Wednesday, September 30, 2009

പപ്പായ പച്ചടി

ചേരുവകള്‍

  1. പപ്പായ -250 ഗ്രാം
  2. പച്ചമുളക് -3
  3. തേങ്ങ -അര മുറി
  4. ഉപ്പ് -പാകത്തിന്
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
  7. ജീരകം -കാല്‍ ടീസ്പൂണ്‍
  8. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  9. കടുക് -1 ടീസ്പൂണ്‍
  10. വറ്റല്‍മുളക് -3
  11. കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

തൊലിചെത്തിയ പപ്പായ കുരുകളഞ്ഞ് ചെറുതായി അരിയുക.ഇതും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതുംഉപ്പും ചേര്‍ത്തു വേവിക്കുക.
തേങ്ങ,മുളകുപൊടി,ജീരകം,മഞ്ഞള്‍പൊടി ഒഴിച്ച് തിളപ്പിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക് മുറിച്ചിട്ട് കറിവേപ്പിലയും മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

തൈര് പച്ചടി

തൈര് പച്ചടി

ചേരുവകള്‍

  1. നല്ല കട്ടത്തൈര് -1 കപ്പ്
  2. സവാള -1
  3. പച്ചമുളക് -3
  4. ഉപ്പ് -പാകത്തിന്
  5. കറിവേപ്പില -1 കതിര്‍പ്പ്
  6. ഇഞ്ചി -1 കഷണം
പാകം ചെയ്യുന്ന വിധം

സവാള കനം കുറച്ച് അരിയുക.പച്ചമുളക് വട്ടത്തില്‍ അരിയുക.ഇഞ്ചി പൊടിയായി അരിയുക.തൈര് നന്നായി
ഉടച്ച് അരഞ്ഞ ചേരുവകളും പാകത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.

വെണ്ടയ്ക്ക പച്ചടി

വെണ്ടയ്ക്ക പച്ചടി

ചേരുവകള്‍

  1. വെണ്ടയ്ക്ക -250 ഗ്രാം
  2. തേങ്ങ -1 മുറി
  3. പച്ചമുളക് -5
  4. ഉപ്പ് -പാകത്തിന്
  5. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  6. പുളി -അല്പം
  7. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  8. കടുക് -1 ടീസ്പൂണ്‍
  9. വറ്റല്‍മുളക് -3
  10. കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക കഴുകി ചെറുതായി അരിയുക.ഇതില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് പുളി പിഴിഞ്ഞ
വെള്ളവും ഒഴിച്ച് തിളപ്പിക്കുക.തേങ്ങയും പച്ചമുളകും അരച്ച് കലക്കിയതും വെണ്ടയ്ക്കയില്‍ ഒഴിക്കുക.തിളയ്ക്കുമ്പോള്‍ കടുക് താളിച്ച്‌ ഉപയോഗിക്കാം.

മാങ്ങ പച്ചടി

മാങ്ങ പച്ചടി

ചേരുവകള്‍

  1. വിളഞ്ഞ മാങ്ങ -4
  2. തേങ്ങ തിരുമ്മിയത്‌ -1
  3. വറ്റല്‍മുളക് -4
  4. ഉപ്പ് -പാകത്തിന്
  5. കടുക് -1 ടീസ്പൂണ്‍
  6. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. കറിവേപ്പില - 2 കതിര്‍പ്പ്
പാകം ചെയുന്ന വിധം

മാങ്ങ കഷണങ്ങള്‍ ആക്കി എടുക്കുക.മുളക് അരച്ചതും ഉപ്പും ചേര്‍ത്ത് മാങ്ങ വേവിക്കുക.തേങ്ങ അല്പം തരുതരുപ്പായി അരച്ചെടുക്കുക.കടുക് ചതച്ചെടുക്കുക.ഇത് കലക്കി മാങ്ങയില്‍ ഒഴിച്ച് ഇളക്കണം.തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട്
മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

മത്തങ്ങ പച്ചടി

മത്തങ്ങ പച്ചടി

ചേരുവകള്‍

  1. മത്തങ്ങ -1 കഷണം
  2. തേങ്ങ തിരുമ്മിയത്‌ -അര മുറി
  3. പച്ചമുളക് -4
  4. തൈര് -1 കപ്പ്
  5. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  6. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  7. വറ്റല്‍മുളക് -2
  8. കടുക് -അര ടീസ്പൂണ്‍
  9. കറിവേപ്പില -2 കതിര്‍പ്പ്
  10. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മത്തങ്ങ വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കുക.മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തു വേവിക്കുക.പച്ചമുളക് അരിഞ്ഞതും ഇടുക.തേങ്ങ മയത്തില്‍ അരച്ചെടുക്കുക.ഈ അരപ്പ് തൈരില്‍ കലക്കി വെന്ത
കഷണങളില്‍ ഒഴിച്ച് തിളപ്പിക്കുക.തിളച്ചതിനുശേഷം കടുക് വറുത്തിട്ട് ഉപയോഗിക്കാം.

വാഴപ്പിണ്ടി പച്ചടി

വാഴപ്പിണ്ടി പച്ചടി

ചേരുവകള്‍

  1. വാഴപ്പിണ്ടി -1 കഷണം
  2. തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
  3. മുളകുപൊടി - 1 ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  5. ഉപ്പ് - പാകത്തിന്
  6. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  7. കടുക് - അര ടീസ്പൂണ്‍
  8. കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

വാഴപ്പിണ്ടി ചെറു കഷണങ്ങള്‍ ആയി അരിയുക.അല്പം വെള്ളം ചേര്‍ത്തു വേവിക്കുക.തേങ്ങയോടൊപ്പം
മുളകുപൊടി,മഞ്ഞള്‍പൊടി ഇവ ചേര്‍ത്തു നന്നായി അരയ്ക്കുക.വെന്ത കഷണങളില്‍ അരപ്പ് കലക്കി പാകത്തിന്
ഉപ്പും ചേര്‍ത്തു തിളപ്പിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക് ഇടുക.കടുക് പൊട്ടുമ്പോള്‍ കറിവേപ്പിലയുമിട്ട് മൂപ്പിച്ച്
കറിയില്‍ ഒഴിക്കുക.

പാവയ്ക്ക പച്ചടി

പാവയ്ക്ക പച്ചടി

ചേരുവകള്‍

പാവയ്ക്ക -2
തേങ്ങ തിരുമ്മിയത്‌ -അര മുറി
പച്ചമുളക് -5
തൈര് -1 കപ്പ്
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -3
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

പാവയ്ക്ക കുരുവും പാടയും കളഞ്ഞ് ചെറുതായി അരിയുക.തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കഷണങ്ങള്‍ ഇട്ടു വഴറ്റുക.അരപ്പും തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക.തിളയ്ക്കുമ്പോള്‍ വാങ്ങി വെച്ചു കടുക് താളിച്ചുപയോഗിക്കാം.

പൈനാപ്പിള്‍ പച്ചടി

പൈനാപ്പിള്‍ പച്ചടി

ചേരുവകള്‍

1.പൈനാപ്പിള്‍ -2 കിലോ
പഞ്ചസാര - 250 ഗ്രാം
2.തേങ്ങ -1
പച്ചമുളക് -3
കടുക് -1 ടീസ്പൂണ്‍
3. തൈര് -1 കപ്പ്
മുളകുപൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. കറിവേപ്പില -2 കതിര്‍പ്പ്
വറ്റല്‍മുളക് -2
വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പൈനാപ്പിള്‍ ചെറിയ കഷണങ്ങള്‍ ആക്കി അരിയുക.ഇതില്‍ പഞ്ചസാര ചേര്‍ത്ത് വേവിക്കുക.വെന്ത കഷണങളില്‍ മൂന്നാമത്തെ ചേരുവകള്‍ ചേര്‍ക്കുക.തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കുക.കടുക് ചതച്ചെടുക്കുക.അരപ്പ് കലക്കി കറിയില്‍ ചേര്‍ത്ത് ചൂടാക്കി വാങ്ങുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.
വറ്റല്‍മുളക് രണ്ടായിമുറിച്ചതും കറിവേപ്പിലയുമിട്ട് വഴറ്റി കറിയില്‍ ചേര്‍ക്കുക.

വെള്ളരിയ്ക്കാ പച്ചടി

വെള്ളരിയ്ക്കാ പച്ചടി

  1. വെള്ളരിയ്ക്ക -200 ഗ്രാം
  2. തേങ്ങ -1 കപ്പ്
  3. പച്ചമുളക് -5
  4. ഉപ്പ് -പാകത്തിന്
  5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  6. കടുക് -അര ടീസ്പൂണ്‍
  7. കറിവേപ്പില - 1 കതിര്‍പ്പ്
  8. ഉള്ളി - 2 അല്ലി
പാകം ചെയ്യുന്ന വിധം

വെള്ളരിയ്ക്ക തൊലി ചെത്തി ചെറുതായി കഷണങ്ങള്‍ ആക്കുക.ഒരു പാത്രത്തില്‍ വെള്ളവും വെള്ളരിയ്ക്കാ
കഷണങളും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും ചേര്‍ത്തു വേവിക്കുക.തേങ്ങയും ഉള്ളിയും നന്നായി അരച്ചെടുക്കുക.കടുകും കറിവേപ്പിലയും ചതച്ചെടുക്കുക.ഇവ കലക്കി വേവിച്ച കഷണത്തില്‍ ഒഴിച്ച് ഇളക്കി
ചൂടാക്കിയെടുക്കുക.കടുക് വറുത്തിടുക.

പപ്പായ ചട്നി

പപ്പായ ചട്നി

ചേരുവകള്‍

  1. പപ്പായ -1 കിലോ
  2. മുളകുപൊടി -2 ടീസ്പൂണ്‍
  3. പഞ്ചസാര -100 ഗ്രാം
  4. വിനാഗിരി -4 ടീസ്പൂണ്‍
  5. ഇഞ്ചി - 2 കഷണം
  6. വെളുത്തുള്ളി -6 അല്ലി
  7. ചെറുനാരങ്ങ - 1 എണ്ണം
  8. ഉപ്പ് -പാകത്തിന്
പാകം ചെയു‌ന്ന വിധം

പപ്പായ കഷണങ്ങള്‍ ആക്കിയിട്ടു വേവിക്കുക.എന്നിട്ട് പഞ്ചസാര,ചതച്ച ഇഞ്ചി,വെളുത്തുള്ളി,മുളകുപൊടി
എന്നിവ ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക.കുറുകിവരുമ്പോള്‍ വിനാഗിരിയും പാകത്തിന് ഉപ്പും ചേര്‍ക്കുക.അല്പം
ചെറുനാരങ്ങാനീര് ചേര്‍ത്ത് വാങ്ങി വെയ്ക്കാം.

