബിള്‍ ബോയിലറില്‍ വെച്ച് ചൂടാക്കി മിശ്രിതം മരത്തവിയില്‍ ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോള്‍
വാങ്ങിവയ്ക്കുക.ഇതില്‍ ക്രീമും എസ്സെന്‍സ്സും ചേര്‍ത്ത് പുഡിംഗിന് മുകളില്‍ ഒഴിച്ച് ഉപയോഗിക്കുക.

ഗ്രീന്‍ ചില്ലി സോസ്

ഗ്രീന്‍ ചില്ലി സോസ്

1.പച്ചമുളക് വട്ടത്തിലരിഞ്ഞത് -3 ടീസ്പൂണ്‍
വെള്ളം -അര കപ്പ്
ഉപ്പ് -പാകത്തിന്
2.സോയാബീന്‍ സോസ് -3 ടീസ്പൂണ്‍
വിനാഗിരി -3 ടീസ്പൂണ്‍

വെള്ളം ഉപ്പ് ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ അതില്‍ പച്ചമുളകിടുക.നല്ലപോലെ തിളച്ചതിനുശേഷം രണ്ടാമത്തെ
ചേരുവകള്‍ ചേര്‍ക്കുക.ഇത് പാചകം ചെയ്ത മറ്റ് വിഭവങ്ങളുടെ കൂടെ ഉപയോഗിക്കാം.

റെഡ് ചില്ലി സോസ്

റെഡ് ചില്ലി സോസ്

ഉണക്കമുളക് -4
വെളുത്തുള്ളിയല്ലി -9
ഇഞ്ചി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍
നല്ല ചുവപ്പുനിറമുള്ള ടൊമാറ്റോ
സോസ് -അര കപ്പ്
വിനാഗിരി - 2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

ഉണക്കമുളക് ചുട്ടോ വറുത്തോ അതിന്റെ കുരുകളയുക.വെളുത്തുള്ളിയും എണ്ണയില്‍ വറുത്തുകോരുക.ഇവ ഇഞ്ചി ചേര്‍ത്ത് വളരെ മയത്തില്‍ അരച്ചെടുക്കുക.ഇത് ടൊമാറ്റോ സോസില്‍ കലക്കി വിനാഗിരിയും ഉപ്പും
ചേര്‍ത്തിളക്കുക.

പൈനാപ്പിള്‍ സോസ്

പൈനാപ്പിള്‍ സോസ്

  1. വാസന ദ്രവ്യം ചേര്‍ക്കാത്ത പൈനാപ്പിള്‍ ജാം - ഒരു കപ്പ്
  2. പഞ്ചസാര -ഒരു ടീസ്പൂണ്‍
  3. വെള്ളം -അര കപ്പ്
  4. കൊച്ചിനില്‍ കളര്‍ -ഒരു തുള്ളി
  5. ചെറുനാരങ്ങാനീര് -ഒരു ടീസ്പൂണ്‍
പൈനാപ്പിള്‍ ജാമില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നന്നായി കലക്കി അടുപ്പില്‍ വെച്ച് ചൂടാക്കുക.ഇതില്‍
കളറും ചെറുനാരങ്ങാനീരും ചേര്‍ത്ത് സോസ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.പുഡിംഗ്,പാന്‍കേക്ക് ഇവയുടെ കൂടെ ഉപയോഗിക്കാന്‍ നല്ലതാണ്.

(കൊച്ചിനില്‍ കളര്‍ ഉപയോഗിക്കുന്നത് സോസിന് ഇളം റോസ് കളര്‍ കിട്ടുന്നതിന് വേണ്ടിയാണ്.ജാമിന് മഞ്ഞനിറം ഇല്ലെങ്കില്‍ വേറെ കളര്‍ ചേര്‍ക്കണം.)

ഉള്ളി സലാഡ്

ഉള്ളി സലാഡ്

ചേരുവകള്‍

1.വലിയ സവാള വട്ടത്തില്‍ അരിഞ്ഞെടുത്തത് -1 കപ്പ്
2.വെള്ളരിയ്ക്ക കനം കുറച്ച് മൂന്നിഞ്ച്
നീളത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
3. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -2 ടീസ്പൂണ്‍
4. വെള്ളം -അര കപ്പ്
5. ഉപ്പ് -പാകത്തിന്
6. തേങ്ങാപ്പാല്‍ കുറുകിയത് -അര കപ്പ്
7. വിനാഗിരി - 1 ടീസ്പൂണ്‍
8. കുരുമുളകുപൊടി തരുതരുപ്പായിട്ടുള്ളത് -അര ടീസ്പൂണ്‍
9. പഴുത്ത തക്കാളിയുടെ ദശ അരിഞ്ഞത് -കാല്‍ കപ്പ്
10. കറിവേപ്പില -കുറച്ച്

പാചകം ചെയ്യുന്ന വിധം

ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ സവാളയിട്ട് കുതിര്‍ത്ത് അമര്‍ത്തി പിഴിഞ്ഞ് ഉതിര്‍ത്ത് എടുക്കുക.തക്കാളിയും
കറിവേപ്പിലയും ഒഴിച്ചുള്ള ചേരുവകള്‍ ചേര്‍ത്ത് ഇളക്കി വെച്ചശേഷം ഒരു പരന്ന പാത്രത്തിലാക്കി വിളമ്പുന്ന സമയം തക്കാളിയും കറിവേപ്പിലയും മുകളില്‍ നിരത്തുക.ഇത് കട് ലറ്റിന്റെ കൂടെ ഉപയോഗിക്കാം.

മുട്ട വെജിറ്റബിള്‍ സലാഡ്

മുട്ട വെജിറ്റബിള്‍ സലാഡ്

ചേരുവകള്‍

  1. പുഴുങ്ങിയ മുട്ടയുടെ വെള്ള -6 എണ്ണം
  2. കാപ്സിക്കം -1
  3. തക്കാളി -2
  4. കാരറ്റ് -1
  5. ലെത്തീസ് ഇല -4
  6. സവാള -1
  7. മയോണി സോസ് -4 ടേബിള്‍ സ്പൂണ്‍
  8. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  9. ഫ്രഷ്‌ ക്രീം -അര കപ്പ്
  10. നാരങ്ങാനീര് -2 ടീസ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മുട്ടയുടെ വെള്ള ഒരിഞ്ചു നീളത്തില്‍ അരിയുക.കാപ്സിക്കം കുരു കളഞ്ഞ് ഒരിഞ്ച് നീളത്തില്‍ ആക്കുക.തക്കാളി കുരു കളഞ്ഞ് ഒരിഞ്ച് നീളത്തിലാക്കുക.ലത്തീസ് ഇല ചെറുതായി അരിയുക.കാരറ്റ് ഒരിഞ്ച് നീളത്തില്‍ കനം കുരച്ചരിയുക.സവാള കനം കുരച്ചരിയുക.പച്ചക്കറികളും മുട്ടയുടെ വെള്ളയും കൂട്ടി യോജിപ്പിക്കുക.സവാള ലത്തീസ് ഇല ഇവ ഇട്ടിളക്കുക.ഒടുവില്‍ ക്രീം,നാരങ്ങാനീര്,കുരുമുളകുപൊടി,ഉപ്പ്,മയോണി സോസ് ഇവ ചേര്‍ത്തിളക്കുക.

മയോണി സോസ്

2 മുട്ടയുടെ മഞ്ഞ ഉപ്പ് ചേര്‍ത്ത് അടിക്കുക.അതില്‍ അര കപ്പ് എണ്ണ തുള്ളിത്തുള്ളിയായി ഒഴിച്ച് അടിക്കുക.
എണ്ണ തീരുമ്പോള്‍ കുരുമുളകുപൊടി ഒരു ടീസ്പൂണ്‍ പഞ്ചസാര ഇവ ചേര്‍ത്ത് അടിക്കുക.

ചില്ലി സോസ്

ചില്ലി സോസ്

  1. ഉണക്കമുളക് -12
  2. ചുവന്നുള്ളിയല്ലി -12
  3. വാളന്‍പുളി -ഒരു ചെറിയ കഷണം
  4. ഉപ്പ് -പാകത്തിന്
  5. പഞ്ചസാര -ഒരു നുള്ള്
കടലയെണ്ണയില്‍ മുളക് വറുത്തുകോരുക.അതിന്റെ കൂടെ ബാക്കി ചേരുവകളും കൂടി ചേര്‍ത്ത് അരച്ചെടുക്കുക.
ഇതില്‍ അര കപ്പ് ടോമാറ്റൊസോസുകൂടി ചേര്‍ത്ത് കലക്കി ഉപയോഗിക്കുക.(സകല സ്വാദും ക്രമീകരിക്കാന്‍ വേണ്ടിയാണ് പഞ്ചസാര ഉപയോഗിക്കുന്നത്.)

ബീറ്റ്റൂട്ട് സലാഡ്

ബീറ്റ്റൂട്ട് സലാഡ്

  1. ബീറ്റ്റൂട്ട് -250 ഗ്രാം
  2. വിനാഗിരി -൨ ടേബിള്‍ സ്പൂണ്‍
  3. പച്ചമുളക് -4
  4. സവാള -1
  5. ഉപ്പ് -പാകത്തിന്
ബീറ്റ്റൂട്ട് ആവിയില്‍ വെച്ച് പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞ് വട്ടത്തില്‍ കനം കുറച്ചു മുറിക്കുക.സവാള
കൊത്തിയരിഞ്ഞെടുക്കുക.പച്ചമുളകും സവാളയും വിനാഗിരിയും ഉപ്പും ബീറ്റ്റൂട്ടില്‍ ചേര്‍ത്തിളക്കുക.

ഫിഷ്‌ സൂപ്പ്

ഫിഷ്‌ സൂപ്പ്

ചേരുവകള്‍

  1. മുള്ളില്ലാത്ത മീന്‍ ചെറുതായി നുറുക്കിയത്‌ -1 കപ്പ്
  2. കൊഞ്ച് ചെറുതായി അരിഞ്ഞത് -1 കപ്പ്
  3. കണവ ചെറുതായി അരിഞ്ഞത് - 1 കപ്പ്
  4. വൈറ്റ്സോസ് -കുറച്ച്
  5. ചെറുതായി അരിഞ്ഞ സെലറി -1 തണ്ട്
  6. വെണ്ണ -2 ടേബിള്‍ സ്പൂണ്‍
  7. പഞ്ചസാര -അര ടീസ്പൂണ്‍
  8. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. ബട്ടര്‍ -75 ഗ്രാം
  11. മൈദ -75 ഗ്രാം
  12. പാല്‍ -കുറച്ച്

പാകം ചെയ്യുന്ന വിധം

വൈറ്റ്സോസ് ബട്ടര്‍ ഇട്ട് ചൂടാകുമ്പോള്‍ മൈദയിട്ട് വറുക്കുക.പാല്‍ കുറേശ്ശെ ഒഴിച്ച് ഇളക്കുക.കുറുകുമ്പോള്‍ വാങ്ങുക.മീന്‍ കഷണങ്ങള്‍ മൂന്നും കൂടി 4 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.ഒരു പാത്രത്തില്‍ അല്പം വെണ്ണയിട്ട് സെലറി വഴറ്റി മീനില്‍ ചേര്‍ക്കുക.പഞ്ചസാര,കുരുമുളകുപൊടി,ഉപ്പ് ഇവ ചേര്‍ക്കുക.വൈറ്റ്സോസ് കുറേശ്ശെ ചേര്‍ത്ത് ഇളക്കി വാങ്ങുക.ചൂടോടെ ഉപയോഗിക്കുക.