ടൊമാറ്റോ ചട്നി

ടൊമാറ്റോ ചട്നി

ചേരുവകള്‍

  1. ടൊമാറ്റോ -1 കിലോ
  2. സവാള -500 ഗ്രാം
  3. ഉണക്കമുന്തിരി -100 ഗ്രാം
  4. വിനാഗിരി -അര കുപ്പി
  5. പഞ്ചസാര -400 ഗ്രാം
  6. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  7. മുളകുപൊടി -2 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാകം ചെയുന്ന വിധം

തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കിയ ടൊമാറ്റോ,ചെറുതായി അരിഞ്ഞ സവാള,മുളകുപൊടി,വിനാഗിരി എന്നിവ പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക.വെന്ത് കുറുകുമ്പോള്‍ വാങ്ങി വെച്ച് പഞ്ചസാരയും മുന്തിരിയും
ചേര്‍ത്തിളക്കുക.ഇത് വീണ്ടും ചൂടാക്കിയിട്ട്‌ തണുപ്പിച്ചുപയോഗിക്കാം.

മാങ്ങ ചട്നി

മാങ്ങ ചട്നി

ചേരുവകള്‍

  1. മാങ്ങ -400 ഗ്രാം
  2. പഞ്ചസാര -250 ഗ്രാം
  3. ഇഞ്ചി -1 കഷണം
  4. വറ്റല്‍മുളക് -6 വറുത്തു പൊടിച്ചത്
  5. ചുവന്നുള്ളി -5
  6. വെളുത്തുള്ളി -4 അല്ലികള്‍
പാകം ചെയ്യുന്ന വിധം

മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.വെന്ത കഷണങളില്‍ മുളക്,ഇഞ്ചി,വെളുത്തുള്ളി,ചുവന്നുള്ളി എന്നിവ വഴറ്റിയത് ചേര്‍ത്തിളക്കുക.ഇതിലേയ്ക്ക് പഞ്ചസാരയും
ഉപ്പും ചേര്‍ക്കണം.

നെല്ലിക്ക ചട്നി

നെല്ലിക്ക ചട്നി

ചേരുവകള്‍

നെല്ലിക്ക -250 ഗ്രാം
മുളകുപൊടി -2 ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
പഞ്ചസാര -50 ഗ്രാം
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

നെല്ലിക്ക വേവിച്ച് കുരുകളഞെടുക്കുക.ഇതില്‍ പഞ്ചസാര,ജീരകം,മുളകുപൊടി എന്നിവ പാകത്തിനുപ്പ് ചേര്‍ത്ത് തിളപ്പിക്കുക.തിളപ്പിച്ചശേഷം വാങ്ങി തണുപ്പിച്ചുപയോഗിക്കാം.

ഏത്തയ്ക്ക ചട്നി

ഏത്തയ്ക്ക ചട്നി

ചേരുവകള്‍

  1. ഏത്തയ്ക്ക -3 ഇടത്തരം
  2. സവാള -1
  3. പച്ചമുളക് -4
  4. പുളി -കുറച്ച്‌
  5. ഉപ്പ് -പാകത്തിന്
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഏത്തയ്ക്ക കനം കുറച്ച്‌ നീളത്തില്‍ ചെറിയ കഷണങ്ങള്‍ ആക്കി അരിയുക.ഇത് എണ്ണയില്‍ വറുത്തെടുക്കുക.
സവാള ചെറുതായി അരിഞ്ഞ് തേങ്ങ തിരുംമിയതും പുളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക.ഇതെല്ലാം
ഏത്തയ്ക്ക വറുത്തു വെച്ചതിനോട് ചേര്‍ത്തിളക്കുക.ഏത്തയ്ക്കയുടെ കരികരുപ്പ് മാറുന്നതിന് മുമ്പ്‌ ഇതു ഉപയോഗിക്കാം.

തേങ്ങ ചട്നി

തേങ്ങ ചട്നി

ചേരുവകള്‍

  1. തേങ്ങ -അരമുറി
  2. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
  3. ചുവന്നുള്ളി -2 ടേബിള്‍സ്പൂണ്‍
  4. വറ്റല്‍മുളക് -4
  5. കടുക് -അര ടീസ്പൂണ്‍
  6. കറിവേപ്പില -1 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

തേങ്ങ തിരുംമിയതും ഉള്ളിയും വറ്റല്‍മുളകും ചേര്‍ത്തരയ്ക്കുക.ചീനച്ചട്ടിയില്‍ കടുക് വറുക്കുക.അരപ്പ് അതിലേയ്ക്കിട്ടു പാകത്തിന് ഉപ്പും വെള്ളവും ചേര്‍ക്കുക.നന്നായി ഇളക്കി തിളപ്പിക്കുക.

വെള്ള ചട്നി

വെള്ള ചട്നി

ചേരുവകള്‍

തേങ്ങ തിരുമ്മിയത്‌ - 1 കപ്പ്
ചുവന്നുള്ളി -8
പുളി -ചെറുനെല്ലിക്ക വലിപ്പം
പച്ചമുളക് -6
ഉപ്പ് -പാകത്തിന്
കറിവേപ്പില -4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

തേങ്ങ തിരുംമിയതും ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഇത് ഇഞ്ചി ചെറുതായി
അരിഞ്ഞതും പുളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഈ അരപ്പ് കുറച്ചു വെള്ളത്തില്‍ കലക്കുക.ചീനച്ചട്ടിയില്‍ കടുക് വറുത്ത ശേഷം ഈ അരപ്പ് അതിലൊഴിക്കുക.ഇത് നന്നായി തിളപ്പിച്ച്
വാങ്ങി വെയ്ക്കുക.

ഇഞ്ചി ചട്നി

ഇഞ്ചി ചട്നി

ചേരുവകള്‍

ഇഞ്ചി -1 ഇടത്തരം കഷണം
തേങ്ങ തിരുമ്മിയത്‌ -അര കപ്പ്
പച്ചമുളക് -4
ചുവന്നുള്ളി -10
പുളി -നെല്ലിക്ക വലിപ്പം
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇഞ്ചി അരിഞ്ഞതും തേങ്ങ തിരുംമിയതും മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് ഉപയോഗിക്കുക.

പുതിന ചട്നി

പുതിന ചട്നി

ചേരുവകള്‍

  1. പുതിനയില അരിഞ്ഞത് -1 കപ്പ്
  2. പുളി -നെല്ലിക്ക വലിപ്പം
  3. ഉള്ളി -10
  4. പച്ചമുളക് -1
  5. പഞ്ചസാര -കാല്‍ ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പുതിനയില അരിഞ്ഞതും ഉള്ളി,പുളി,പച്ചമുളക്,പഞ്ചസാര,എന്നിവ പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി
അരച്ചെടുക്കുക.


ബീട്രൂട്ട്‌ ചട്നി

ബീട്രൂട്ട്‌ ചട്നി

ചേരുവകള്‍

ബീട്രൂട്ട്‌ -2 എണ്ണം
തേങ്ങ ചിരകിയത് -1 കപ്പ്
ഉണക്കമുളക് -7 എണ്ണം
ചുവന്നുള്ളി -10 എണ്ണം
കടല -3 ടേബിള്‍സ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ബീട്രൂട്ട്‌ ചെറിയ കഷണങ്ങള്‍ ആക്കി വഴറ്റുക..പകുതി മൂപ്പാകുമ്പോള്‍
മുളകും ഉള്ളിയും ഒപ്പമിട്ട് വഴറ്റണം.നല്ലപോലെ മൂക്കുമ്പോള്‍ തേങ്ങ ചിരകിയതും കറിവേപ്പിലയുമിട്ട് വഴറ്റണം.
മൂക്കുമ്പോള്‍ വാങ്ങി വെച്ചു പാകത്തിന് ഉപ്പും ചേര്‍ത്തു അരച്ചെടുക്കുക.

മധുരചട്നി

മധുരചട്നി

ചേരുവകള്‍

ഉണക്കമുന്തിരി -1 കപ്പ്
ചുവന്നുള്ളി - 4
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി -ചെറിയ കഷണം
വിനാഗിരി -അര ടീസ്പൂണ്‍
പഞ്ചസാര -ഒന്നര ടീസ്പൂണ്‍
വെള്ളം -ഒന്നര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂടി കഴുകി വൃത്തിയാക്കിയ ഉണക്കമുന്തിരിയുമായി കലര്‍ത്തി വിനാഗിരിയില്‍ കുതിര്‍ത്തു
വെയ്ക്കണം.കുതിരുമ്പോള്‍ അരകല്ലില്‍ അരച്ചെടുക്കണം.

ഉള്ളി ചട്നി

ഉള്ളി ചട്നി

ചേരുവകള്‍

  1. ചുവന്നുള്ളി -ഒന്നര കപ്പ്
  2. ഉണക്കമുളക് -5
  3. പച്ചമുളക് -3
  4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
  6. കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

ഉണക്കമുളക്,പച്ചമുളക്,കറിവേപ്പില എന്നിവ പാകത്തിന് ഉപ്പും ചേര്‍ത്ത് അരയ്ക്കുക.ഇതില്‍ ഉള്ളി ചതച്ച്
അധികം അരയാതെ അരച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

വെജിറ്റബിള്‍ ചട്നി

വെജിറ്റബിള്‍ ചട്നി

  1. കാബേജ് -കാല്‍ കഷണം
  2. കാരറ്റ് -4 എണ്ണം
  3. മാങ്ങ (പുളിയില്ലാത്തത്) -അരമുറി ഭാഗം
  4. സവാള -അരഭാഗം
  5. പച്ചമുളക് -3
  6. ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
  7. പഞ്ചസാര -അര ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

കാബേജ്,കാരറ്റ്,മാങ്ങ,സവാള എന്നിവ ചെറുതായി കൊത്തിയരിയുക.പച്ചമുളക് വട്ടത്തിലരിഞ്ഞു
എടുക്കുക.ഇവയെല്ലാം കൂടി കൂട്ടിയോജിപ്പിച്ച് ചെറുനാരങ്ങാനീരും പഞ്ചസാരയും പാകത്തിന് ഉപ്പും
ചേര്‍ത്തിളക്കുക.

Wednesday, September 23, 2009

ഉപ്പുമാങ്ങ കിച്ചടി

ഉപ്പുമാങ്ങ കിച്ചടി

ചേരുവകള്‍

  1. ഉപ്പുമാങ്ങ -2 എണ്ണം
  2. തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
  3. തൈര് -1 കപ്പ്
  4. പച്ചമുളക് -3 എണ്ണം
  5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  6. വറ്റല്‍മുളക് -2 എണ്ണം
  7. ജീരകം -1 നുള്ള്
  8. കടുക് - അര ടീസ്പൂണ്‍
  9. കറിവേപ്പില - 1 കതിര്‍പ്പ്
പാകം ചെയ്യു‌ന്ന വിധം

അണ്ടി കളഞ്ഞ ഉപ്പുമാങ്ങ,തേങ്ങ തിരുംമിയതും പച്ചമുളകും ജീരകവും ചേര്‍ത്ത് അരയ്ക്കുക.ഇതില്‍ അല്പം
കടുക് ചതച്ചതും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍
മുളക്,കടുക്,കറിവേപ്പില ഇവയിട്ടു മൂപ്പിച്ച് മാങ്ങാക്കൂട്ടില്‍ ചേര്‍ക്കുക.നല്ലപോലെ ഉടച്ച തൈരും ചേര്‍ത്ത് ഇളക്കി തണുക്കുമ്പോള്‍ ഉപയോഗിക്കാം.