വാഴപ്പിണ്ടി സൂപ്പ്

വാഴപ്പിണ്ടി സൂപ്പ്

ചേരുവകള്‍

1.തുവരപരിപ്പ്‌ -കാല്‍ കപ്പ്
2.കാരറ്റ്,ബീന്‍സ്,കാബേജ്,സവാള
ഇവ ഓരോന്നും ചെറുതായി
അരിഞ്ഞത് -കാല്‍ കപ്പ്
3. പിണ്ടി ചെറുതായി അരിഞ്ഞത് -1 കപ്പ്
4. വിനാഗിരി -1 ടീസ്പൂണ്‍
5. കുരുമുളക് രണ്ടായി ചതച്ചത് -1 ടീസ്പൂണ്‍
6. കറിവേപ്പില -1 തണ്ട്

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ എല്ലാം കൂടെ പ്രഷര്‍കുക്കറില്‍ ആക്കി 15 മുതല്‍ 20 മിനിട്ട് വരെ വേവിച്ച് അരച്ചെടുക്കുക.
ചൂടോടെ തന്നെ സൂപ്പ് ഡിഷുകളിലാക്കി ഓരോരുത്തരുടെയും രുചി അനുസരിച്ച് ഉപ്പ്,കുരുമുളകുപൊടി,
ടൊമാറ്റോസോസ് എന്നിവ ചേര്‍ത്ത് കഴിക്കുക.ഇതില്‍ പുഴുങ്ങിയ നൂഡില്‍സ്,ചോറ് എന്നിവ കുറേശ്ശെ ഇട്ട്
ഉപയോഗിക്കാം.മല്ലിയില,സെലറി എന്നിവ ചേര്‍ക്കുന്നത് വാസനയ്ക്ക് നല്ലതാണ്.

പ്രഷര്‍ കുക്കര്‍ ഇല്ലാതെയും ചേരുവകള്‍ വേവിക്കാം.

ചീര സൂപ്പ്

ചീര സൂപ്പ്

ചേരുവകള്‍

1.ചെറിയ ചീരയില തണ്ടോടെ കപ്പില്‍
അമര്‍ത്തി അളന്നെടുത്തത് -1 കപ്പ്
2.പഴുത്ത ഇടത്തരം തക്കാളി ഓരോന്നും
നാലാക്കിയത് -അര കപ്പ്
3.ഇളം പാകത്തില്‍ വറുത്ത ചെറുപയര്‍
പരിപ്പ് -കാല്‍ കപ്പ്
4. സവാള നീളത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
5. ഗ്രാമ്പു -4 എണ്ണം
6.പട്ട ഒരിഞ്ചു നീളത്തില്‍ -1 കഷണം
7. ഏലക്ക -2
8. വെള്ളം -4 കപ്പ്
9. പാട നീക്കിയ പാല്‍ -കാല്‍ കപ്പ്
10.അരിപ്പൊടി -1 ടീസ്പൂണ്‍
11.ഉപ്പ് -പാകത്തിന്

പാചകം ചെയ്യുന്ന വിധം

1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ ഒരു പ്രഷര്‍കുക്കറില്‍ ആക്കി 10 മിനിട്ട് നേരം വേവിച്ച് അരച്ചെടുക്കുക.പാട നീക്കിയ പാലില്‍ അരിപ്പൊടി കലക്കി വെയ്ക്കുക.വെട്ടിത്തിളയ്ക്കുന്ന സൂപ്പില്‍ ഇത് അരിച്ചു ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങുക.ചൂടോടെ കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഉപയോഗിക്കുക.

Wednesday, January 20, 2010

ചോക്കലേറ്റ് മൂസ് കേക്ക്

ചോക്കലേറ്റ് മൂസ് കേക്ക്

ചോക്കലേറ്റ് സ്പോഞ്ച്

  1. മുട്ട -3
  2. മൈദ -75 ഗ്രാം
  3. കൊക്കോ പൌഡര്‍ -15 ഗ്രാം
  4. ഉരുക്കിയ വെണ്ണ -10 ഗ്രാം
  5. പഞ്ചസാര - 75 ഗ്രാം
ചോക്കലേറ്റ് മൂസിന്

  1. ഡാര്‍ക്ക് ചോക്കലേറ്റ് -200 ഗ്രാം
  2. ഉരുക്കിയ വെണ്ണ -50 ഗ്രാം
  3. മുട്ടയുടെ ഉണ്ണി -2
  4. പഞ്ചസാര -50 ഗ്രാം
  5. ക്രീം -300 ഗ്രാം
  6. മുട്ടയുടെ വെള്ള -2
  7. ജെലാറ്റിന്‍ കുതിര്‍ത്തത് -ഒന്നര ടീസ്പൂണ്‍
  8. ഇന്‍സ്റ്റന്‍റ് കോഫി പൌഡര്‍ -അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം

ചോക്കലേറ്റ് സ്പോഞ്ചിനുവേണ്ടി മുട്ടയും പഞ്ചസാരയും നല്ലപോലെ പതപ്പിച്ചെടുക്കുക.കൊക്കോ പൌഡര്‍,മൈദ ഇവ അരിച്ചെടുത്ത് മുട്ടയുടെ മിശ്രിതത്തിലെയ്ക്ക് കുറേശ്ശെ ചേര്‍ക്കുക.ഉരുക്കിയ വെണ്ണയും സാവധാനം ഇതിലേയ്ക്ക് ചേര്‍ക്കുക.വൃത്താകൃതിയിലുള്ള പാത്രത്തിലേയ്ക്ക് മാറ്റി 200 ഡിഗ്രി സെന്റീ ഗ്രേഡില്‍
15-20 മിനിട്ട് നേരം ബേക്ക് ചെയ്യുക.

ചോക്കലേറ്റ് മൂസ് തയ്യാറാക്കുന്ന വിധം

ഡബിള്‍ ബോയിലിംഗ് രീതിയില്‍ ചോക്കലേറ്റ് ഉരുക്കുക.ഇതില്‍ ഉരുക്കിയ വെണ്ണയും മുട്ടയുടെ ഉണ്ണിയും
ചേര്‍ക്കുക.ഇത് പിന്നെയും അടുപ്പില്‍ വെച്ച് ഡബിള്‍ ബോയിലിംഗ് രീതിയില്‍ ഇളക്കുക.പിന്നിട് അടുപ്പില്‍ നിന്നും
വാങ്ങിയശേഷം ഉരുക്കിയ ജെലാറ്റിന്‍ ചേര്‍ക്കുക.

ക്രീമും പഞ്ചസാരയും ഒരുമിച്ച് അടിച്ചെടുക്കുക.മുട്ടയുടെ വെള്ള മാത്രം പതപ്പിക്കുക.മുട്ട വെള്ളയും ക്രീമും മാറിമാറി ചോക്കലേറ്റ് മിശ്രിതത്തില്‍ ചേര്‍ത്ത് കുറച്ചുനേരം ഫ്രിഡ്ജില്‍ വെയ്ക്കുക.

സ്പോഞ്ച് കേക്ക് രണ്ടായി മുറിക്കുക.ഒരു പകുതിയെടുത്ത്‌ ഒരു കണ്ണാടി പാത്രത്തില്‍ വെച്ച് കുറച്ചു
പഞ്ചസാര സിറപ്പില്‍ ഇന്‍സ്റ്റന്‍റ് കോഫി പൌഡര്‍ ചേര്‍ത്ത് മുകളില്‍ തളിക്കുക.ചോക്കലേറ്റ് മൂസിന്റെ മുക്കാല്‍ ഭാഗം കേക്കിനു മുകളില്‍ താഴേയ്ക്ക് പോകാത്തവിധത്തില്‍ ഒഴിക്കുക.മൂസ് സെറ്റു ചെയ്യുന്നതുവരെ കേക്ക് ഫ്രിഡ്ജില്‍ വെയ്ക്കണം.അതിനുശേഷം പുറത്തേയ്ക്ക് എടുത്ത് മറ്റേ പകുതി കേക്ക് മൂസിനു മുകളില്‍ വെയ്ക്കുക.

ഇതിന്റെ മുകളിലും കോഫി പൌഡര്‍ ചേര്‍ത്ത പഞ്ചസാര സിറപ്പ് തളിക്കുക.ബാക്കിയുള്ള ചോക്കലേറ്റ് മൂസ് ഒരു കോണിലെടുത്ത് കേക്കിന്റെ മുകളില്‍ ക്രിസ്ക്രോസ് ആകൃതിയില്‍ ഒഴിക്കുക.വീണ്ടും
2 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക.

കേക്കിന്റെ ഇടയ്ക്കുവെയ്ക്കുന്ന ബട്ടര്‍ ഐസിംഗ്

കേക്കിന്റെ ഇടയ്ക്കുവെയ്ക്കുന്ന ബട്ടര്‍ സിംഗ്

വെണ്ണ -50 ഗ്രാം
ഐസിംഗ് ഷുഗര്‍ -100 ഗ്രാം
ചെറുനാരങ്ങാനീര് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

വെണ്ണ മയപ്പെടുത്തി ഐസിംഗ് ഷുഗറും ചേര്‍ത്തു കട്ടയില്ലാതെ മയത്തില്‍ യോജിപ്പിക്കണം.ചെറുനാരങ്ങാനീരും ചേര്‍ത്തു കൂട്ടു തയാറാക്കി കേക്കിന്റെ ഇടയ്ക്കു പുരട്ടുക.

ബ്ലാക്ക്‌ ഫോറസ്റ്റ് സ്പോഞ്ച് കേക്ക്

ബ്ലാക്ക്‌ ഫോറസ്റ്റ് സ്പോഞ്ച് കേക്ക്

ചേരുവകള്‍

  1. കോഴിമുട്ട -4
  2. പൊടിക്കാത്ത പഞ്ചസാര -1 കപ്പ്
  3. ബ്രാന്‍ഡി -2 ടീസ്പൂണ്‍
  4. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  5. ഓറഞ്ചിന്റെ തൊലി മയത്തില്‍ അരച്ചത്‌ -അര ടീസ്പൂണ്‍
  6. വെണ്ണ -6 ടീസ്പൂണ്‍
  7. കൊക്കോ - 12 ടീസ്പൂണ്‍
  8. ഇളം ചൂടുപാല്‍ - കാല്‍ കപ്പ്
  9. മൈദ -1 കപ്പ്
  10. സോഡ ബൈ കാര്‍ബ് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ബ്രാന്‍ഡിയും വാനില എസ്സെന്‍സ്സും ഓറഞ്ചിന്റെ തൊലി അരച്ചതും ഒന്നിച്ച് ചേര്‍ത്തശേഷം
അതില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി പതച്ച് എടുക്കുക.

വെണ്ണയും കൊക്കോയും ഇളം ചൂടുപാലും നന്നായി യോജിപ്പിച്ച് അത് മുട്ട കൂട്ടില്‍ സാവധാനം യോജിപ്പിച്ച് എടുക്കുക.മൈദയും സോഡാ ബൈ കാര്‍ബും മുട്ടക്കൂട്ടിന്റെ മീതെ ഇട്ട് ഫോര്‍ക്ക് കൊണ്ട് യോജിപ്പിച്ച് എടുക്കുക.ഒരു പാത്രത്തില്‍ മയം പുരട്ടി പൊടി തൂവി തട്ടികളഞ്ഞശേഷം കേക്കു കൂട്ടൊഴിച്ചു ബേക്ക്
ചെയ്തെടുക്കുക.