നെല്ലിക്ക കിച്ചടി

നെല്ലിക്ക കിച്ചടി

ചേരുവകള്‍

  1. നെല്ലിക്ക -15
  2. തൈര് -1 കപ്പ്
  3. തേങ്ങ -അര കപ്പ്
  4. പച്ചമുളക് -5
  5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  6. കടുക് -അര ടീസ്പൂണ്‍
  7. വറ്റല്‍മുളക് -3
  8. കറിവേപ്പില -1 കതിര്‍പ്പ്
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

നെല്ലിക്ക തിളച്ച വെള്ളത്തിലിട്ട് ഒന്നു വാട്ടിയ ശേഷം കുരു കളഞ്ഞെടുക്കുക.നെല്ലിക്കയും തേങ്ങയും പച്ചമുളകും അരച്ചെടുക്കുക.പാകത്തിന് ഉപ്പും ചേര്‍ത്ത് ഈ കൂട്ട് തിളപ്പിക്കുക. തിളച്ചതിനുശേഷം തൈരൊഴിച്ചു
വാങ്ങുക.കടുക് പൊട്ടിച്ചു ഉപയോഗിക്കാം.

പപ്പായ കിച്ചടി

പപ്പായ കിച്ചടി

ചേരുവകള്‍

  1. പപ്പായ -200 ഗ്രാം
  2. തേങ്ങ -അര കപ്പ്
  3. തൈര് -കാല്‍ ലിറ്റര്‍
  4. പച്ചമുളക് -3
  5. കടുക് -അര ടീസ്പൂണ്‍
  6. കറിവേപ്പില -1 കതിര്‍പ്പ്
  7. എണ്ണ -1 ടേബിള്‍സ്പൂണ്‍
  8. വറ്റല്‍മുളക് -2
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറുതായി അരിഞ്ഞു വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ പപ്പായ ഇതിലിട്ട് വറുത്തു കോരുക.ഈ അരപ്പില്‍ പപ്പായ കഷണങളും ഇട്ട് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്
തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ തൈരും ഒഴിച്ച് ഇളക്കി വാങ്ങി വെയ്ക്കുക.എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍
വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.തേങ്ങയും പച്ചമുളകും നല്ല മയത്തില്‍
അരച്ച് ഇടുക.

പച്ചമാങ്ങ കിച്ചടി

പച്ചമാങ്ങ കിച്ചടി

ചേരുവകള്‍

  1. പച്ചമാങ്ങ -1
  2. തൈര് (പുളിയില്ലാത്തത്) -കാല്‍ ലിറ്റര്‍
  3. തേങ്ങ തിരുമ്മിയത്‌ -കാല്‍ മുറി
  4. പച്ചമുളക് -4
  5. എണ്ണ -1 ടേബിള്‍സ്പൂണ്‍
  6. കടുക് -1 ടീസ്പൂണ്‍
  7. വറ്റല്‍മുളക് -2
  8. ഉപ്പ് -പാകത്തിന്
  9. ജീരകം -കാല്‍ ടീസ്പൂണ്‍
  10. ഉലുവ -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

മാങ്ങ തൊലി കളഞ്ഞ് ചെറുതായി കൊത്തിയരിയുക.ഇത് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.തേങ്ങയും പച്ചമുളകും ജീരകവും നന്നായി അരച്ചെടുത്ത് മാങ്ങ കഷണങളില്‍ ചേര്‍ക്കുക.കറി
തിളച്ചുവരുമ്പോള്‍ തൈര് ഒഴിച്ച് വാങ്ങുക.
എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.ഇതില്‍ ഉലുവയും വറ്റല്‍മുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ച്
കറിയില്‍ ഒഴിക്കുക.

പാവയ്ക്ക കിച്ചടി

പാവയ്ക്ക കിച്ചടി

ചേരുവകള്‍

പാവയ്ക്ക -200 ഗ്രാം
തേങ്ങ -അര മുറി
തൈര് -1 കപ്പ്
പച്ചമുളക് -3
കടുക്,കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
ജീരകം -കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാവയ്ക്ക കഴുകി വട്ടത്തിലരിഞ്ഞു വെയ്ക്കുക.തേങ്ങയും,പച്ചമുളകും,ജീരകവും മയത്തില്‍ അരച്ചെടുക്കുക.കടുകും കറിവേപ്പിലയും ചതയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ പാവയ്ക്ക വറുത്തെടുക്കുക.അരപ്പ്
കലക്കിയതില്‍ പാവയ്ക്കയും പാകത്തിന് ഉപ്പും ചതച്ച ചേരുവകളും ഇട്ട് തിളപ്പിക്കുക.തൈര് ഉടച്ചുവെയ്ക്കുക. തിളച്ച ശേഷം തൈര് ഒഴിച്ച് വാങ്ങി വെയ്ക്കാം.

കുബളങ്ങ കിച്ചടി

കുബളങ്ങ കിച്ചടി

ചേരുവകള്‍

1.കുബളങ്ങ -1 കഷണം
2.തൈര് - 1 കപ്പ്
3.തേങ്ങ -അര മുറി
പച്ചമുളക് -2
ജീരകം -കാല്‍ ടീസ്പൂണ്‍
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

തൊലി ചെത്തിയ കുബളങ്ങ കനം കുറച്ചരിഞ്ഞു വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.മൂന്നാമത്തെ
ചേരുവകള്‍ നല്ല മയത്തില്‍ അരച്ചെടുത്ത് കുബളങ്ങയില്‍ ചേര്‍ക്കുക.നന്നായി തിളക്കുമ്പോള്‍ തൈര് ചേര്‍ക്കുക.
വാങ്ങി വെച്ചു കടുക് വറുത്തു ഉപയോഗിക്കാം.

പൈനാപ്പിള്‍ കിച്ചടി

പൈനാപ്പിള്‍ കിച്ചടി

ചേരുവകള്‍

  1. പഴുത്ത കൈതച്ചക്ക -1 കഷണം
  2. തൈര് -കാല്‍ ലിറ്റര്‍
  3. പച്ചമുളക് -2
  4. ജീരകം -കാല്‍ ടീസ്പൂണ്‍
  5. തേങ്ങ -1 കപ്പ്
  6. കറിവേപ്പില -1 കതിര്‍പ്പ്
  7. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  8. കടുക് -അര ടീസ്പൂണ്‍
  9. വറ്റല്‍മുളക് -2
  10. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

തൊലി ചെത്തിയെടുത്ത പൈനാപ്പിള്‍ ചെറിയ കഷണങ്ങള്‍ ആക്കുക.അല്പം വെള്ളം ചേര്‍ത്ത് പൈനാപ്പിള്‍
കഷണങ്ങള്‍ വേവിക്കുക.തൈര് ഉടച്ചു വെയ്ക്കുക.തേങ്ങയും പച്ചമുളകും ജീരകവും അരച്ചെടുക്കുക.കറിവേപ്പില ചതയ്ക്കുക.അരച്ച ചേരുവകളും തൈരും ഉപ്പും വേവിച്ച കഷണങളും ചേര്‍ത്ത് തിളപ്പിക്കുക.കടുക് വറുത്തിട്ട്
ഉപയോഗിക്കാം.

വെള്ളരിക്ക കിച്ചടി

വെള്ളരിക്ക കിച്ചടി

ചേരുവകള്‍

  1. വെള്ളരിക്ക -കാല്‍ കിലോ
  2. തൈര് -കാല്‍ ലിറ്റര്‍
  3. ഉപ്പ് -പാകത്തിന്
  4. ജീരകം -1 നുള്ള്
  5. പച്ചമുളക് -6
  6. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

വെള്ളരിക്ക തൊലി ചെത്തി ചെറുതായി അരിഞ്ഞതും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.തേങ്ങയും
ജീരകവും മയത്തില്‍ അരയ്ക്കുക.പച്ചമുളക്,കറിവേപ്പില,ഒരു ടീസ്പൂണ്‍ കടുക് എന്നിവ ചതച്ച് വെയ്ക്കുക.
വെന്ത കഷണങളിലെയ്ക്ക് അരപ്പും ചതച്ചുവെച്ച ചേരുവകളും ചേര്‍ത്ത് തിളപ്പിക്കുക.തൈര് ചേര്‍ത്തിളക്കി പതഞ്ഞു പൊങ്ങുമ്പോള്‍ വാങ്ങി വെയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്,വറ്റല്‍മുളക് എന്നിവ മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

Tuesday, September 22, 2009

വെണ്‍പൊങ്കല്‍

വെണ്‍പൊങ്കല്‍

ചേരുവകള്‍

  1. അരി -500 ഗ്രാം
  2. കുരുമുളക് -2 ടീസ്പൂണ്‍
  3. ജീരകം -അര ടീസ്പൂണ്‍
  4. ചെറുപയര്‍ പരിപ്പ് -200 ഗ്രാം
  5. ഉപ്പ് -പാകത്തിന്
  6. ഇഞ്ചി -2 ടീസ്പൂണ്‍
  7. നെയ്യ് -50 ഗ്രാം
  8. അണ്ടിപ്പരിപ്പ്‌ -15 എണ്ണം
പാകം ചെയ്യുന്ന വിധം

നെയ്യ് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പ്‌ വറുത്തെടുക്കുക.കുരുമുളകും ജീരകവും വഴറ്റുക.ചെറുപയര്‍ പരിപ്പ്
വറുത്തെടുക്കുക.ഒരു പാത്രത്തില്‍ വെള്ളമെടുത്തു തിളപ്പിക്കുക.വെള്ളം തിളയ്ക്കുമ്പോള്‍ അരിയും ചെറുപയര്‍
പരിപ്പും ഇട്ടു വേവിക്കുക.പകുതി വേവാകുമ്പോള്‍ ഉപ്പും ചേര്‍ക്കണം.വെന്ത ശേഷം വറുത്ത അണ്ടിപ്പരിപ്പും
ബാക്കിയുള്ള നെയ്യും ഒഴിച്ച് ഇളക്കുക.

പുളി സാദം

പുളി സാദം

ചേരുവകള്‍

  1. ചെറിയ ഇനം പച്ചരി -അര കിലോ
  2. കടലപ്പരിപ്പ് -2 ടീസ്പൂണ്‍
  3. പുളി,ഉപ്പ് -ആവശ്യത്തിന്
  4. കായപ്പൊടി -കാല്‍ ടീസ്പൂണ്‍
  5. നല്ലെണ്ണ - 1 ടേബിള്‍സ്പൂണ്‍
  6. കടുക് -കാല്‍ ടീസ്പൂണ്‍
  7. വറ്റല്‍മുളക് -4
  8. കറിവേപ്പില -1 കതിര്‍പ്പ്
  9. ശര്‍ക്കര -1 ചെറിയ കഷണം
പാകം ചെയ്യുന്ന വിധം

അരി വേവിക്കുക.കടലപ്പരിപ്പ് കുതിര്‍ത്ത് വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക്
മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിക്കുക.കടലപ്പരിപ്പും ഇടുക.മൂത്ത ശേഷം പുളിവെള്ളവും ഉപ്പും കായപ്പൊടിയും ശര്‍ക്കരയും ഇടുക.കൊഴുത്തുവരുമ്പോള്‍ ചോറുമിട്ടിളക്കി ഉപയോഗിക്കാം.

അച്ചാര്‍ സാദം

അച്ചാര്‍ സാദം

ചേരുവകള്‍

  1. ബസ്മതി -2 കപ്പ്
  2. തൈര് -1 കപ്പ്
  3. ഉപ്പ് -പാകത്തിന്
  4. ചെറു നാരങ്ങാ അച്ചാര്‍ -2 ടീസ്പൂണ്‍
  5. എണ്ണ -1 ടേബിള്‍ സ്പൂണ്‍
  6. വറ്റല്‍മുളക് -3
  7. കടുക് -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

അരി വേവിച്ച് എടുക്കുക.ഇതില്‍ തൈരും ഉപ്പും ചേര്‍ത്തിളക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച്
വറ്റല്‍മുളക് മുറിച്ചതും ഇട്ട് മൂപ്പിക്കുക.തണുത്ത ശേഷം ചോറ് ഇട്ടിളക്കുക.അച്ചാറിലെ നാരങ്ങാ കഷണങ്ങള്‍
ചെറുതായി അരിയണം.അതിനുശേഷം അച്ചാറും ചോറില്‍ ചേര്‍ത്തിളക്കുക.

എള്ള് സാദം

എള്ള് സാദം

ചേരുവകള്‍

  1. പച്ചരി -അര കിലോ
  2. എള്ള് -100 ഗ്രാം
  3. കായപ്പൊടി -1 നുള്ള്
  4. ഉപ്പ് -പാകത്തിന്
  5. നാരങ്ങാനീര് -അര ടീസ്പൂണ്‍
  6. വറ്റല്‍മുളക് -3
  7. എണ്ണ -1 ടേബിള്‍സ്പൂണ്‍
  8. കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

അരി വേവിക്കുക.എന ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളകും,എള്ളും വറുത്തെടുക്കുക.
നാരങ്ങാനീരും കായപ്പൊടിയുംവറുത്ത ചേരുവകളും ഉപ്പും ചോറില്‍ ചേര്‍ത്തിളക്കുക.

ചെറുനാരങ്ങാ സാദം

ചെറുനാരങ്ങാ സാദം

ചേരുവകള്‍

  1. ബസ്മതി അരി -500 ഗ്രാം
  2. നാരങ്ങ -2
  3. കായപ്പൊടി -1 നുള്ള്
  4. ഉലുവ -1 ടീസ്പൂണ്‍
  5. ഉഴുന്നുപ്പരിപ്പ് -3 ടീസ്പൂണ്‍
  6. എണ്ണ -2 ടേബിള്‍സ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
  8. കടുക് -അര ടീസ്പൂണ്‍
  9. വറ്റല്‍മുളക് -3
പാകം ചെയ്യുന്ന വിധം

അരി വേവിച്ച് വെയ്ക്കുക.ഉലുവയും ഉഴുന്നുപ്പരിപ്പും വറുത്തു പൊടിച്ചതും കായപ്പൊടിയും ചോറില്‍ ചേര്‍ക്കുക.ചെറുനാരങ്ങ പിഴിഞ്ഞെടുത്ത ഉപ്പും നീരും ചോറില്‍ ചേര്‍ത്തിളക്കണം.എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച
ശേഷം മുളകും കറിവേപ്പിലയും വഴറ്റി ചോറുമായി യോജിപ്പിക്കുക.

തൈര്‍ സാദം

ചേരുവകള്‍

  1. പച്ചരി ചോറ് -2 കപ്പ്
  2. പുളിയില്ലാത്ത തൈര് -അര കപ്പ്
  3. ഉപ്പ് -പാകത്തിന്
  4. പച്ചമുളക് -2
  5. ഇഞ്ചി -1 ചെറിയ കഷണം
  6. വറ്റല്‍മുളക് -2
  7. കടുക് -അര ടീസ്പൂണ്‍
  8. എണ്ണ -1 ടീസ്പൂണ്‍
  9. കായപ്പൊടി -1 നുള്ള്
  10. കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

ചോറില്‍ തൈരും കായപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട്
പൊട്ടിച്ച് മുളക്,ഇഞ്ചി,എന്നിവ അരിഞ്ഞതും രണ്ടായി മുറിച്ച വറ്റല്‍മുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ച്
ചോറില്‍ ചേര്‍ത്തിളക്കുക.

വാഴക്കൂമ്പ് ഉലര്‍ത്തിയത്

വാഴക്കൂമ്പ് ഉലര്‍ത്തിയത്

ചേരുവകള്‍

  1. വാഴക്കൂമ്പ് -1
  2. തേങ്ങ -അര മുറി
  3. പച്ചമുളക് -4
  4. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
  6. ഗരംമസാലപ്പൊടി -1 നുള്ള്
  7. എണ്ണ -ആവശ്യത്തിന്
  8. കടുക് -അര ടീസ്പൂണ്‍
  9. മുളകുപ്പൊടി -1 ടീസ്പൂണ്‍
  10. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  11. വെളുത്തുള്ളി -5 അല്ലി
പാകം ചെയ്യുന്ന വിധം

വാഴക്കൂമ്പ് പൊടിയായി അരിയുക.അല്പം വെളിച്ചെണ്ണ കൂമ്പില്‍ തിരുമ്മി പിടിപ്പിക്കുക.ചീനച്ചട്ടിയില്‍ എണ്ണ
ഒഴിച്ച് കടുക് പൊട്ടിച്ച് അരിഞ്ഞ പച്ചമുളകും വെളുത്തുള്ളിയും എണ്ണയില്‍ വഴറ്റുക.മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി,മുളകുപൊടി,മല്ലിപ്പൊടി ഇവ ചേര്‍ത്ത് മൂപ്പിക്കുക.ഉപ്പും ചേര്‍ത്ത് വാഴക്കൂമ്പും ഇട്ടിളക്കി അലപനേരം മൂടി വെച്ചു വേവിക്കുക.വെന്ത ശേഷം മൂടി മാറ്റി നന്നായി ഉലര്‍ത്തിയെടുക്കുക.

ഞണ്ട് വരട്ടിയത്

ഞണ്ട് വരട്ടിയത്

ചേരുവകള്‍

1.ഞണ്ട് -1 കിലോ
2.മുളകുപൊടി -4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി -3 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
3. തക്കാളി -2
4. സവാള -4
5. വെളുത്തുള്ളി -3 അല്ലി
6. ഇഞ്ചി -3 ചെറിയ കഷണം
7. പച്ചമുളക് -5
8. കറിവേപ്പില -2 കതിര്‍പ്പ്
9. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് -2
10.കുരുമുളകുപൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഞണ്ട് കഴുകി വൃത്തിയാക്കി കഷണങ്ങള്‍ ആക്കുക.ഒരു ടീസ്പൂണ്‍ മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ്,കുരുമുളകുപൊടി എന്നിവ കഷണങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതില്‍ സവാള,പച്ചമുളക് എന്നിവ അരിഞ്ഞതും
കറിവേപ്പിലയുമിട്ട് വഴറ്റുക.തക്കാളി അരിഞ്ഞതും,വെളുത്തുള്ളി ചതച്ചതും ഇഞ്ചിയും ചേര്‍ക്കുക.നന്നായി
വഴന്ന ശേഷം മല്ലിപ്പൊടിയും ബാക്കി മുളകുപൊടിയും ചേര്‍ത്തശേഷം ഞണ്ട് കഷണങ്ങള്‍ ഇട്ട് 5 മിനിട്ട് വേവിക്കുക.പിന്നിട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി ചെറു തീയില്‍ വേവിക്കുക.ഞണ്ട്
വെന്ത വെള്ളം മുഴുവന്‍ വറ്റുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക.

ഓമയ്ക്ക ഉലര്‍ത്തിയത്

ഓമയ്ക്ക ഉലര്‍ത്തിയത്

ചേരുവകള്‍

1.ഓമയ്ക്ക -1
2.തേങ്ങ -അര മുറി
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 നുള്ള്
ജീരകം -കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി -3
3.ഉപ്പ് -പാകത്തിന്
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍ മുളക് മുറിച്ചത് -2
കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

ഓമയ്ക്ക തൊലി ചെത്തി 1 ഇഞ്ച് നീളത്തില്‍ കനം കുറച്ച് അരിയുക.ഇതില്‍ പാകത്തിന് ഉപ്പും വെള്ളവും
ചേര്‍ത്ത് വേവിക്കുക. രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.ഓമയ്ക്കാ കഷണങളില്‍ അരപ്പിട്ട്‌ ഇളക്കി
വാങ്ങുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്,വറ്റല്‍മുളക്,കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച ശേഷം
ഓമയ്ക്കാകൂട്ട് ഇട്ടിളക്കി വെള്ളം നന്നായി വറ്റിച്ചു ഉലര്‍ത്തിയെടുക്കുക.

വാഴയ്ക്ക പുരട്ടിയത്

വാഴയ്ക്ക പുരട്ടിയത്

ചേരുവകള്‍

1.മൊന്തന്‍കായ് -300 ഗ്രാം
2.തേങ്ങ - ഒന്നര കപ്പ്
പച്ചമുളക് -2
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി -3
ജീരകം -കാല്‍ ടീസ്പൂണ്‍
3. കൂര്‍ക്ക -100 ഗ്രാം
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കായും കൂര്‍ക്കയും തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കിയെടുക്കുക.ഉപ്പും വെള്ളവും ചേര്‍ത്ത് കഷണങ്ങള്‍
വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിക്കുക.ഇതിലേയ്ക്ക്‌ വേവിച്ച കഷണങളും
അരപ്പും ഇട്ട് ഇളക്കി ഉലര്‍ത്തിയെടുക്കുക.

ശീമച്ചക്ക ഉലര്‍ത്തിയത്

ശീമച്ചക്ക ഉലര്‍ത്തിയത്

ചേരുവകള്‍

ശീമച്ചക്ക -അര കിലോ
ഇറച്ചി മസാല - 3 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ശീമച്ചക്ക തൊലി കളഞ്ഞ് ചെറു കഷണങ്ങള്‍ ആക്കുക.വെള്ളം ഒഴിച്ച് കഷണങ്ങള്‍ വേവിക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.കറിവേപ്പിലയും മൂപ്പിച്ച ശേഷം മസാലപ്പൊടിയും മഞ്ഞള്‍ പ്പൊടിയും
അല്പം മുളകുപൊടിയും വെള്ളത്തില്‍ കുതിര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച കഷണങളും പകതിനുപ്പും
ചേര്‍ത്ത് ഉലര്‍ത്തുക.