ചോക്കലേറ്റ്

ചോക്കലേറ്റ്

1.പൊടിച്ച ഗ്ലുക്കോസ് ബിസ്ക്കറ്റ് -250 ഗ്രാം
2.കൊക്കോപ്പൊടി -100 ഗ്രാം
3.മില്‍ക്ക് മെയ്‌ഡ് -ഒന്നര കപ്പ്
4. വെള്ളം -മുക്കാല്‍ കപ്പ്
5.കശുവണ്ടി വറുത്തത്‌(ഉണങ്ങിയത്‌) -50 ഗ്രാം
6.വാള്‍നട്ട് കഷണങ്ങള്‍ റോസ്റ്റ് ചെയ്തത് -30 ഗ്രാം
7. ഉണക്കമുന്തിരി -50 ഗ്രാം
8.വാനില എസ്സന്‍സ് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

വാനില കൂടാതെ മറ്റെല്ലാംകൂടി ഒരു കുഴിയുള്ള പാത്രത്തിലാക്കി വെയ്ക്കുക.മറ്റൊരു വലിയ പാത്രത്തില്‍ വെള്ളം വെച്ച് തിളച്ചതിനുശേഷം ഈ കൂട്ടുകള്‍ ചേര്‍ത്ത പാത്രം അതിലേയ്ക്ക് ഇറക്കിവെച്ച് തുടരെ
ഇളക്കിക്കൊണ്ടിരിയ്ക്കുക.കൂട്ട് മുറുകിവന്നാല്‍ വാനില എസ്സന്‍സ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി പാത്രം
വാങ്ങി വെയ്ക്കുക.ഒന്ന് തണുത്തു കഴിഞ്ഞാല്‍ ഈ കൂട്ട് 50 ഉരുളകള്‍ ആക്കി മാറ്റാം.കയ്യില്‍
ഒട്ടിപ്പിടിയ്ക്കാതിരിയ്ക്കാന്‍ അല്പം നെയ്യ് കൊണ്ട് തുടയ്ക്കാം.ഇവയെ ഏതെങ്കിലും നല്ല രൂപത്തില്‍ ആക്കിയെടുക്കുക.നല്ലതുപോലെ ഉണങ്ങിയതിനുശേഷം ചോക്കലേറ്റ് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.

കേക്കു പൊതിയാന്‍ ചോക്കലേറ്റ് കൂട്ട്

കേക്കു പൊതിയാന്‍ ചോക്കലേറ്റ് കൂട്ട്

ഐസിംഗ് ഷുഗര്‍ -100 ഗ്രാം
വെണ്ണ -50 ഗ്രാം
കൊക്കോ -കാല്‍ കപ്പ്
വെള്ളം -9 ടീസ്പൂണ്‍

കൊക്കോ വെള്ളം ഒഴിച്ചു കലക്കി കുറുക്കണം.വെണ്ണ മാര്‍ദ്ധവപ്പെടുത്തി ഐസിംഗ് ഷുഗര്‍ കുറേശ്ശെ ചേര്‍ത്ത്
ഒന്നുകൂടി മാര്‍ദ്ധവപ്പെടുത്തി പതയ്ക്കുക.കുറുക്കിയെടുത്ത കൊക്കോയും ചേര്‍ത്തു പതപ്പിച്ചു മയപ്പെടുത്തണം.ഇത്
കേക്കിനു പുറത്തു ചുറ്റിലും തേയ്ക്കണം.

ബട്ടര്‍ കേക്ക്

ബട്ടര്‍ കേക്ക്

  1. ബട്ടര്‍ -150 ഗ്രാം
  2. മുട്ട -4
  3. മൈദ -200 ഗ്രാം
  4. പഞ്ചസാര -200 ഗ്രാം
  5. ബേക്കിങ്ങ് പൌഡര്‍ -അര ടീസ്പൂണ്‍
  6. നാരങ്ങാനീര് -അര ടീസ്പൂണ്‍
  7. പാല്‍ -അര കപ്പ്
  8. അണ്ടിപരിപ്പ് -5
പാകം ചെയ്യുന്ന വിധം

പഞ്ചസാര നല്ലതുപോലെ പൊടിച്ച് വെണ്ണയും ചേര്‍ത്ത് അടിക്കുക.3 സ്പൂണ്‍ പഞ്ചസാര കരിയിച്ച് കുറച്ചു വെള്ളവും ചേര്‍ത്ത് ലായനിയാക്കുക.മുട്ട നല്ലതുപോലെ പതപ്പിച്ച് അതില്‍ മൈദയും ബേക്കിങ്ങ് പൌഡര്‍
അരിച്ചതും ബാക്കി ചേരുവകളും യോജിപ്പിക്കുക.അതിനുശേഷം ബേക്ക് ചെയ്യുക.

സിട്രസ് മില്‍ക്ക് കേക്ക്

സിട്രസ് മില്‍ക്ക് കേക്ക്

ചേരുവകള്‍

1. മൈദ -രണ്ടേകാല്‍ കപ്പ്
2.ബേക്കിങ്ങ് പൌഡര്‍ -മുക്കാല്‍ ടീസ്പൂണ്‍
3. സോഡ ബൈ കാര്‍ബ് -കാല്‍ ടീസ്പൂണ്‍
4. വെണ്ണ -ഒന്നര കപ്പ്
5. പൊടിച്ച പഞ്ചസാര
നേര്‍മ്മയായി തെള്ളിയെടുത്തത് -2 കപ്പ്
6. മുട്ടയുടെ ഉണ്ണി -3
7. ചെറുനാരങ്ങാതൊലി ചീസ് ഗ്രേറ്ററില്‍
ചുരണ്ടിയെടുത്തത് -അര ടീസ്പൂണ്‍
8.ചെറുനാരങ്ങാനീര് -2 ടീസ്പൂണ്‍
9. ചെറുചൂടുള്ള പാല്‍ -അര കപ്പ്
10.മുട്ടയുടെ വെള്ള -4
11.വാനില എസ്സന്‍സ് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

1,2,3 ചേരുവകള്‍ ഒന്നിച്ചാക്കി തെള്ളിയെടുക്കുക.വെണ്ണ മയപ്പെടുത്തി പഞ്ചസാര ചേര്‍ത്ത് ശരിക്ക്
പതച്ചശേഷം മുട്ടയുടെ ഉണ്ണി ചേര്‍ത്ത് നല്ലതുപോലെ പതച്ചെടുക്കുക.അതില്‍ ചെറുനാരങ്ങാതൊലി ചുരണ്ടിയതും
ചെറുനാരങ്ങാനീരും ചേര്‍ത്ത് തെള്ളിവെച്ചിരിയ്ക്കുന്ന മാവും പാലും കുറേശ്ശേയായി ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.

മുട്ടയുടെ വെള്ളവും വാനില എസ്സെന്‍സ്സും ചേര്‍ത്ത് യോജിപ്പിച്ച് മുട്ടയുടെ പതയടങ്ങാതെ കേക്ക് കൂട്ടില്‍
യോജിപ്പിക്കുക.ഇത് 40 ഡിഗ്രി ചൂടില്‍ 10 മിനിട്ട് ബേക്ക് ചെയ്ത് എടുക്കുക.കേക്ക് കൂടുതല്‍ വെന്തു പോകരുത്.തണുത്ത ശേഷം കേക്ക് രണ്ടായി മുറിച്ച് ഇടയ്ക്ക് 2 ടീസ്പൂണ്‍ പഞ്ചസാര പൊടിച്ചതും ഒരു ടീസ്പൂണ്‍ വെണ്ണയും ഒരു ടീസ്പൂണ്‍ കൊക്കോയും മയത്തില്‍ യോജിപ്പിച്ച് പുരട്ടി ഒട്ടിച്ചു വെയ്ക്കുക.

ക്രീം കേക്ക്

ക്രീം കേക്ക്

ചേരുവകള്‍

1. മൈദ -കാല്‍ കിലോ
ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
2. വെണ്ണ -125 ഗ്രാം
ഫ്രഷ്‌ ക്രീം -125 ഗ്രാം
പൊടിച്ച പഞ്ചസാര -കാല്‍ കിലോ
3. മുട്ടയുടെ മഞ്ഞക്കരു -4
ഓറഞ്ച് നീര് -അര കപ്പ്
ചെറുനാരങ്ങാതൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
മുട്ടയുടെ വെള്ള -4
പഞ്ചസാര -1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ആദ്യത്തെ ചേരുവകള്‍ തെള്ളിയെടുക്കുക.വെണ്ണ ഉറച്ച ഫ്രഷ്‌ക്രീം ചേര്‍ത്തു മയപ്പെടുത്തി പൊടിച്ച പഞ്ചസാരയും ചേര്‍ത്തു ശരിക്ക് പതയ്ക്കുക.മുട്ടയുടെ മഞ്ഞക്കരു ഓരോന്നായി ചേര്‍ക്കുക.ഇടയ്ക്ക് ഓറഞ്ച് നീരും ചെറുനാരങ്ങാതൊലിയും ഏലക്കാപ്പൊടിയും കാല്‍ ടീസ്പൂണ്‍ വാനില എസ്സെന്‍സ്സും ചേര്‍ത്തു പതയ്ത്തക്കവിധം യോജിപ്പിച്ചെടുക്കുക.അതില്‍ മൈദമാവ്‌,ബേക്കിങ്ങ് പൌഡര്‍ എന്നിവ കുറച്ചു കുറച്ചായി ചേര്‍ത്ത് കട്ടകെട്ടാതെ സ്പൂണ്‍ കൊണ്ട് യോജിപ്പിക്കുക.മുട്ടയുടെ വെള്ള പതച്ചതില്‍ കാല്‍ ടീസ്പൂണ്‍ വാനില എസ്സെന്‍സ്സും,പഞ്ചസാരയും ചേര്‍ത്ത് വീണ്ടും പതയ്ക്കുക.ഈ മിശ്രിതം കേക്കിന്റെ കൂട്ടില്‍ സാവധാനം യോജിപ്പിക്കുക.അതിനുശേഷം നല്ല വിസ്താരമുള്ള മയം പുരട്ടിയ കടലാസ്സിട്ട പാത്രത്തില്‍ അല്പം മൈദ വിതറി ഒരുപോലെ നിരത്തുക.കേക്കുകൂട്ട്‌ ഇതില്‍ ഒഴിച്ച് നിരപ്പക്കാതെ 400 ഡിഗ്രി F ചൂടില്‍ സാധാരണ കേക്ക് പോലെ
ബേക്ക് ചെയ്യണം.

കാരറ്റ് കേക്ക്

കാരറ്റ് കേക്ക്

ചേരുവകള്‍

  1. മൈദ -2 കപ്പ്
  2. മുട്ട -1
  3. മുട്ടയുടെ വെള്ളക്കരു -2
  4. ഫ്രൂട്ട് സ്വീറ്റ്നര്‍ -മുക്കാല്‍ കപ്പ്
  5. സസ്യ എണ്ണ -മുക്കാല്‍ കപ്പ്
  6. കൈതച്ചക്ക ഇടിച്ചുപിഴിഞ്ഞ് നീരും
ചേര്‍ത്ത മിശ്രിതം -1 കപ്പ്
7. ബേക്കിങ്ങ് സോഡാ -2 ടീസ്പൂണ്‍
8. ഉപ്പ് -പാകത്തിന്
9. കറുവപ്പട്ട -2 ടീസ്പൂണ്‍
10. തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
11. പച്ച കാരറ്റ് തിരുമ്മിയത്‌ -2 കപ്പ്
12. അണ്ടിപരിപ്പ് നുറുക്കിയത് -2/3 കപ്പ്
13. വാനില -2 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

മുട്ട,എണ്ണ,വാനില,ഫ്രൂട്ട് സ്വീറ്റ്നര്‍ എന്നിവ നന്നായി അടിച്ചു പതപ്പിക്കുക.കൈതച്ചക്ക ചേര്‍ത്തിളക്കുക.

മൈദ,ബേക്കിങ്ങ് സോഡാ,പട്ട,ഉപ്പ് എന്നിവയെല്ലാം കൂടി യോജിപ്പിക്കുക.തേങ്ങ,കാരറ്റ് എന്നിവ തിരുമ്മിയതും അണ്ടിപരിപ്പും ചേര്‍ക്കുക.അതിനുശേഷം ഇവയെല്ലാം കൂടി ചേര്‍ത്ത് മിശ്രിതമാക്കുക.

കേക്ക് ബേക്ക് ചെയ്യുന്ന ഓവനില്‍ കൂട്ട് ഒഴിച്ച് 350 ഡിഗ്രി (f) ല്‍ 30-40 മിനിട്ട് ബേക്ക് ചെയ്യുക.
തണുത്തതിനുശേഷം കഷണങ്ങളായി മുറിച്ചു ഉപയോഗിക്കുക.

മാര്‍ബിള്‍ കേക്ക്

മാര്‍ബിള്‍ കേക്ക്

  1. ബട്ടര്‍ -150 ഗ്രാം
  2. പൊടിച്ച പഞ്ചസാര -150 ഗ്രാം
  3. മൈദ -150 ഗ്രാം
  4. ബേക്കിങ്ങ് പൌഡര്‍ -മുക്കാല്‍ ടീസ്പൂണ്‍
  5. കൊക്കോ പൌഡര്‍ -2 ടേബിള്‍ സ്പൂണ്‍
  6. മുട്ട -3
  7. എസ്സന്‍സ് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ബട്ടറും പഞ്ചസാരയും കൂടി നന്നായി അടിച്ച് മുട്ടയുടെ മഞ്ഞയും ഇട്ട്‌ അടിക്കുക.ബേക്കിങ്ങ് പൌഡര്‍,മൈദ ഇവയും കൂടി അരിച്ച് കുറേശ്ശെ കൂട്ടില്‍ ചേര്‍ത്ത് ചെറുതായി ഇളക്കുക.മുട്ടയുടെ വെള്ള നന്നായി
പതപ്പിച്ച് ഇതില്‍ യോജിപ്പിച്ച് രണ്ടു സമഭാഗമാക്കുക.ബേക്കിങ്ങ് ട്രേയില്‍ നെയ്യ് പുരട്ടിവെയ്ക്കുക.ബേക്കിങ്ങ്
എസ്സന്‍സ് കുറേശ്ശെ ചേര്‍ത്ത് ഇളക്കി വെയ്ക്കുക.ബേക്കിങ്ങ് ട്രേയില്‍ ഈ കൂട്ട് കുറച്ചിട്ട് നിരത്തുക.വീണ്ടും
ആദ്യത്തെ കൂട്ടു നിരത്തി കൊക്കോ കൂട്ടു നിരത്തിവെയ്ക്കുക.180 ഡിഗ്രി ചൂടില്‍ 25 മിനിട്ട് ബേക്കു ചെയ്തെടുക്കുക.3-4 ദിവസത്തിനു മുമ്പ് ഉണ്ടാക്കി വെച്ചാല്‍ നല്ല മാര്‍ദ്ധവമുണ്ടാകും.

പൂവന്‍പഴം,തേങ്ങാപ്പീര,കൊക്കോകേക്ക്

പൂവന്‍പഴം,തേങ്ങാപ്പീര,കൊക്കോകേക്ക്

ചേരുവകള്‍

  1. മൈദ -2 കപ്പ്
  2. വെണ്ണ -1 കപ്പ്
  3. പഞ്ചസാര -ഒന്നര കപ്പ്
  4. കൊക്കോപ്പൊടി -2 ടേബിള്‍ സ്പൂണ്‍
  5. പൂവന്‍പഴം -2 എണ്ണം (വെണ്ണപോലെ ഉടയ്ക്കണം.)
  6. തേങ്ങാ തിരുമ്മിയത്‌ -അര കപ്പ്
  7. മുട്ട -3 എണ്ണം
  8. തൈര് -കാല്‍ കപ്പ്
  9. പാല്‍ -അര കപ്പ്
  10. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
  11. വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
  12. ജാതിയ്ക്ക പൊടിച്ചത് -അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം

മൈദ,ബേക്കിങ്ങ് പൌഡര്‍,ജാതിയ്ക്കപ്പൊടി എന്നിവ ഒന്നിച്ച് തെള്ളിയെടുക്കുക.വെണ്ണയും പഞ്ചസാര പൊടിച്ചതും നല്ലവണ്ണം കേക്ക് മിക്സര്‍ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക.മുട്ട ഓരോന്നുവീതം ചേര്‍ത്ത്
മിക്സ്‌ ചെയ്യുക.ഇതില്‍ തൈര്,പൂവന്‍പഴം ഇവ ചേര്‍ത്ത് ഇളക്കുക.(മിക്സര്‍ ഉപയോഗിക്കരുത്) കേക്ക് പാത്രത്തില്‍ കൂട്ടിന്റെ മുക്കാല്‍ ഭാഗം ഒഴിക്കുക.ബാക്കി കാല്‍ ഭാഗത്തില്‍ കൊക്കോപ്പൊടി ചേര്‍ത്ത് അതും പാത്രത്തില്‍ ഒഴിച്ച് ഇളക്കുക.40-50 മിനിട്ട് വരെ ബേക്ക് ചെയ്യുക.

സോസേജ് റോള്‍

സോസേജ് റോള്‍

ചേരുവകള്‍ (16-20 എണ്ണം തയ്യാറാക്കുന്നതിന്)

1. ശീതികരിച്ച റൊട്ടിമാവ് -1 കിലോ
2.വേവിച്ച് പരുവപ്പെടുത്തിയ
കട്ടിയാകാത്ത സോസേജ് -400 ഗ്രാം
3. മുട്ട -2 എണ്ണം
4. അരച്ച ചീസ് -2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

റൊട്ടിമാവ് ചതുരാകൃതിയില്‍ പരത്തുക.പരുവപ്പെടുത്തിയ സോസേജ് ഇതിന് മുകളില്‍ നിരത്തുക.അരച്ച ചീസ് ഒരു നേരിയ പാടപോലെ ഇതിന് മുകളില്‍ നിരത്തുക.മുട്ട പതപ്പിച്ച് ചീസിന് മുകളില്‍ തേയ്ക്കുക.30 മിനിട്ട് നേരം മാവ് പൊങ്ങാന്‍ വേണ്ടി വെയ്ക്കുക.അതിനുശേഷം 400 ഡിഗ്രി ചൂടില്‍ ഓവനില്‍
20-25 മിനിട്ട് ബേക്ക് ചെയ്യുക.

ലൈറ്റ് ഫ്രൂട്ട് കേക്ക്

ലൈറ്റ് ഫ്രൂട്ട് കേക്ക്

ചേരുവകള്‍

  1. മൈദ -250 ഗ്രാം
  2. പൊടിച്ച പഞ്ചസാര -250 ഗ്രാം
  3. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
  4. ബട്ടര്‍ -250 ഗ്രാം
  5. അണ്ടിപരിപ്പ് നുറുക്കിയത് -50 ഗ്രാം
  6. മുന്തിരിങ്ങ -50 ഗ്രാം
  7. ഈന്തപ്പഴം -50 ഗ്രാം
  8. ഓറഞ്ച് പീല്‍ -50 ഗ്രാം
  9. ഫ്രൂട്ടി -50 ഗ്രാം
  10. തേന്‍ -2 ടേബിള്‍ സ്പൂണ്‍
  11. ഗ്രാമ്പു,പട്ട,ജാതിയ്ക്കാപ്പൊടി -1 ടീസ്പൂണ്‍
  12. എസ്സന്‍സ് -1 ടീസ്പൂണ്‍
  13. മുട്ട -4
പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ ബട്ടറും പഞ്ചസാരയും ഇട്ട് ഇലക്ട്രിക്‌ ബീറ്റര്‍ കൊണ്ട് നന്നായി അടിച്ചു യോജിപ്പിക്കുക.മുട്ട ഓരോന്നായി പൊട്ടിച്ച് ഇതില്‍ ഒഴിച്ച് അടിക്കുക.മൈദ,ബേക്കിങ്ങ് പൌഡര്‍ ഇവ കൂടി
അരിച്ചുവെയ്ക്കുക. മൈദയില്‍ അരിഞ്ഞ പഴങ്ങള്‍ ഇട്ട് ഇളക്കിവെയ്ക്കുക.മൈദ കുറേശ്ശെ ബട്ടര്‍ കൂട്ടിലിട്ട് ഇളക്കി
എസ്സന്‍സും തേനും പൊടികളും ചേര്‍ത്തുവെയ്ക്കുക.ഒരു ബേക്കിങ്ങ് ട്രേയില്‍ നെയ്പുരട്ടി മൈദ കുടഞ്ഞ്‌ കൂട്ട്
ഒഴിച്ച് നിരത്തുക.ചൂടായ ഓവനില്‍ വെച്ച് അരമണിക്കൂര്‍ ബേക്ക് ചെയ്തെടുക്കുക.

പൈനാപ്പിള്‍ കേക്ക്

പൈനാപ്പിള്‍ കേക്ക്

  1. മൈദ - കാല്‍ കിലോ
  2. വെണ്ണ -കാല്‍ കിലോ
  3. പൊടിച്ച പഞ്ചസാര -കാല്‍ കിലോ
  4. പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
  5. ചെറി രണ്ടായി കീറിയത് - 5 എണ്ണം
  6. മുട്ട -4
  7. ബേക്കിങ്ങ് പൌഡര്‍ - 1 ടീസ്പൂണ്‍
  8. പൈനാപ്പിള്‍എസ്സെന്‍സ് - അര ടീസ്പൂണ്‍
  9. ജാതിയ്ക്ക,പട്ട,ഗ്രാമ്പു പൊടിച്ചത് -1 ടേബിള്‍ സ്പൂണ്‍
  10. പൈനാപ്പിള്‍ - അര മുറി
പാകം ചെയ്യുന്ന വിധം

പൈനാപ്പിള്‍ വട്ടത്തില്‍ മുറിച്ച് കൂഞ്ഞു കളഞ്ഞ് ഓരോന്നിലും ചെറി വെച്ച് നിരത്തണം.പൊടിച്ച
പഞ്ചസാരയും വെണ്ണയും കൂടി നന്നായി തേച്ചു യോജിപ്പിക്കുക.ഇതില്‍ മുട്ടയുടെ ഉണ്ണിയിട്ടു തേയ്ക്കുക.ബേക്കിംഗ് പൌഡര്‍, മൈദ ഇവയും അരിച്ചുവെയ്ക്കുക.വെണ്ണ തേച്ചതില്‍ മൈദ കുറേശ്ശെ യോജിപ്പിക്കുക.2 സ്പൂണ്‍ പഞ്ചസാര കരിച്ചത് ഈ കൂട്ടില്‍ ചേര്‍ത്ത് ഇളക്കിവെയ്ക്കുക.മുട്ടയുടെ വെള്ള
പതപ്പിച്ചതും ചേര്‍ത്ത് എസ്സെന്‍സ് പൊടികളും ഇട്ട് ഇളക്കി പൈനാപ്പിളിന്റെ മുകളില്‍ ഒഴിച്ചുനിരത്തുക.പാത്രം
ഫോയില്‍ പേപ്പര്‍ കൊണ്ട് മൂടി ചൂടായ ഓവനില്‍ വെച്ച് ബേക്ക് ചെയ്തെടുക്കുക.