ശര്‍ക്കര വരട്ടി

ശര്‍ക്കര വരട്ടി

ഏത്തയ്ക്ക -1
ശര്‍ക്കര -കാല്‍ കിലോ
ഏലക്കാപ്പൊടി -2 ടീസ്പൂണ്‍
ജീരകപ്പൊടി -അര ടീസ്പൂണ്‍
വെളിച്ചെണ്ണ - കാല്‍ കിലോ

പാകം ചെയ്യുന്ന വിധം

ഏത്തയ്ക്കാ ചെറു കഷണങ്ങള്‍ ആയി വെള്ളത്തില്‍ അരിഞ്ഞിടുക.ശര്‍ക്കര പാനി കാച്ചി അഴുക്ക് നീക്കം
ചെയ്ത് വെയ്ക്കുക.ഏലയ്ക്ക ,ജീരകം ഇവ ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച കായ്‌ കഷ്ണങള്‍
വറുത്തു കോരി ശര്‍ക്കര പാനിയിലിട്ടു ഇളക്കുക.പിന്നിട് കോരിയെടുത്ത് ഒരു മുറത്തില്‍ കടലാസ് വിരിച്ചു
അതില്‍ പരത്തി ഇട്ട് ഉണങ്ങാന്‍ വെയ്ക്കുക.ഉണങ്ങുമ്പോള്‍ ടിന്നിലാക്കി അടയ്ക്കാം.

മുരിങ്ങയ്ക്കാ രസം

മുരിങ്ങയ്ക്കാ രസം

ചേരുവകള്‍

  1. മുരിങ്ങയ്ക്ക -4
  2. പുളി -50 ഗ്രാം
  3. മഞ്ഞള്‍പ്പൊടി -അരയ്ക്കാല്‍ ടീസ്പൂണ്‍
  4. കായപ്പൊടി -കായപ്പൊടി
  5. കുരുമുളകുപ്പൊടി -1 ടീസ്പൂണ്‍
  6. മല്ലി -1 ടീസ്പൂണ്‍
  7. വറ്റല്‍മുളക് -3
  8. കടലപ്പരിപ്പ് -2 ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. എണ്ണ -1 ടേബിള്‍സ്പൂണ്‍
  11. കടുക് -അര ടീസ്പൂണ്‍
  12. കറിവേപ്പില -1 കതിര്‍പ്പ്
  13. മല്ലിയില -അല്പം
  14. ചുവന്നുള്ളി -2
പാകം ചെയ്യുന്ന വിധം

മുരിങ്ങയ്ക്കായുടെ ഉള്ളിലുള്ള കാമ്പ് ചുരണ്ടിയെടുത്ത് മഞ്ഞള്‍ പ്പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക.
നന്നായി വെന്ത ശേഷം പിഴിഞ്ഞ് അരിച്ചെടുക്കുക.ഇതോടൊപ്പം പുളി പിഴിഞ്ഞ് ഒഴിക്കുക.കായപ്പൊടിയും
ഇടുക.മുളക്,മല്ലി,കുരുമുളക്,കടലപ്പരിപ്പ് എന്നിവ വറുത്തരച്ചു ചേര്‍ക്കുക.ഉപ്പും ചേര്‍ത്ത് ചേരുവതിളപ്പിക്കുക.
വെട്ടി തിളക്കുമ്പോള്‍ മല്ലിയിലയിട്ട് വാങ്ങി വെയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.വറ്റല്‍മുളക് രണ്ടായി മുറിച്ചതും കറിവേപ്പിലയും
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞതും ഇട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

കൈതച്ചക്ക രസം

കൈതച്ചക്ക രസം

ചേരുവകള്‍

കൈതച്ചക്ക -കാല്‍ കിലോ
തുവരപ്പരിപ്പ് -1 ലിറ്റര്‍
കുരുമുളകുപ്പൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 നുള്ള്
മുളകുപ്പൊടി -1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -6 അല്ലി
കായം -കുറച്ച്
പുളി -50 ഗ്രാം
ഉപ്പ് -പാകത്തിന്
മല്ലിയില -കുറച്ച്

പാകം ചെയ്യുന്ന വിധം

പൈനാപ്പില്‍ ചെറിയ കഷണങ്ങള്‍ ആയി അരിയുക.പരിപ്പ് വേവിച്ച വെള്ളത്തില്‍ പൊടികള്‍ എല്ലാം ചേര്‍ക്കുക.വെളുത്തുള്ളി ചതച്ചതും കായവും പുളിവെള്ളവും ഉപ്പും ഇതോടൊപ്പം ചേര്‍ത്ത് തിളപ്പിച്ച്
വാങ്ങുക.കടുക് പൊട്ടിച്ച് കറിയില്‍ ഒഴിക്കുക.മല്ലിയിലയും ഇടുക.

ചേമ്പ് രസം

ചേമ്പ് രസം

ചേരുവകള്‍

  1. ചേമ്പ് -250 ഗ്രാം
  2. തുവരപ്പരിപ്പ് -കാല്‍ കപ്പ്
  3. മുളകുപൊടി -അര ടീസ്പൂണ്‍
  4. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  5. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  6. ജീരകപ്പൊടി - 1 ടീസ്പൂണ്‍
  7. എണ്ണ -2 ടീസ്പൂണ്‍
  8. കായപ്പൊടി -അര ടീസ്പൂണ്‍
  9. കടുക് -അര ടീസ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
  11. കറിവേപ്പില -1 കതിര്‍പ്പ്
  12. മല്ലിയില അരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
  13. പുളി -ആവശ്യത്തിന്
  14. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചേമ്പ് പുഴുങ്ങി തൊലി കളഞ്ഞ ശേഷം പൊടിച്ചെടുക്കുക.പരിപ്പും മഞ്ഞള്‍പ്പൊടിയും വെള്ളം ഒഴിച്ച് തിളപ്പിക്കുക.പരിപ്പ് നന്നായി വെന്തശേഷം വെള്ളം ഊറ്റി എടുക്കുക.ഈ വെള്ളത്തില്‍ പുളി പിഴിഞ്ഞു ഒഴിക്കുക.
മുളകുപ്പൊടി,കുരുമുളകുപ്പൊടി,മല്ലിപ്പൊടി,കായപ്പൊടി,ജീരകപ്പൊടി എന്നിവയും ചേമ്പ് പൊടിച്ചതും ചേര്‍ത്തിളക്കി തിളപ്പിക്കുക.ഉപ്പും ചേര്‍ക്കണം.നന്നായി തിളച്ച ശേഷം ഇറക്കി വെയ്ക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച ശേഷം രണ്ടായി മുറിച്ച വറ്റല്‍മുളകും കറിവേപ്പിലയുമിട്ട്
മൂപ്പിച്ച് കരിയില്‍ ഒഴിക്കുക.

പരിപ്പു രസം

പരിപ്പു രസം

ചേരുവകള്‍

തുവരപ്പരിപ്പ് -അര കപ്പ്
തക്കാളി -1
രസപ്പൊടി - 2 ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
കടുക് - അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

തുവരപ്പരിപ്പ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.ഇതില്‍ വെള്ളവും രസപ്പൊടിയും തക്കാളി കഷണങളും ചേര്‍ത്ത്
തിളപ്പിക്കുക.ഉപ്പും ചേര്‍ക്കണം.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയുമിട്ട് രസത്തില്‍ ഒഴിക്കുക.
മല്ലിയിലയുമിട്ട് വാങ്ങുക.

Friday, September 18, 2009

മാങ്ങാ രസം

മാങ്ങാ രസം

ചേരുവകള്‍

  1. പുളിയുള്ള മാങ്ങയുടെ ചാറ് -2 കപ്പ്
  2. തേങ്ങ ചിരകിയത് -അര കപ്പ്
  3. ജീരകം -2 നുള്ള്
  4. മുളകരി -കാല്‍ ടീസ്പൂണ്‍
  5. കുരുമുളകരി പൊടിച്ചത് -അര ടീസ്പൂണ്‍
  6. വെളുത്തുള്ളി -5 അല്ലി
  7. വറ്റല്‍മുളക് -2
  8. പച്ചമുളക് -3
  9. ഉപ്പ്,കറിവേപ്പില -പാകത്തിന്
പാകം ചെയ്യുന്ന വിധം

തേങ്ങ,വറ്റല്‍ മുളകിന്റെ അരി ,ജീരകം എന്നിവ അരയ്ക്കുക.അതില്‍ ചതച്ച കുരുമുളക്,വെളുത്തുള്ളി,വറ്റല്‍മുളക്, കീറിയ പച്ചമുളക് എന്നീ ചേരുവകള്‍ ഇട്ട് മാങ്ങാ ചാറുമൊഴിച്ചു ഉപ്പും
ചേര്‍ത്ത് തിളപ്പിക്കുക.അല്പം വെളിച്ചെണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് കറിയില്‍ ഒഴിച്ച് ഇളക്കി വാങ്ങുക.

ചെറുപയര്‍ രസം

ചെറുപയര്‍ രസം

ചേരുവകള്‍

  1. ചെറുപയര്‍ -1 കപ്പ്
  2. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  3. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  4. മുളകുപൊടി -1 ടീസ്പൂണ്‍
  5. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  6. ജീരകപൊടി -കാല്‍ ടീസ്പൂണ്‍
  7. കായപ്പൊടി -അര ടീസ്പൂണ്‍
  8. മല്ലിയില -ആവശ്യത്തിന്
  9. ഉപ്പ് -പാകത്തിന്
  10. വെളിച്ചെണ്ണ -1 ടീസ്പൂണ്‍
  11. കടുക് -അര ടീസ്പൂണ്‍
  12. കറിവേപ്പില -1 കതിര്‍പ്പ്
  13. പുളി -1 ചെറുനാരങ്ങാവലിപ്പം
പാകം ചെയ്യുന്ന വിധം

ചെറുപയര്‍ വെള്ളമൊഴിച്ച് നന്നായി വേവിച്ച ശേഷം വെള്ളം ഊറ്റി എടുക്കുക.ഇതില്‍ ഉപ്പും മഞ്ഞള്‍ പ്പൊടിയും പുളിവെള്ളവും ബാക്കിപൊടികളും ഇട്ട് തിളപ്പിക്കുക.തിളച്ചശേഷം വാങ്ങി വെച്ചു കടുക് താളിക്കുക.
മല്ലിയിലയും ഇട്ട് ഉപയോഗിക്കാം.