റ്റീകേക്ക്

റ്റീകേക്ക്

  1. മൈദ -ഒന്നേകാല്‍ കപ്പ്
  2. പഞ്ചസാര -1 കപ്പ്
  3. വനസപ്തി -അര കപ്പ്
  4. പാല്‍ -അര കപ്പ്
  5. മുട്ട -2
  6. ബേക്കിങ്ങ് പൌഡര്‍ -2 ടീസ്പൂണ്‍
  7. വാനില എസ്സെന്‍സ് -1 ടീസ്പൂണ്‍
  8. ഉപ്പ് -ഉപ്പ്
പാകം ചെയ്യുന്ന വിധം

വനസപ്തി ഒരു പാത്രത്തിലിട്ട് നന്നായി ഇളക്കി മയപ്പെടുത്തുക.ഇതില്‍ പഞ്ചസാര പൊടിച്ച് കുറേശ്ശെ
ചേര്‍ത്ത് യോജിപ്പിക്കുക.ഇതില്‍ മുട്ട നന്നായി അടിച്ചത് ചേര്‍ക്കുക.ഇത് നല്ലവണ്ണം യോജിപ്പിക്കുക.മൈദ അരിച്ച്
അതില്‍ ബേക്കിങ്ങ് പൌഡര്‍,ഉപ്പ് ഇവ ചേര്‍ത്ത് ഇതില്‍ കുറേശ്ശെ യോജിപ്പിക്കുക.കുറേശ്ശെ പാലും ഒഴിച്ചു യോജിപ്പിക്കുക.വാനില എസ്സെന്‍സ്സ് ചേര്‍ത്തിളക്കുക.മയം പുരട്ടിയ പാത്രത്തില്‍ ബേക്ക് ചെയ്തെടുക്കുക.

ഈസ്റ്റര്‍ കേക്ക്

സ്റ്റര്‍ കേക്ക്

ചേരുവകള്‍

  1. മൈദ -2 കപ്പ്
  2. വെണ്ണ - 1 കപ്പ്
  3. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
  4. പഞ്ചസാര പൊടിച്ചത് -ഒന്നര കപ്പ്
  5. മുട്ട -3
  6. വാനില എസ്സെന്‍സ് -1 ടീസ്പൂണ്‍
  7. തൈര് - അര കപ്പ്
  8. പാല്‍ -1 കപ്പ്
  9. തേങ്ങ തിരുമ്മിയത്‌ - 1 കപ്പ്
  10. സോഡാപൊടി -മുക്കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ബേക്കിങ്ങ് ട്രേയില്‍ കടലാസ്സു വെച്ച് നെയ്പുരട്ടി വെയ്ക്കണം.മൈദ,ബേക്കിങ്ങ് പൌഡര്‍ ഇവ ഒന്നിച്ച്
ഇടഞ്ഞെടുക്കണം.വെണ്ണയും പഞ്ചസാരയും നന്നായി കുഴയ്ക്കണം.ഇതില്‍ മുട്ടയുടെ ഉണ്ണി ഓരോന്നായി ഇട്ടു കുഴയ്ക്കണം.ഇതില്‍ വാനില എസ്സെന്‍സ്സും തൈരും ചേര്‍ത്ത് നന്നായി കുഴയ്ക്കണം.മൈദാക്കൂട്ടും പാലും തേങ്ങയും ചേര്‍ക്കണം.മുട്ടയുടെ വെള്ള നല്ലവണ്ണം പതച്ച് സോഡാപ്പൊടിയും ചേര്‍ത്ത് പതയ്ക്കണം.ഇത് മുട്ടയുടെ കൂട്ടില്‍ ഇട്ടു യോജിപ്പിച്ച് ട്രേയില്‍ ഒഴിച്ച് ബേക്ക് ചെയ്തെടുക്കണം.

പാന്‍ കേക്ക്

പാന്‍ കേക്ക്

  1. മുട്ട അടിച്ചത് -2 എണ്ണം
  2. മൈദ -കാല്‍ കിലോ
  3. പാല്‍ -1 കപ്പ്
  4. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  5. പഞ്ചസാര -1 കപ്പ്
  6. തേങ്ങ തിരുമ്മിയത്‌ -3 കപ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മുട്ട,മൈദ,പാല്‍ ഇവ യോജിപ്പിച്ച് ഉപ്പ് ചേര്‍ക്കുക.ഇത് ദോശമാവിന്റെ പരുവത്തില്‍ കലക്കുക.തേങ്ങ,പഞ്ചസാര,ഏലക്കാപ്പൊടി ഇവ യോജിപ്പിച്ച് വെയ്ക്കുക.ഒരു പാനില്‍ നെയ്യ് പുരട്ടി മാവ് കോരിയൊഴിച്ച് രണ്ടുവശവും മൂത്തശേഷം തേങ്ങാപ്പീര വെച്ച് തെറുത്ത് എടുക്കുക.ചൂടോടെ ഉപയോഗിക്കാം.

മല്ലി ഗറ്റാവനി സൂപ്പ്

മല്ലി റ്റാവനി സൂപ്പ്

  1. എല്ല് സൂപ്പ് -500 ഗ്രാം
  2. വലിയ ഉള്ളി -1 എണ്ണം
  3. കറിവേപ്പില -1 പിടി
  4. മല്ലിയില -2 ടേബിള്‍ സ്പൂണ്‍
  5. ജീരകം -1 ടേബിള്‍ സ്പൂണ്‍
  6. മഞ്ഞള്‍ -1 കഷണം
  7. ഇഞ്ചി -2 കഷണം
  8. വെളുത്തുള്ളി,കരിയാബൂവ് -4 എണ്ണം വീതം
  9. മുളകുകള്‍ -രുചിക്കനുസരിച്ച്
  10. ചെറുപയര്‍മാവ് -1 വലിയ ടീസ്പൂണ്‍
  11. ചെറുനാരങ്ങ -2 എണ്ണം
പാചകം ചെയ്യുന്ന വിധം

എല്ല്,ഉള്ളി,കറിവേപ്പില,മസാലകള്‍,ഉപ്പ് മുതലായവ ഒന്നര ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേരിയ തീയില്‍ വേവിച്ചെടുക്കുക.വേറൊരു പാത്രത്തില്‍ കുറച്ചു വെള്ളമൊഴിച്ച് ചെറുപയര്‍ മാവ് കൂട്ടിച്ചേര്‍ത്ത് 10 മുതല്‍ 15
മിനിട്ട് വരെ വേവിക്കുക.വെന്ത് ആവി പുറത്ത് വരുമ്പോള്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക.എല്ലാംകൂടി യോജിപ്പിക്കുക.

കാബേജ് സലാഡ്

കാബേജ് സലാഡ്

  1. കാബേജ് -ഇടത്തരം
  2. സവാള -2 എണ്ണം
  3. തക്കാളി -2 എണ്ണം
  4. മുളകുപൊടി -കാല്‍ ടീസ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
  6. വെളിച്ചെണ്ണ -കാല്‍ ടീസ്പൂണ്‍
  7. മല്ലിയില -കുറച്ച്
പാകം ചെയ്യുന്ന വിധം

കാബേജ് നീളത്തില്‍ അരിയുക.അതില്‍ വെളിച്ചെണ്ണയും,ഉപ്പും,മുളകുപൊടിയും ചേര്‍ത്ത് കൈകൊണ്ട്
കുഴച്ചുവെയ്ക്കുക.തക്കാളിയും സവാളയും വട്ടത്തില്‍ അരിഞ്ഞ് ഇളക്കിയെടുക്കണം.ഒരു ട്രേയില്‍ കാബേജ് വെച്ച്
അതില്‍ തക്കാളി വട്ടത്തില്‍ അരിഞ്ഞ് ഇളക്കിയെടുത്തതും മല്ലിയിലയും കൊണ്ട് അലങ്കരിക്കണം.

പേരയ്ക്ക സലാഡ്

പേരയ്ക്ക സലാഡ്

1. ഒരു വിധം പഴുത്ത പേരയ്ക്ക ചെറിയ
കഷണങ്ങള്‍ ആക്കിയത് -4
2. തൈര് -1 കപ്പ്
3. നെയ്യ് -2 ടേബിള്‍ സ്പൂണ്‍
4. നാരങ്ങാനീര് -2 ടേബിള്‍ സ്പൂണ്‍
5. മുളകുപൊടി -അര ടീസ്പൂണ്‍
6. പച്ചമുളക് ചെറുതായി അരിഞ്ഞത് -2
7. മല്ലിയില,ഉപ്പ്,കടുക് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് കടുക് പൊട്ടിക്കുക.പച്ചമുളക് അരിഞ്ഞത് വഴറ്റുക.
ഇത് കോരിയെടുക്കുക.ഒരു പാത്രത്തില്‍ തൈര്,ഉപ്പ്,നാരങ്ങാനീര് ഇവ ചേര്‍ത്ത് നന്നായി ഇളക്കുക.മല്ലിയില തൂകി
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.ഇത് പാത്രത്തില്‍ എടുത്ത് മുകളില്‍ നെടുകെയും കുറുകെയും മുളകുപൊടിയും
ജീരകപൊടിയും കൊണ്ട് വരകള്‍ ഉണ്ടാക്കുക.

ഫ്രൂട്ട് സലാഡ്

ഫ്രൂട്ട് സലാഡ്

1. ചെറുതായി അരിഞ്ഞ മാമ്പഴം -2 എണ്ണം
2. ചെറുതായി അരിഞ്ഞ പൈനാപ്പിള്‍ -1 മുറി
3. ചെറുതായി അരിഞ്ഞ പഴം -1
4. ചെറുതായി അരിഞ്ഞ ആപ്പിള്‍ -1
5. ചെറുതായി അരിഞ്ഞ അണ്ടിപരിപ്പ് -10
6. നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
7. ഏലക്കാപ്പൊടി -1 നുള്ള്
8. ഫ്രഷ്‌ ക്രീം -1 കപ്പ്
9. പഞ്ചസാര - ഒന്നര കപ്പ്

പാചകം ചെയ്യുന്ന വിധം

ഒരു കപ്പ് വെള്ളമൊഴിച്ച് പഞ്ചസാര തിളപ്പിച്ച്‌ കയ്യില്‍ ഒട്ടുന്ന പരുവത്തില്‍ വാങ്ങുക.പഴങ്ങള്‍,
അണ്ടിപരിപ്പ്,നാരങ്ങാനീര്,ഏലക്കാപ്പൊടി ഇവ ചേര്‍ത്ത് ഇളക്കി വെയ്ക്കുക.പഞ്ചസാര ആറുമ്പോള്‍ ഫ്രഷ്‌ ക്രീം കൂടി പഴങ്ങളില്‍ ഒഴിച്ച് ഇളക്കി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഴിക്കുക.