മുതിര രസം

മുതിര രസം

ചേരുവകള്‍

1.മുതിര -അര കപ്പ്
2.കുരുമുളകുപൊടി -1 ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി -അര ടീസ്പൂണ്‍
ജീരകപ്പൊടി -അര ടീസ്പൂണ്‍
പുളി -ചെറു നാരങ്ങാവലിപ്പം
വെളുത്തുള്ളി ചതച്ചത് -6 അല്ലിയുടെത്
ഉപ്പ് -പാകത്തിന്
3.എണ്ണ -എണ്ണ ടീസ്പൂണ്‍
4. കടുക് -അര ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

മുതിര വെള്ളമൊഴിച്ച് വേവിക്കുക.മുതിര വെന്ത വെള്ളത്തില്‍ രണ്ടാമത്തെ ചേരുവകള്‍ എല്ലാം ചേര്‍ത്ത്
തിളപ്പിക്കുക.തിളച്ച ശേഷം വാങ്ങുക .ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.കറിവേപ്പില യുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

വെളുത്തുള്ളി രസം

വെളുത്തുള്ളി രസം

ചേരുവകള്‍

1.തൊലി കളഞ്ഞ
വെളുത്തുള്ളി അല്ലി -മുക്കാല്‍ കപ്പ്
2.കുരുമുളകുപൊടി -1 ടീസ്പൂണ്‍
3. മുളകുപൊടി -അര ടീസ്പൂണ്‍
4. ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍
5. തക്കാളി -2
6.കായപ്പൊടി -അര ടീസ്പൂണ്‍
7.മല്ലിപ്പൊടി -1 ടീസ്പൂണ്‍
8.മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
9.വെളിച്ചെണ്ണ -1 ടീസ്പൂണ്‍
10.കടുക് -കാല്‍ ടീസ്പൂണ്‍
11.കറിവേപ്പില -1 കതിര്‍പ്പ്
12.ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

വെളുത്തുള്ളി അല്ലി അപ്പ ചെമ്പില്‍വെച്ചു ആവിയില്‍ വേവിക്കുക.തക്കാളി കഷണങ്ങള്‍ ആക്കിയതും വെള്ളവും കായപ്പൊടിയും ഒരു പാത്രത്തില്‍ എടുത്തു തിളപ്പിക്കുക.മഞ്ഞള്‍പ്പൊടി,മുളകുപൊടി,മല്ലിപ്പൊടി,
ജീരകപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പില ഇടുക.
വേവിച്ചുവെച്ച വെളുത്തുള്ളിയും ഇട്ടിളക്കി തിളപ്പിച്ചുവെച്ച ചേരുവയും ഒഴിച്ച് മല്ലിയില ചേര്‍ത്ത് വാങ്ങുക.

തക്കാളി രസം

തക്കാളി രസം

ചേരുവകള്‍

  1. ദശക്കട്ടിയുള്ള തക്കാളി -3
  2. മുളകുപൊടി -അര ടീസ്പൂണ്‍
  3. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  4. കുരുമുളകുപൊടി - ഒന്നര ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  6. വെളുത്തുള്ളി -4 അല്ലി
  7. എണ്ണ -2 ടീസ്പൂണ്‍
  8. വറ്റല്‍മുളക് -2
  9. കടുക് -അര ടീസ്പൂണ്‍
  10. കറിവേപ്പില -1 കതിര്‍പ്പ്
  11. മല്ലിയില -അല്പം
  12. ഉപ്പ് -പാകത്തിന്
  13. കായപ്പൊടി -അരടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തക്കാളി ചെറിയ കഷണങ്ങള്‍ ആക്കുക.വെളുത്തുള്ളി ചതച്ചെടുക്കുക.തക്കാളി കഷണങ്ങള്‍ വെള്ളം ചേര്‍ത്ത്
തിളപ്പിക്കുക.ചതച്ച വെളുത്തുള്ളിയും ബാക്കിയുള്ള പൊടികളും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍
വാങ്ങി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ രസം ഒഴിച്ച് മല്ലിയിലയും ഇട്ട് വാങ്ങുക.






കപ്പ ഇറച്ചി കൂട്ട്

കപ്പ ഇറച്ചി കൂട്ട്

ചേരുവകള്‍

  1. കപ്പ -കാല്‍ കിലോ
  2. വെളുത്തുള്ളി -5 അല്ലി
  3. ഇറച്ചി -അര കിലോ
  4. സവാള -3
  5. ഉപ്പ് -പാകത്തിന്
  6. പച്ചമുളക് -4
  7. മല്ലിയില -ആവശ്യത്തിന്
  8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  9. എണ്ണ -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കപ്പ തൊലി കളഞ്ഞു കഴുകിയെടുത്ത് ചെറുതായി നുറുക്കുക.കപ്പ കഷണങളില്‍ ഉപ്പ് പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക.പച്ചമുളക്,മല്ലിയില,മഞ്ഞള്‍പ്പൊടി,വെളുത്തുള്ളി എന്നിവ അരച്ചെടുക്കുക.സവാള നീളത്തില്‍
കനം കുറച്ചരിയുക.എണ്ണ ചൂടാകുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക.നന്നായി വഴന്ന ശേഷം അരച്ച ചേരുവകള്‍ ഇട്ട്
ഇളക്കുക.ഇറച്ചി കഷണങളും പാകത്തിനുപ്പും ചേര്‍ത്ത് മൂടി വെച്ചു വേവിക്കുക.ഇറച്ചി വെന്ത ശേഷം
കപ്പ കഷണങളുമായി ഇളക്കി യോജിപ്പിക്കുക.മുകളില്‍ മല്ലിയില തൂവി അലങ്കരിക്കാം.

മരച്ചീനി -വന്‍പയര്‍ പുഴുക്ക്

മരച്ചീനി -വന്‍പയര്‍ പുഴുക്ക്

ചേരുവകള്‍

1.നല്ല പോലെ വേവുന്ന കപ്പ -1 കിലോ
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
2. വന്‍പയര്‍ -150 ഗ്രാം
3. തേങ്ങാ ചിരകിയത് - 1 മുറി
മുളകുപൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി -3
ജീരകം -1 നുള്ള്
4. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

കല്‍ച്ചട്ടിയില്‍ വെള്ളം തിളയ്ക്കുമ്പോള്‍ കപ്പ ചെറുതായി അരിഞ്ഞു കഴുകി മഞ്ഞള്‍ പ്പൊടി ചേര്‍ത്ത് വേവിക്കുക.വെന്തു വരുമ്പോള്‍ ഉപ്പ് ചേര്‍ത്ത് ഊറ്റി വെയ്ക്കുക.വന്‍പയര്‍ വേറെ വേവിച്ചെടുക്കുക.മൂന്നാമത്തെ
ചേരുവകള്‍ തരുതരുപ്പായി അരച്ചെടുക്കുക.വെന്ത പയറും കപ്പയും യോജിപ്പിച്ച് ഒരു പാത്രത്തിലാക്കി അരപ്പ്
ചേര്‍ത്ത് അടച്ചു വെയ്ക്കുക.നല്ലപോലെ ആവി കയറ്റി തവി കൊണ്ടുടയ്ക്കുക.പിന്നിട് പുഴുക്കില്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി വാങ്ങുക .

കപ്പയും മത്തിയും

കപ്പയും മത്തിയും

ചേരുവകള്‍

  1. കപ്പ -1 കിലോ
  2. മത്തി -20
  3. മുളകുപൊടി -2 ടീസ്പൂണ്‍
  4. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  6. പച്ചമുളക് -5
  7. വാളന്‍പുളി -1 ചെറു നാരങ്ങാവലിപ്പത്തില്‍
  8. ഉപ്പ് -പാകത്തിന്
  9. കറിവേപ്പില -പാകത്തിന്
പാകം ചെയ്യുന്ന വിധം

കപ്പ ചെറിയ കഷണങ്ങള്‍ ആക്കി ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞള്‍ പ്പൊടി എന്നിവ ഒരു കപ്പ് വെള്ളവും കൂടെ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇതിലേയ്ക്കിടുക.പച്ചമുളക്,കറിവേപ്പില, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം ,ഉപ്പ് എന്നിവ ചേര്‍ത്ത് വെന്തു വരുമ്പോള്‍ വേവിച്ച കപ്പ കഷണങ്ങള്‍ അതില്‍ നന്നായി ഇളക്കി ചേര്‍ത്ത് ചെറു ചൂടോടെ വിളമ്പുക.

കപ്പ ബീഫ്

കപ്പ ബീഫ്

ചേരുവകള്‍

1. പച്ചക്കപ്പ -1 കിലോ
2. തേങ്ങ ചിരകിയത് -അര കിലോ
3. ചുവന്നുള്ളി -അര കപ്പ്
മഞ്ഞള്‍പ്പൊടി -പാകത്തിന്
പച്ചമുളക് -8
4. കല്ലുപ്പ് -പാകത്തിന്
5. മാട്ടിറച്ചി -1 കിലോ
6. മല്ലിപ്പൊടി -1 ടീസ്പൂണ്‍
മുളകുപൊടി -2 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി -പാകത്തിന്
ഉപ്പ് -പാകത്തിന്
കറിവേപ്പില -4 കതിര്‍പ്പ്
7. തേങ്ങ ചിരകിയത് -അര കപ്പ്
ചുവന്നുള്ളി -കാല്‍ കപ്പ്
മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കപ്പ ചെറുതായി കൊത്തിയരിഞ്ഞു നിറയെ വെള്ളമൊഴിച്ച് തിളപ്പിക്കുക.വെന്തു കഴിയുമ്പോള്‍ പാകത്തിന്
കല്ലുപ്പ് ചേര്‍ത്ത് തിളപ്പിച്ചശേഷം ഊറ്റിവെയ്ക്കുക.രണ്ടും മൂന്നും ചേരുവകള്‍ അരച്ചെടുക്കുക.ഈ അരപ്പ്
വേവിച്ച കപ്പയുമായി ചെറു തീയില്‍ വെച്ചു ചേര്‍ത്തിളക്കുക.ഇറച്ചി ചെറിയ കഷണങ്ങള്‍ ആക്കി വെയ്ക്കുക.
ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഇറച്ചി വേവിക്കുക.ഏഴാമത്തെ ചേരുവകള്‍ ബ്രൌണ്‍ നിറമാകുന്നതുവരെ
വറുത്തെടുത്ത് മയത്തില്‍ അരച്ചെടുക്കുക.വറുത്ത ചേരുവകളും ഇറച്ചി വേവിച്ചതും ചെറു തീയില്‍ വെച്ചു കൂട്ടിയിളക്കുക.ഇതില്‍ കപ്പയും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങി വെയ്ക്കുക.

മരച്ചീനി കട് ലറ്റ്‌

മരച്ചീനി കട് ലറ്റ്‌

ചേരുവകള്‍

  1. മരച്ചീനി വേവിച്ചുടച്ചത് -1 കപ്പ്
  2. റൊട്ടി -3 കഷണം
  3. പച്ചമുളക് അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
  4. മല്ലിയില അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
  6. റൊട്ടിപ്പൊടി -ആവശ്യത്തിന്
  7. മുട്ടയുടെ വെള്ള -2 എണ്ണത്തിന്റെ
  8. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

റൊട്ടി കുതിര്‍ത്തെടുക്കുക.മരച്ചീനി വേവിച്ചതും കുതിര്‍ത്ത റൊട്ടിയും പച്ചമുളക്,മല്ലിയില ഇവ അരിഞ്ഞതും
ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഈ കൂട്ടില്‍ നിന്നും കുറേശ്ശെ എടുത്ത് ഉരുളകളാക്കി കൈയ്യില്‍
വെച്ച് പരത്തി മുട്ടയുടെ വെള്ളയില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞു എണ്ണയില്‍ വറുത്തെടുക്കുക.

കപ്പയും ഇറച്ചിയും

കപ്പയും ഇറച്ചിയും

ചേരുവകള്‍

1.മാട്ടിറച്ചി -1 കിലോ
2.കപ്പ -1 കിലോ
3.സവാള -3
4. ചുവന്നുള്ളി -6
വെളുത്തുള്ളി -6
ഇഞ്ചി -1 ചെറിയ കഷണം
പച്ചമുളക് -3
കറിവേപ്പില -1 കതിര്‍പ്പ്
തക്കാളി -2
വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
5. മല്ലിപ്പൊടി -2 ടേബിള്‍സ്പൂണ്‍
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടേബിള്‍സ്പൂണ്‍
ഏലക്ക -4
കറുവപ്പട്ട -2 കഷണം
ഗ്രാമ്പു -4
പെരുംജീരകം പൊടിച്ചത്-1 ടീസ്പൂണ്‍
6. തേങ്ങ ചിരകിയത് -അര മുറി
ചുവന്നുള്ളി -2
പച്ചമുളക് -2
വെളുത്തുള്ളി -2

പാകം ചെയ്യുന്ന വിധം

കപ്പ കഷണങ്ങള്‍ ആക്കി ഉപ്പും ചേര്‍ത്ത് നല്ല പോലെ വേവിച്ച് വെള്ളം ഊറ്റി മാറ്റിവെയ്ക്കുക.കുക്കറില്‍
വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവകള്‍ വഴറ്റുക.ചേരുവകള്‍ കുറച്ച് വാടുമ്പോള്‍ ചെറിയ
കഷണങ്ങള്‍ ആക്കിയ ഇറച്ചി ചേര്‍ക്കുക.അഞ്ചാമത്തെ ചേരുവകളും ചേര്‍ത്ത് കുക്കര്‍ മൂടി വെച്ചു വേവിക്കുക.
ഇറച്ചിയിലെ വെള്ളം വറ്റിച്ചെടുക്കുക.തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കപ്പ ഇറച്ചിയില്‍ ചേര്‍ത്ത് യോജിപ്പിക്കുക.
ആറാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചെടുത്ത് ഇറച്ചി കപ്പ കൂട്ടിലേയ്ക്ക്‌ ചേര്‍ത്തിളക്കി ഒന്നുകൂടി തിളപ്പിച്ച്
വാങ്ങി വെയ്ക്കുക.

മരച്ചീനി പുണ്ടിങ്‌

മരച്ചീനി പുണ്ടിങ്‌

ചേരുവകള്‍

  1. മരച്ചീനി -കാല്‍ കിലോ
  2. പാല്‍ -ഒന്നര കപ്പ്
  3. പഞ്ചസാര - 1 കപ്പ്
  4. മുട്ട - 2
  5. അണ്ടിപ്പരിപ്പ്‌ - 10
  6. ഉണക്കമുന്തിരി - 10
  7. മൈദ - 2 ടേബിള്‍സ്പൂണ്‍
  8. റോസ് എസന്‍സ് -3 തുള്ളി
  9. ബേക്കിങ്ങ് പൌഡര്‍ -1 നുള്ള്
പാകം ചെയ്യുന്ന വിധം

മരച്ചീനി തൊലി കളഞ്ഞ് അരിഞ്ഞശേഷം കഴുകിയെടുക്കുക.പിന്നിട് വേവിച്ച് ഉടച്ചെടുക്കുക.മുട്ട അടിച്ച് പതപ്പിക്കുക.പാലും പഞ്ചസാരയും മുട്ടയില്‍ ചേര്‍ത്ത് കലക്കുക.മൈദയും ബേക്കിങ്ങ് പൌഡറും അരിച്ചെടുത്ത്‌
വേവിച്ച ചീനിയില്‍ ചേര്‍ക്കണം.ഇതിലേയ്ക്ക് മുട്ടമിശ്രിതം കുറേശ്ശെ കുറേശ്ശെ ഒഴിച്ച് ഇളക്കണം.റോസ്
എസ്സന്‍സ്,അല്പം മഞ്ഞകളര്‍,അണ്ടിപ്പരിപ്പ്‌,മുന്തിരിങ്ങ എന്നിവ ചേര്‍ക്കണം.അല്പം പഞ്ചസാര കരിച്ച്
കുഴിയുള്ള ഒരു പാത്രത്തിലാക്കിയശേഷം മരച്ചീനിക്കൂട്ട് അതിന് മുകളില്‍ ഒഴിക്കുക.ഇത് ആവിയില്‍ വേവിച്ചെടുക്കുക.തണുത്തശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് കുടഞ്ഞ്‌ ഇടുക.

കുബളങ്ങ മുളകൂഷ്യം

കുബളങ്ങ മുളകൂഷ്യം

ചേരുവകള്‍

1.കുബളങ്ങ -അര കിലോ
2.മഞ്ഞള്‍പ്പൊടി -1 നുള്ള്
3.തുവരപ്പരിപ്പ് -1 കപ്പ്
4. തേങ്ങ -1 മുറി
വറ്റല്‍മുളക് -2
ഉഴുന്നുപരിപ്പ് -കാല്‍ ടീസ്പൂണ്‍
കറിവേപ്പില - കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

കുബളങ്ങ അരിഞ്ഞത് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.തുവരപ്പരിപ്പ് പ്രത്യേകം വേവിക്കണം തേങ്ങയും മുളകും ജീരകവും മയത്തില്‍ അരച്ചെടുക്കുക.വേവിച്ച ചേരുവകളും അരപ്പും ഒന്നിച്ചാക്കി തിളപ്പിക്കുക.നന്നായി തിളച്ച ശേഷം വാങ്ങുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.വറ്റല്‍മുളക് രണ്ടായിമുറിച്ചതും ഉഴുന്നുപ്പരിപ്പും കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ മൂപ്പിക്കുക.

ചക്ക മുളകൂഷ്യം

ചക്ക മുളകൂഷ്യം

ചേരുവകള്‍

1.ചക്ക വൃത്തിയാക്കി അരിഞ്ഞത് -2 കപ്പ്
ഉപ്പ് -പാകത്തിന്
2.തുവരപ്പരിപ്പ് -1 കപ്പ്
3. തേങ്ങ -1 മുറി
ജീരകം -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
4. വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -1
കറിവേപ്പില -1 കതിര്‍പ്പ്
ഉഴുന്നുപ്പരിപ്പ് -കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരിഞ്ഞെടുത്ത ചക്കച്ചുള ഉപ്പും മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക.തുവരപ്പരിപ്പും
പ്രത്യേകം വേവിച്ചെടുക്കണം.തേങ്ങ,ജീരകം,വറ്റല്‍മുളക് ഇവ അരച്ചെടുത്ത് വേവിച്ച കഷണങളും പരിപ്പും
ഒന്നിച്ചാക്കി അതില്‍ ചേര്‍ത്ത് തിളപ്പിക്കുക.കൂടുതലുള്ള വെള്ളം വറ്റിക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍
കടുക് പൊട്ടിച്ചു വറ്റല്‍മുളകും ഉഴുന്നുപ്പരിപ്പും കറിവേപ്പിലയും മൂപ്പിച്ച് കറിയില്‍ യോജിപ്പിക്കുക.

കൂര്‍ക്ക മുളകൂഷ്യം

കൂര്‍ക്ക മുളകൂഷ്യം

ചേരുവകള്‍

1.കൂര്‍ക്ക -500 ഗ്രാം
2.ഉപ്പ് -പാകത്തിന്
3.മഞ്ഞള്‍പ്പൊടി -1 നുള്ള്
4.തേങ്ങ -1 മുറി
വറ്റല്‍മുളക് -2
ജീരകം -1 ടീസ്പൂണ്‍
5.വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കൂര്‍ക്ക തൊലി കളഞ്ഞ് കഴുകി ചെറിയ കഷണങ്ങള്‍ ആയി അരിയുക.മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന്
വെള്ളവും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക.വെന്തശേഷം വെള്ളം ഊറ്റിക്കളയുക.തേങ്ങ,ജീരകം,മുളക് എന്നിവ
നന്നായി അരച്ച് വേവിച്ച കഷണങളില്‍ ഒഴിച്ച് തിളപ്പിക്കുക.കടുക് താളിച്ച്‌ ഉപയോഗിക്കാം.
തുവരപ്പരിപ്പ് വേവിച്ച് ചേര്‍ത്താല്‍ കറി കുറേകൂടി രുചികരമാകും.

മുരിങ്ങയില മുളകൂഷ്യം

മുരിങ്ങയില മുളകൂഷ്യം

ചേരുവകള്‍

1. മുരിങ്ങയില -2 കപ്പ്
2. തുവരപ്പരിപ്പ് -ഒന്നര കപ്പ്
3. തേങ്ങ -അര മുറി
വറ്റല്‍മുളക് -2
ജീരകം -അര ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി -1 നുള്ള്
5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍മുളക് -1
6. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ മുരിങ്ങയില മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.വെന്തശേഷം വെള്ളം ഊറ്റിക്കളയുക.പരിപ്പ് പ്രത്യേകം വേവിച്ചെടുക്കുക.തേങ്ങ ചിരകിയതും
വറ്റല്‍മുളകും ജീരകവും മയത്തില്‍ അരച്ചെടുത്ത് വേവിച്ച ചേരുവകളില്‍ ചേര്‍ത്ത് തിളപ്പിക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് വറ്റല്‍മുളക് മുറിച്ചതും ഇട്ട് കറിയില്‍ ഒഴിക്കുക.

വാഴപ്പിണ്ടി മുളകൂഷ്യം

വാഴപ്പിണ്ടി മുളകൂഷ്യം

ചേരുവകള്‍

1.വാഴപ്പിണ്ടി നാരുകളഞ്ഞു
പൊടിയായി അരിഞ്ഞത് -2 കപ്പ്
2.മഞ്ഞള്‍പ്പൊടി -1 നുള്ള്
3.തുവരപ്പരിപ്പ് -1 കപ്പ്
4. ഉപ്പ് -പാകത്തിന്
5.തേങ്ങ -അര മുറി
വറ്റല്‍മുളക് -2
ജീരകം -അര ടീസ്പൂണ്‍
6.വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -1
ഉഴുന്നുപ്പരിപ്പ് -കാല്‍ ടീസ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

വാഴപ്പിണ്ടി അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.തുവരപ്പരിപ്പ് പ്രത്യേകം വേവിച്ചെടുക്കുക.തേങ്ങയും ജീരകവും മയത്തില്‍ അരച്ചെടുക്കുക.വേവിച്ച
ചേരുവകളും അരപ്പും ഒന്നിച്ചാക്കി തിളപ്പിച്ച് വാങ്ങുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് ചേര്‍ക്കുക.
കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും ഉഴുന്നുപ്പരിപ്പും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

Thursday, September 17, 2009

ചെമ്മീന്‍ -നേന്ത്രക്കായ് മുളകൂഷ്യം

ചെമ്മീന്‍ -നേന്ത്രക്കായ് മുളകൂഷ്യം

ചേരുവകള്‍

  1. ചെമ്മീന്‍ -250 ഗ്രാം
  2. നേന്ത്രക്കായ് -2
  3. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  4. ഉപ്പ് -പാകത്തിന്
  5. തേങ്ങ -അര കപ്പ്
  6. ചുവന്നുള്ളി -100 ഗ്രാം
  7. കറിവേപ്പില - 1 കതിര്‍പ്പ്
  8. പിരിയന്‍ മുളക് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കിയ കഴുകിയെടുക്കുക.ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.കായ്‌
ചെറിയ കഷണങ്ങള്‍ ആക്കിയശേഷം വേവിച്ചെടുക്കുക.ചെമ്മീനില്‍ കായും ചതച്ച ഉള്ളിയും കറിവേപ്പിലയും
പാകത്തിനുപ്പും ചേര്‍ക്കുക.തേങ്ങ അരച്ചതും ചേര്‍ത്ത് തിളപ്പിക്കുക.കടുക് താളിച്ച്‌ ഉപയോഗിക്കാം.