ഫ്രൂട്ട് മിക്സ്‌

ഫ്രൂട്ട് സലാഡ് ഉണ്ടാക്കാന്‍ കുറച്ചു സമയമെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കികൊടുക്കാവുന്ന ഒന്നാണ് ഫ്രൂട്ട് മിക്സ്‌.തണുപ്പിച്ച പഴങ്ങള്‍ അരിഞ്ഞ് അതിനു മുകളില്‍ ജാമും തേനും സമം ചേര്‍ത്ത് ഒഴിച്ചാണ് ഫ്രൂട്ട് മിക്സ്‌ തയ്യാറാക്കുക.

Tuesday, January 19, 2010

സ്പെഷ്യല്‍ ഐസ്ക്രീം

സ്പെഷ്യല്‍ ഐസ്ക്രീം

കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
പാല്‍ -ഒന്നര ടിന്‍ (കണ്ടന്‍സ്ഡ് മില്‍ക്ക് ടിന്‍ അളവ്)
മുട്ട -2
പഞ്ചസാര -15 ടീസ്പൂണ്‍
വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
ജെലാറ്റിന്‍ -2 ടീസ്പൂണ്‍
വെള്ളം -6 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കണ്ടന്‍സ്ഡ് മില്‍ക്കും പാലും ഒന്നിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുക.ഇതില്‍ മുട്ട പതച്ചതും പഞ്ചസാരയും ചേര്‍ത്ത് കലക്കി അടുപ്പില്‍ വെച്ച് കുറുക്കുക .ജെലാറ്റിന്‍ അല്പം വെള്ളം ഒഴിച്ച് കലക്കി തിളച്ച വെള്ളത്തിന്റെ
മീതെ വെച്ച് ഉരുക്കുക.ഇത് പാല്‍ക്കൂട്ടില്‍ ചേര്‍ത്ത് പകുതി കുറുകുമ്പോള്‍ എസ്സെന്‍സ്സും ചേര്‍ത്തിളക്കി ഒന്ന് തിളച്ചാലുടന്‍ വാങ്ങിവെച്ച് ഐസ്ക്രീം പാത്രത്തില്‍ ഒഴിച്ച് ഫ്രീസ് ചെയ്യുക.

സ്ട്രോബറി ഐസ്ക്രീം

സ്ട്രോബറി ഐസ്ക്രീം

  1. പാല്‍ -1 ലിറ്റര്‍
  2. പഞ്ചസാര -1 കപ്പ്
  3. ഫ്രഷ്‌ ക്രീം -1 കപ്പ്
  4. സ്ട്രോബറി എസ്സന്‍സ് -അര ടീസ്പൂണ്‍
  5. കോണ്‍ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍
  6. കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്
പാകം ചെയ്യുന്ന വിധം

പാലില്‍ കോണ്‍ഫ്ലവര്‍ കട്ടകെട്ടാതെ ഇളക്കി പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വെച്ച് ഇളക്കുക.കുറുകി വരുമ്പോള്‍ ഫ്രഷ്‌ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്തിളക്കി കുറുകുമ്പോള്‍ വാങ്ങുക.ചൂടാറുമ്പോള്‍ എസ്സെന്‍സ്സും ചേര്‍ത്തിളക്കി ഐസ്ക്രീം ട്രേയില്‍ ഒഴിച്ച് ഓയില്‍ പേപ്പറുകൊണ്ട് മൂടി ഫ്രീസറില്‍ 15 മിനിട്ട് വെച്ചതിനുശേഷം എടുത്ത് എഗ്ബീറ്റര്‍കൊണ്ട് അടിച്ച് വീണ്ടും വെയ്ക്കുക.സെറ്റാകുമ്പോള്‍എടുത്ത് ഉപയോഗിക്കുക.

സാറ്റിന്‍ ഐസ്ക്രീം

സാറ്റിന്‍ ഐസ്ക്രീം

ചേരുവകള്‍

  1. കോഴിമുട്ടയുടെ മഞ്ഞക്കരു -3
  2. തിളച്ച പാല്‍ -2
  3. കണ്ടന്‍സ്ഡ് മില്‍ക്ക് -അര ടിന്‍
  4. പഞ്ചസാര -12 ടീസ്പൂണ്‍
  5. മൈദ -1 ടീസ്പൂണ്‍
  6. പാല്‍ -കാല്‍ കപ്പ്
  7. ജെലാറ്റിന്‍ -1 ടീസ്പൂണ്‍
  8. വെള്ളം -3 ടീസ്പൂണ്‍
  9. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  10. പഞ്ചസാര -6 ടീസ്പൂണ്‍
  11. വെള്ളം -6 ടീസ്പൂണ്‍
  12. മുട്ടയുടെ വെള്ള -2
  13. ചെറുനാരങ്ങാനീര് -2 തുള്ളി
പാചകം ചെയ്യുന്ന വിധം

മുട്ടയുടെ മഞ്ഞക്കരു നല്ല മയത്തില്‍ പതയ്ക്കുക.പാലും,പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത്
അടുപ്പില്‍ വെച്ച് കുറുക്കുക.ഈ കൂട്ടു പതച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ കുറച്ച് കുറച്ച് ഒഴിച്ച് വളരെ മയത്തില്‍
പതയ്ക്കുക.ഇതിനുശേഷം വീണ്ടും അടുപ്പില്‍ വെച്ച് കുറുക്കുക.ഈ സമയത്ത് പാലില്‍ കലക്കിയ മൈദ സാവധാനം പാല്‍ക്കൂട്ടില്‍ അരിച്ചൊഴിക്കുക.വെള്ളത്തില്‍ കുതിര്‍ത്തുവെച്ചിരിയ്ക്കുന്ന ജെലാറ്റിന്‍ കലക്കി തിളച്ച വെള്ളത്തിന്റെ മീതെ പിടിച്ച് ഉരുക്കി ഈ കൂട്ടില്‍ ഒഴിക്കുക.ഈ ചേരുവകളെല്ലാം കൂടെ ചെറുതീയില്‍ വെച്ച്
കുറുക്കണം.പിന്നിട് ഒന്നുകൂടി പതച്ചിട്ട് എസ്സെന്‍സ്സും ചേര്‍ക്കുക.2 ടീസ്പൂണ്‍ പഞ്ചസാര വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ച് മുറുകിയ പാനിയാക്കുക.ഇതിനുശേഷം മുട്ടയുടെ വെള്ള വളരെ ശക്തിയായി പതച്ചെടുക്കുക.തിളച്ചു കുറുകിയ പാനി പതച്ച മുട്ടയില്‍ തുള്ളിതുള്ളിയായി ഒഴിച്ച് വീണ്ടും പതയ്ക്കുക.കുഴഞ്ഞുവരുമ്പോള്‍ 2 തുള്ളി ചെറുനാരങ്ങാനീരും ചേര്‍ത്ത് വളരെ കട്ടിയായി പതയ്ക്കുക.
പത താഴുന്നതിനുമുമ്പ് സാവധാനം കുറുക്കിയ കസ്റ്റര്‍ഡില്‍ ചേര്‍ത്ത് ഐസ്ക്രീം പാത്രത്തില്‍ ഒഴിച്ച് തണുപ്പിക്കുക.
ശരിയ്ക്കും ഉറച്ചതിനുശേഷം ഉപയോഗിക്കുക.

വാനില ഐസ്ക്രീം നിറച്ച ജിലേബി

വാനില ഐസ്ക്രീം നിറച്ച ജിലേബി

  1. മൈദ -450 ഗ്രാം
  2. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
  3. പഞ്ചസാര -1.25 കിലോ (6 കപ്പ്)
  4. വെള്ളം -300 മി.
  5. നെയ്യ് -2 കപ്പ്
  6. കുങ്കുമപ്പൂ -1 ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം

മൈദ,ബേക്കിങ്ങ് പൌഡര്‍ എന്നിവ വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.വെള്ളം തിളപ്പിച്ച്‌ അതില്‍ പഞ്ചസാരയിട്ട് കട്ടിയുള്ള സിറപ്പ് ഉണ്ടാക്കുക.നെയ്യ് ഉരുക്കുക.മാവ് സേവനാഴിയിലോ ഐസിങ്ങ് ചെയ്യുന്ന
പാത്രത്തിലോ ഇട്ട് മുറുക്കിനും മറ്റും ചെയ്യുന്നതുപോലെ ഉരുക്കിയ നെയ്യില്‍ ബ്രൌണ്‍ നിറമാകുന്നതുവരെ പൊരിക്കുക.അതിനുശഷം അത് നെയ്യില്‍ നിന്നെടുത്ത് നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന സിറപ്പില്‍ നിന്നും
നീക്കിയ ജിലേബി,വാനില ഐസ്ക്രീമിന് മുകളില്‍ വെച്ച് ഉപയോഗിക്കുക.

മാംഗോ ഐസ്ക്രീം

മാംഗോ ഐസ്ക്രീം

മാങ്ങാപള്‍പ്പ് - 2 കപ്പ്
ഫ്രഷ്‌ ക്രീം -2 കപ്പ്
പഞ്ചസാര -അര കപ്പ്
പിസ്താ നീളത്തില്‍ അരിഞ്ഞത് -അര കപ്പ്‌

പഞ്ചസാര മിക്സിയിലിട്ട് പൊടിച്ചെടുത്ത് ഫ്രഷ്‌ ക്രീമും മാങ്ങാപള്‍പ്പും ചേര്‍ത്ത് അടിച്ച് പാത്രത്തിലാക്കുക.
ഇത് കുഴിഞ്ഞ കണ്ണാടി പാത്രത്തിലൊഴിച്ച് മുകളില്‍ പിസ്താ നിരത്തി തണുപ്പിച്ച് ഉപയോഗിക്കുക.

പാല്‍ ഐസ്ക്രീം

പാല്‍ ഐസ്ക്രീം

  1. പാല്‍ -3 കപ്പ്
  2. മുട്ട -3
  3. പഞ്ചസാര -1 കപ്പ്
  4. ജെലാറ്റിന്‍ -1 ടീസ്പൂണ്‍
  5. കോണ്‍ഫ്ലവര്‍ -1 ടീസ്പൂണ്‍
  6. ചെറി -1 ടേബിള്‍ സ്പൂണ്‍
  7. എസ്സന്‍സ് -കാല്‍ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

മുട്ടയുടെ ഉണ്ണി നല്ലപോലെ അടിച്ചു പതപ്പിച്ച് പാല്‍,പഞ്ചസാര,കോണ്‍ഫ്ലവര്‍ ചേര്‍ത്ത് അടുപ്പില്‍ വെച്ച് കുറുക്കുക.ജെലാറ്റിന്‍ കുറച്ചു വെള്ളത്തില്‍ അലിയിപ്പിച്ചു പാത്രത്തോടെ തിളച്ച വെള്ളത്തില്‍ പിടിച്ച്
ചെറുതീയില്‍ ഉരുക്കിയെടുത്ത് ഐസ്ക്രീം കൂട്ടില്‍ യോജിപ്പിച്ച് എസ്സന്‍സ് ചേര്‍ത്തു ഫ്രീസറില്‍ വെച്ച് തണുപ്പിക്കുക.പകുതി സെറ്റായാല്‍ പുറത്തെടുത്ത് മിക്സിയില്‍ അടിച്ച് മുട്ടയുടെ വെള്ള പതപ്പിച്ചത് ഇട്ട് സ്പൂണ്‍ കൊണ്ട് ഇളക്കി വീണ്ടും തണുപ്പിക്കുക.സെറ്റായാല്‍ ചെറി നടുവേ മുറിച്ച് കമഴ്ത്തി വെച്ച് അലങ്കരിച്ച് ഉപയോഗിക്കാം.

അരി പായസം

അരി പായസം

  1. അരി -കാല്‍ കപ്പ്
  2. പാല്‍ -2 പാക്കറ്റ്
  3. പഞ്ചസാര -1 കപ്പ്
  4. ഏലക്ക -4
  5. അണ്ടിപരിപ്പ് -10
  6. മുന്തിരിങ്ങ -20
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ പാലും അത്രയും തന്നെ വെള്ളവും ഒഴിച്ച് അരിയിട്ട് വേവിക്കുക.വേവാറാകുമ്പോള്‍
പഞ്ചസാരയും ഏലക്കാപ്പൊടിയും ചേര്‍ത്തു വാങ്ങിയശേഷം അണ്ടിപരിപ്പും മുന്തിരിങ്ങയും നെയ്യില്‍ വറുത്തു
ചേര്‍ത്തു വാങ്ങുക.

ബദാം ഈന്തപ്പഴ പായസം

ബദാം ന്തപ്പഴ പായസം

  1. ബദാം -1 കപ്പ്
  2. ഈന്തപ്പഴം -1 കപ്പ്
  3. നെയ്യ് -1 ടേബിള്‍ സ്പൂണ്‍
  4. തേങ്ങാപ്പാല്‍ - 2 കപ്പ്
  5. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  6. മുന്തിരിങ്ങ -20
  7. അണ്ടിപരിപ്പ് -10
  8. ശര്‍ക്കര -ഒന്നര കിലോ
  9. ചൌവരി -അര കപ്പ്
പാകം ചെയ്യുന്ന വിധം

ബദാം പരിപ്പ് ചൂടുവെള്ളത്തില്‍ ഇട്ട് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കണം.ഈന്തപ്പഴം കുരുകളഞ്ഞ്
ചെറുതായി അരിയണം.ചൌവരി പായസം ഉണ്ടാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വെള്ളത്തില്‍ ഇട്ട് വെയ്ക്കണം.ചൌവരി ആ വെള്ളത്തോടുകൂടി വേവിക്കണം.ഇതില്‍ ശര്‍ക്കര ഒഴിച്ച് ഇളക്കുക.അതിനുശേഷം ബദാം അരച്ചത്‌ ചേര്‍ത്ത് നന്നായി ഇളക്കി ഈന്തപ്പഴവുമിട്ട് കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങുക.ഒടുവില്‍ ഏലക്കാപ്പൊടിയും മൂപ്പിച്ച അണ്ടിപരിപ്പും മുന്തിരിങ്ങയും ഇട്ട് ആറുമ്പോള്‍ ഉപയോഗിക്കുക.

ഉണക്കലരി പാല്‍പായസം

ഉണക്കലരി പാല്‍പായസം

  1. ഉണക്കലരി -കാല്‍ കിലോ
  2. പഞ്ചസാര -അര കിലോ
  3. നെയ്യ് -50 ഗ്രാം
  4. അണ്ടിപരിപ്പ് -50 ഗ്രാം
  5. കിസ്മിസ് -50 ഗ്രാം
  6. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
  7. പാല്‍ -രണ്ടര ലിറ്റര്‍
പാകം ചെയ്യുന്ന വിധം

ഉണക്കലരി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക.നല്ലവണ്ണം വെന്തു വറ്റുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കി വാങ്ങുക.കിസ്മിസും അണ്ടിപരിപ്പും വറുത്തിട്ട് ഏലക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി എടുക്കുക.

കടലപ്രഥമന്‍

കടലപ്രഥമന്‍

ചേരുവകള്‍

  1. കടലപരിപ്പ്‌ -1 കപ്പ്
  2. ശര്‍ക്കര -അര കിലോ
  3. ചൌവരി -കാല്‍ കപ്പ്
  4. മുന്തിരിങ്ങ -25 എണ്ണം
  5. അണ്ടിപരിപ്പ് -15 എണ്ണം
  6. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  7. നെയ്യ് -4 ടേബിള്‍ സ്പൂണ്‍
  8. തേങ്ങയുടെ ഒന്നാംപാല്‍ -2 കപ്പ്
രണ്ടാംപാല്‍ -2 കപ്പ്
മൂന്നാംപാല്‍ -4 കപ്പ്

പാകം ചെയ്യുന്ന വിധം

കടലപരിപ്പ്‌ ഒരു പ്രഷര്‍കുക്കറില്‍ നന്നായി വേവിച്ചെടുക്കുക.ഒരു ഉരുളിയില്‍ നെയ്യൊഴിച്ച് കടലപരിപ്പ്‌ വഴറ്റുക.ശര്‍ക്കരയും വേവിച്ച ചൌവരിയും ചേര്‍ക്കുക.തേങ്ങയുടെ രണ്ടും മൂന്നും പാല്‍ ഒഴിച്ച് കുറു കുന്നതുവരെ ഇളക്കുക.ഇതില്‍ ഏലക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്ത് ഒന്നാംപാല്‍ ഒഴിക്കുക.തിളയ്ക്കുന്നതിനുമുമ്പ് വാങ്ങി നെയ്യില്‍ വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ക്കുക.

ചെറുപയര്‍ പായസം

ചെറുപയര്‍ പായസം

ചേരുവകള്‍

ചെറുപയര്‍ പരിപ്പ് -1 കപ്പ്
ശര്‍ക്കര -അര കിലോ
തേങ്ങയുടെ ഒന്നാംപാല്‍ -2 കപ്പ്
രണ്ടാംപാല്‍ -3 കപ്പ്
മൂന്നാംപാല്‍ -4 കപ്പ്
ചൌവരി -അര കപ്പ്
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
മുന്തിരിങ്ങ -25 എണ്ണം
അണ്ടിപരിപ്പ് -10 എണ്ണം
നെയ്യ് -2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചൌവരി ഒരു മണിക്കൂര്‍ മുന്‍പേ വെള്ളത്തില്‍ ഇട്ടുവെയ്ക്കണം.തേങ്ങയുടെ രണ്ടും മൂന്നും പാല്‍ ഒഴിച്ച്
ചൌവരി അടുപ്പില്‍ വെയ്ക്കുക.പയറുപരിപ്പ് ചെറുതായി ഒന്ന് വറുത്തെടുത്ത് ഇതില്‍ ചേര്‍ത്ത് വേവിക്കുക.
ശര്‍ക്കര ഒഴിച്ച് അടിയില്‍ പിടിയ്ക്കാതെ നന്നായി ഇളക്കുക.കുറുകി വരുമ്പോള്‍ ഏലക്കാപ്പൊടിയിട്ട് ഒന്നാംപാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങുക.അണ്ടിപരിപ്പും മുന്തിരിങ്ങയും നെയ്യില്‍ വറുത്തു മുകളില്‍ ഒഴിക്കുക.

പാല്‍പായസം

പാല്‍പായസം

  1. ഉണക്കലരി -500 ഗ്രാം
  2. പാല്‍ -5 ലിറ്റര്‍
  3. പഞ്ചസാര -ഒന്നര കിലോ
  4. നെയ്യ് -250 ഗ്രാം
  5. അണ്ടിപരിപ്പ് -10 എണ്ണം
  6. മുന്തിരിങ്ങ -20 എണ്ണം
  7. കുങ്കുമപ്പൂവ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

പാല്‍ അത്രയും തന്നെ വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിച്ചശേഷം തീ കുറച്ച് തുടരെ ഇളക്കുക.
ഇടയ്ക്കിടയ്ക്ക് കുറേശ്ശെ നെയ്യ് ചേര്‍ത്ത് ഇളക്കണം.പാല്‍ വറ്റി 5 ലിറ്റര്‍ ആകുമ്പോള്‍ കുറച്ച് പഞ്ചസാര ചേര്‍ക്കാം.ഉണക്കലരി കഴുകി പാലില്‍ ചേര്‍ത്ത് 2 ലിറ്റര്‍ വെള്ളവും ഒഴിക്കുക.അരി മുക്കാല്‍ വേവാകുമ്പോള്‍
ബാക്കി പഞ്ചസാര ചേര്‍ക്കുക.പായസം തിളച്ചു കുറുകുമ്പോള്‍ വാങ്ങി കുറച്ചു സമയം കൂടി വേവാന്‍ വെച്ചശേഷം വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും വിതറുക.അല്പം കുങ്കുമപ്പൂവും മുകളില്‍ ഇടുക.

സേമിയ പായസം

സേമിയ പായസം

  1. സേമിയ -1 കപ്പ്
  2. പാല്‍ -മുക്കാല്‍ ലിറ്റര്‍
  3. ഏലക്ക -6
  4. അണ്ടിപരിപ്പ് -10
  5. കിസ്മിസ് -20
  6. നെയ്യ് -4 ടേബിള്‍ സ്പൂണ്‍
  7. പഞ്ചസാര -ഒന്നര കപ്പ്
സേമിയ നെയ്യൊഴിച്ച് ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.കിസ്മിസും,അണ്ടിപരിപ്പ് പിളര്‍ന്നതും വറുത്തെടുക്കുക.പാല്‍ തിളച്ചു വരുമ്പോള്‍ സേമിയ ഇതിലിട്ട് വേവിക്കുക.വെന്തുവരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി ഏലക്ക പൊടിച്ചതും അണ്ടിപരിപ്പുംകിസ്മിസും ചൂടോടെ ഉപയോഗിക്കാം.
പഞ്ചസാരയുടെ അളവ് രുചിക്കനുസരിച്ച് മാറ്റാം.

മാമ്പഴപ്രഥമന്‍

മാമ്പഴപ്രഥമന്‍

നാരില്ലാത്ത പഴുത്ത മാമ്പഴം -2 കിലോ
ശര്‍ക്കര -അര കിലോ
തേങ്ങ തിരുമ്മിയത്‌ -1
ഏലക്ക -5
നെയ്യ് -3 ടേബിള്‍ സ്പൂണ്‍
ചെറിയ കഷണങ്ങളായി
നുറുക്കിയ തേങ്ങ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കി മിക്സിയില്‍ നല്ലപോലെ അരച്ചെടുക്കുക.2 കപ്പ് വെള്ളമൊഴിച്ച്
ശര്‍ക്കര തിളപ്പിച്ച്‌ അരിച്ച് ഒരു ഉരുളിയില്‍ ഒഴിക്കുക.ഇതില്‍ അരച്ച മാമ്പഴം ഇട്ട് വെള്ളം വറ്റുന്നതുവരെ ഇളക്കുക.തേങ്ങ തിരുമ്മിയതില്‍ കുറച്ചു വെള്ളമൊഴിച്ച് മിക്സിയില്‍ അരച്ച് പാല്‍ എടുക്കുക.ഈ പാല്‍ ഉരുളിയില്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങുക.നെയ്യ് ചൂടാക്കി തേങ്ങാകഷണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതുവരെ
വറുത്ത് പ്രഥമനില്‍ ഇടുക.ഏലക്കായും പൊടിച്ചിടുക.മധുരം കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ കുറച്ചു പഞ്ചസാര
ചേര്‍ക്കാം.