ദാല്‍ മസാല

ദാല്‍ മസാല

ചേരുവകള്‍

  1. തുവരപ്പരിപ്പ് -1 കപ്പ്
  2. തക്കാളി -3 കപ്പ്
  3. കടുക് -കാല്‍ ടീസ്പൂണ്‍
  4. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  5. പച്ചമുളക് -8
  6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  7. ജീരകം -അരയ്ക്കാല്‍ ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
മല്ലിയില -കുറച്ച്

പാകം ചെയുന്ന വിധം

പരിപ്പ് കഴുകിയെടുത്ത് വെള്ളം ചേര്‍ത്ത് വേവിക്കുക.വെന്തശേഷം നന്നായി ഉടച്ചെടുക്കുക.പച്ചമുളക് കീറിയതും മഞ്ഞള്‍പ്പൊടിയും തക്കാളി കഷണങളും ഉപ്പും ചേര്‍ത്ത് പരിപ്പ് തിളപ്പിക്കുക.നന്നായി വെന്തശേഷം
വാങ്ങുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതില്‍ കടുകും ജീരകവും ഇട്ട് വറുത്ത്‌ കറിയില്‍ ഒഴിക്കുക.മല്ലിയില
അരിഞ്ഞതും ഇട്ട് ചോറിനൊപ്പം ഉപയോഗിക്കാം.

വെജിറ്റബിള്‍ എഗ്ഗ്

വെജിറ്റബിള്‍ എഗ്ഗ്

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് - 3 വലുത്
  2. സവാള -4
  3. മുളകുപൊടി -2 ടീസ്പൂണ്‍
  4. ഗരംമസാലപൊടി -2 ടീസ്പൂണ്‍
  5. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  6. പനീര്‍ -100 ഗ്രാം
  7. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. സസ്യ എണ്ണ -2 ടേബിള്‍സ്പൂണ്‍
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

2 സവാളയും തക്കാളിയും തൊലി കളഞ്ഞ് അരച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍
ബാക്കി സവാള അരിഞ്ഞിട്ട്‌ വഴറ്റുക.മുളകുപൊടി,മല്ലിപ്പൊടി,മസാലപ്പൊടി എന്നിവയും ഇടുക.അരച്ചു വെച്ച
ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് തിളപ്പിക്കുക.
ഉരുളക്കിഴങ്ങ് അധികം വെന്തുപോകാതെ പുഴുങ്ങിയെടുത്തു തൊലി കളയുക.അതിനുശേഷം രണ്ടായി
മുറിച്ച് നടുഭാഗം സ്പൂണ്‍ കൊണ്ട് ചുരണ്ടി ഒരു കുഴിയുണ്ടാക്കുക.പനീര്‍ പൊടിച്ച്‌ അതില്‍ അല്പം മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്തിളക്കുക.ഈ കൂട്ട് ഉരുളക്കിഴങ്ങില്‍ ഉണ്ടാക്കിയ കുഴിയില്‍ നിറച്ചു
കറിയില്‍ നിരത്തിവെച്ചു തിളപ്പിക്കുക.തിളച്ച ശേഷം മല്ലിയിലയിട്ട് വാങ്ങുക.

മധുരക്കിഴങ്ങ് കറി

മധുരക്കിഴങ്ങ് കറി

ചേരുവകള്‍

  1. മധുരക്കിഴങ്ങ് -3
  2. സവാള -2
  3. ജീരകം -അര ടീസ്പൂണ്‍
  4. കടുക് -അര ടീസ്പൂണ്‍
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
  8. കറിവേപ്പില -1 കതിര്‍പ്പ്
  9. വെളുത്തുള്ളി -4 അല്ലി
  10. എണ്ണ -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

മധുരകിഴങ്ങ്‌ കഷണങ്ങള്‍ ആക്കുക.സവാള നീളത്തില്‍ അരിയുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍
കടുകും ജീരകവും കറിവേപ്പിലയുമിട്ട് ഇളക്കുക.കടുക് പൊട്ടുമ്പോള്‍ സവാള വഴറ്റുക.ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ മധുരക്കിഴങ്ങും മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പ് ഇവ ചേര്‍ത്ത് വേകാന്‍ പാകത്തില്‍ വെള്ളമൊഴിക്കുക.വെന്തു ചാറ് കുറുകുമ്പോള്‍ ഇറക്കി വെയ്ക്കാം.

മുരിങ്ങയ്ക്ക ഒഴിച്ചുകറി

മുരിങ്ങയ്ക്ക ഒഴിച്ചുകറി

ചേരുവകള്‍

  1. മുരിങ്ങയ്ക്ക -2
  2. തക്കാളി -2
  3. പച്ചമുളക് -4
  4. ചുവന്നുള്ളി -5
  5. ഉരുളകിഴങ്ങ് -1
  6. തേങ്ങ -1 കപ്പ്
  7. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
  8. കടുക് -അര ടീസ്പൂണ്‍
  9. കറിവേപ്പില -4 കതിര്‍പ്പ്
  10. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മുരിങ്ങയ്ക്ക,ഉരുളകിഴങ്ങ് ഇവ കഷണങ്ങള്‍ ആക്കിയശേഷം വെള്ളമൊഴിച്ച് വേവിക്കുക.തക്കാളി,പച്ചമുളക്
ഇവ ചെറിയ കഷണങ്ങള്‍ ആക്കി വെളിച്ചെണ്ണയില്‍ വഴറ്റുക.ഇത് വേവിച്ച കഷണങളില്‍ ചേര്‍ത്ത് തിളപ്പിക്കുക.
ഉപ്പും ചേര്‍ക്കണം.തേങ്ങ അരച്ചെടുത്ത് കറിയില്‍ ചേര്‍ക്കണം.നന്നായി വെന്തശേഷം വാങ്ങി വെയ്ക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

പൊരിച്ച കുഴമ്പ്

പൊരിച്ച കുഴമ്പ്

ചേരുവകള്‍

  1. വന്‍പയര്‍ -500 ഗ്രാം
  2. ചേന -100 ഗ്രാം
  3. നേന്ത്രക്കായ് -1
  4. മഞ്ഞള്‍പ്പൊടി -1 നുള്ള്
  5. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  6. കായപ്പൊടി -1 നുള്ള്
  7. മുളകുപൊടി -1 ടീസ്പൂണ്‍
  8. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. കടുക് -1 ടീസ്പൂണ്‍
  11. തേങ്ങ ചിരകിയത് -1 കപ്പ്
  12. കറിവേപ്പില -2 കതിര്‍പ്പ്
  13. പുളി -ചെറു നാരങ്ങാ വലിപ്പം
പാകം ചെയ്യുന്ന വിധം

വന്‍പയര്‍ മൂന്നു മണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കണം.ചേനയും കായയും ചെറു കഷണങ്ങള്‍ ആക്കുക.ഈ
കഷണങളും പയറും ഉപ്പും മഞ്ഞള്‍ പ്പൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക. പുളി വെള്ളത്തില്‍ വെന്ത
കഷണങ്ങള്‍ ചേര്‍ത്ത് തിളപ്പിക്കുക.ഇതില്‍ കുരുമുളകുപൊടി,മുളകുപൊടി,കായപൊടി എന്നിവയും ചേര്‍ത്ത്
തിളപ്പിച്ച് വാങ്ങുക.എണ്ണ ചൂടാകുമ്പോള്‍ കടുക്,തേങ്ങ,കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.

മഷ്‌റൂം മസാല

മഷ്‌റൂം മസാല

ചേരുവകള്‍

1. കൂണ്‍ -കാല്‍ കിലോ
2. മുളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
3. സവാള -2
4. തക്കാളി -3
5. മസാലപ്പൊടി -കാല്‍ ടീസ്പൂണ്‍
6. വൈറ്റ്ഗ്രേവി -200 ഗ്രാം
7. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കൂണ്‍ വൃത്തിയാക്കി കഷണങ്ങള്‍ ആക്കുക.തക്കാളി,സവാള ഇവയരിഞ്ഞുവെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ
ചൂടാകുമ്പോള്‍ സവാള വഴറ്റുക.നന്നായി വഴന്നശേഷം കൂണ്‍ കഷണങ്ങള്‍ ഇട്ട് ഉലര്‍ത്തുക.മഞ്ഞള്‍പ്പൊടി,
മല്ലിപ്പൊടി,മുളകുപ്പൊടി എന്നിവയും ചേര്‍ത്തിളക്കി തക്കാളി അരിഞ്ഞതും വൈറ്റ്ഗ്രേവിയും ചേര്‍ക്കുക.
മസാലപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഉലര്‍ത്തിയെടുക്കുക.

ചീര പരിപ്പുകറി

ചീര പരിപ്പുകറി

ചേരുവകള്‍

1.പച്ചച്ചീര -1 കിലോ
2.പരിപ്പ് -1 കിലോ
3.ഉപ്പ്,എണ്ണ -ആവശ്യത്തിന്
4.ജീരകം -1 ടേബിള്‍സ്പൂണ്‍
പച്ചമുളക് -6
വറ്റല്‍മുളക് -6
പുതിനയില -കുറച്ച്
വെളുത്തുള്ളി -8 അല്ലി
ഇഞ്ചി അറിഞ്ഞത് -2 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പരിപ്പ് കഴുകി കുതിര്‍ത്ത് ഉപ്പും ചേര്‍ത്തു വേവിക്കുക.ചീര കഴുകി തിളച്ച വെള്ളത്തിലിട്ട് 5 മിനിറ്റു
വെയ്ക്കുക. പിന്നിട് ചെറുതായി അരിഞ്ഞു പരിപ്പില്‍ ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ഇട്ട് വഴറ്റി പരിപ്പുകൂട്ടില്‍ ചേര്‍ത്തിളക്കുക.

ചീരക്കറി

ചീരക്കറി

ചേരുവകള്‍

ചീര പൊടിയായി അരിഞ്ഞത് --2 കപ്പ്
തേങ്ങ -1 കപ്പ്
മുളകുപൊടി -1 ടീസ്പൂണ്‍
ജീരകപ്പൊടി -അര ടീസ്പൂണ്‍
സവാള -1
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചീര വെള്ളമൊഴിച്ച് വേവിച്ച് കുഴമ്പു പരുവത്തിലാക്കുക.സവാള നീളത്തില്‍ അരിഞ്ഞതും മുളകുപൊടിയും
ജീരകം പൊടിച്ചതും ഉപ്പും ഇതിനൊപ്പം ചേര്‍ത്ത് തിളപ്പിക്കുക.സവാളയും വെന്തു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍
ഒഴിച്ചിളക്കി നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെയ്ക്കുക.