പഴപ്രഥമന്‍

പഴപ്രഥമന്‍

ചേരുവകള്‍

  1. ഏത്തപ്പഴം പഴുത്തത് -1 കിലോ
  2. ശര്‍ക്കര -500 ഗ്രാം
  3. തേങ്ങ -2 (ഒന്നും രണ്ടും പാലും എടുക്കുക.)
  4. ഇഞ്ചി -1 ചെറിയ കഷണം
  5. നെയ്യ് -2 ടേബിള്‍ സ്പൂണ്‍
  6. ഉണക്ക തേങ്ങ ചെറിയ കഷണങ്ങള്‍
ആക്കിയത് -50 ഗ്രാം

പാകം ചെയുന്ന വിധം

ഏത്തപ്പഴം ചെറിയ കഷണങ്ങളാക്കി ശര്‍ക്കര ചേര്‍ത്ത് നനായി വരട്ടുക.വരളുമ്പോള്‍ ഇഞ്ചി ചതച്ചിട്ട് അല്പം നെയ്യും ചേര്‍ത്ത് ഇളക്കുക.നന്നായി കുറുകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് വറ്റിക്കുക.അടുപ്പില്‍ നിന്നും
വാങ്ങി ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കുക.തേങ്ങാക്കൊത്ത് നെയ്യില്‍ മൂപ്പിച്ച് പായസത്തില്‍ ചേര്‍ക്കുക.

അട പ്രഥമന്‍

അട പ്രഥമന്‍

ചേരുവകള്‍

അട -100 ഗ്രാം
ശര്‍ക്കര -അര കിലോ
തേങ്ങയുടെ ഒന്നാംപാല്‍ -2 കപ്പ്
രണ്ടാംപാല്‍ -2 കപ്പ്
മൂന്നാംപാല്‍ -4 കപ്പ്
അണ്ടിപരിപ്പ് -10 എണ്ണം
മുന്തിരിങ്ങ -20 എണ്ണം
ഏലക്കാപ്പൊടി -2 ടേബിള്‍ സ്പൂണ്‍
നെയ്യ് -2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

അട നല്ല മയത്തില്‍ വേവിച്ചെടുത്ത് തണുത്ത വെള്ളത്തില്‍ ഇട്ട് ഊറ്റിയെടുക്കുക.ശര്‍ക്കര തിളപ്പിച്ച്‌ അരിച്ചെടുക്കുക.അട ശര്‍ക്കരയില്‍ ഇട്ട് അടുപ്പില്‍ വെച്ച് കുറച്ചുസമയം വഴറ്റുക.വഴന്നുകഴിഞ്ഞ് തേങ്ങയുടെ രണ്ടും മൂന്നും പാല്‍ ഒഴിച്ച് അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ഒഴിച്ച് ഇളക്കി
ഏലക്കാപ്പൊടിയും നെയ്യില്‍ വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ത്ത് വാങ്ങി തണുത്തശേഷം ഉപയോഗിക്കുക.

തക്കാളി ഓംലറ്റ്

തക്കാളി ഓംലറ്റ്

ചേരുവകള്‍

  1. കൊത്തിയരിഞ്ഞ കാബേജ് -2 ടേബിള്‍ സ്പൂണ്‍
  2. തക്കാളി അരച്ചത്‌ -2 എണ്ണം
  3. പച്ചമുളക് അരിഞ്ഞത് -2 എണ്ണം
  4. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍
  5. മുളകുപൊടി -കാല്‍ ടീസ്പൂണ്‍
  6. മല്ലിയില അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
  7. സവാള കൊത്തിയരിഞ്ഞത്‌ -1 എണ്ണം
  8. ജീരകപ്പൊടി -കാല്‍ ടീസ്പൂണ്‍
  9. കടലമാവ് -ഒന്നര കപ്പ്
  10. വെള്ളം,എണ്ണ,ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

കടലമാവില്‍ 1 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ഇട്ട് ഉപ്പും വെള്ളവും ഒഴിച്ച് ദോശമാവിന്റെ പരുവത്തില്‍ കലക്കുക.ഒരു നോണ്‍സ്റ്റിക്ക് പാനില്‍ അല്പം എണ്ണയൊഴിച്ച് മാവ് കുറേശ്ശെ കനം കുറച്ച് കോരിയൊഴിക്കുക.ഒരു വശം മൂക്കുമ്പോള്‍ അല്പം എണ്ണ സൈഡില്‍ ഒഴിച്ച് തിരിച്ചിട്ട്‌ നന്നായി മൂപ്പിച്ചെടുക്കുക.ചട്നി കൂട്ടി ഉപയോഗിക്കാം.

കപ്പ തോരന്‍

കപ്പ തോരന്‍

ചേരുവകള്‍

  1. വളരെ ചെറുതായി അരിഞ്ഞതോ
ഗ്രേറ്ററില്‍ ചുരണ്ടിയതോ ആയ
പച്ചകപ്പ -2 കപ്പ്
2.വെളുത്തുള്ളി -2 ചെറിയ അല്ലി
3.ചുവന്നുള്ളി -2 ചെറിയ അല്ലി
4. ജീരകം -1 നുള്ള്
5.മുളകുപൊടി -2 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
7. തേങ്ങ ചുരണ്ടിയത് -1 കപ്പ്
8. കടുക് -1 ടീസ്പൂണ്‍
9. കറിവേപ്പില -3 ഇതള്‍
10.വറ്റല്‍മുളക് -2 (6 കഷണങ്ങളാക്കിയത്)
11.ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
12.ഉപ്പ് -പാകത്തിന്

പാചകം ചെയ്യുന്ന വിധം

കപ്പ അരിഞ്ഞത് തിളച്ച വെള്ളത്തിലിട്ട് അധികം വെന്തുപോകാതെ വേവിച്ചെടുത്ത് വെള്ളം ഊറ്റിക്കളയുക.ചുരണ്ടിയ തേങ്ങയില്‍ വെളുത്തുള്ളിയും ചുവന്നുള്ളിയും നന്നായി ചതച്ച് മുളകുപൊടിയും
മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി ചേര്‍ത്ത് തിരുമ്മി വെയ്ക്കുക.ചീനച്ചട്ടിയില്‍ കടുക്,ഉഴുന്നുപരിപ്പ്,വറ്റല്‍മുളക് ഇവയിട്ട് മൂത്താല്‍ കറിവേപ്പിലയും ചേര്‍ത്തിളക്കി തയ്യാറാക്കി വെച്ച കപ്പയിട്ട് നന്നായി ചിക്കി തോര്‍ത്തി എടുക്കുക.

മുന്തിരിക്കൊത്ത്

മുന്തിരിക്കൊത്ത്

  1. ചെറുപയര്‍ -2 കപ്പ്
  2. ശര്‍ക്കര -1 കപ്പ്
  3. തേങ്ങതിരുമ്മിയത്‌ -2 കപ്പ്
  4. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
  5. കടലമാവ് -1 കപ്പ്
  6. അരിപ്പൊടിവറുക്കാത്തത്‌ -1 കപ്പ്
  7. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

പയറു വറുത്തു തൊലി കളഞ്ഞെടുക്കുക.ഇത് മിക്സിയില്‍ ഒരുവിധം പൊടിക്കുക.ശര്‍ക്കര അടുപ്പില്‍ വെച്ച്
ഉരുകുമ്പോള്‍ തേങ്ങ തിരുമ്മിയത്‌ ഏലക്കാപ്പൊടി ഇവ ഇട്ട് ഇളക്കുക.പയറു പൊടിച്ചതും ചേര്‍ത്തിളക്കി ഉരുട്ടാവുന്ന പരുവത്തില്‍ വാങ്ങി ചെറിയ ഉരുളകളാക്കുക.കടലമാവും അരിമാവും ഉപ്പും ചേര്‍ത്ത് കട്ടിയായി
കലക്കിയ മാവില്‍ ഉരുളകള്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.

വാട്ടുകപ്പ പുഴുക്ക്

വാട്ടുകപ്പ പുഴുക്ക്

ചേരുവകള്‍

  1. വാട്ടുകപ്പ നുറുക്കി വേവിച്ചത് -4 കപ്പ്
  2. മുളകുപൊടി -3 ടീസ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  4. ജീരകം -അര ടീസ്പൂണ്‍
  5. തേങ്ങ ചുരണ്ടിയത് -2 കപ്പ് നിറയെ
  6. വന്‍പയര്‍ -അര കപ്പ്
  7. ഉള്ളി -2
  8. വെളുത്തുള്ളി -2
  9. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
  10. കറിവേപ്പില -3-4 ഇതള്‍
  11. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

വന്‍പയര്‍ തലേദിവസം വെള്ളത്തിലിട്ട്‌ കുതിര്‍ത്തത് കുഴഞ്ഞുപോകാതെ വേവിച്ചുവെയ്ക്കുക.കപ്പ വേവിച്ചത് (തലേദിവസം കപ്പ വെള്ളത്തിലിട്ടു വെച്ചിരുന്നാല്‍ വേഗം വേകും.)മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് വെന്ത പയറില്‍ ചേര്‍ത്തിളക്കി വെയ്ക്കുക.തേങ്ങ,ജീരകം,ചെറിയ ഉള്ളി,വെളുത്തുള്ളി,ഇവ ഒന്നിച്ചു അരച്ചെടുത്ത്‌ കപ്പ-പയര്‍ കൂട്ടില്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.ഇറക്കിവെച്ചതിനുശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.

കപ്പ മെഴുക്കുപുരട്ടി

കപ്പ മെഴുക്കുപുരട്ടി

ചേരുവകള്‍

  1. കപ്പ -1 കിലോ
  2. മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  4. കറിവേപ്പില -4 ഇതള്‍
  5. കടുക് -2 ടീസ്പൂണ്‍
  6. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
  7. വറ്റല്‍മുളക് -4 എണ്ണം(ഓരോന്നും മൂന്നായി മുറിച്ചത്)
  8. ഉപ്പ് -പാകത്തിന്
  9. ഉള്ളി -10 എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
പാചകം ചെയ്യുന്ന വിധം

കപ്പ നടുവിലെ നാരില്ലാതെ നുറുക്കിയെടുത്ത് കഴുകി വാരി തിളച്ച വെള്ളത്തില്‍ 2 മിനിട്ട് വേവിക്കുക.പിന്നിട്
ഈ വെള്ളം ഊറ്റി കളഞ്ഞ്‌ കപ്പയില്‍ ഉപ്പ്,മുളകുപൊടി,മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് ഇളക്കി വെയ്ക്കണം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാല്‍ മുറിച്ച വറ്റല്‍മുളക്,അരിഞ്ഞുവെച്ച ഉള്ളി,കറിവേപ്പില ഇവയിട്ട് ഇളക്കി ഉള്ളി മൂത്തുതുടങ്ങുമ്പോള്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കപ്പയും ചേര്‍ത്ത്
നന്നായി ഇളക്കി ഉപയോഗിക്കാം.