Tuesday, December 8, 2009

നാരങ്ങാ അച്ചാര്‍

നാരങ്ങാ അച്ചാര്‍

രീതി 1

  1. നാരങ്ങ -25 എണ്ണം
  2. നല്ലെണ്ണ -ആവശ്യത്തിന്
  3. കടുക് -അര ടീസ്പൂണ്‍
  4. കായം -1 വലിയ കഷണം
  5. വെളുത്തുള്ളി -2 വലിയ സ്പൂണ്‍
  6. ഇഞ്ചി -1 വലിയ കഷണം
  7. പച്ചമുളക് -12 എണ്ണം
  8. ഉലുവ -അര ടീസ്പൂണ്‍
  9. മുളകുപൊടി -4 വലിയ സ്പൂണ്‍
  10. ഉപ്പ് -ആവശ്യത്തിന്
  11. കറിവേപ്പില -കുറച്ച്
രീതി 2

  1. നാരങ്ങ -10
  2. നല്ലെണ്ണ -8 ടീസ്പൂണ്‍
  3. മുളകുപൊടി -6 ടീസ്പൂണ്‍
  4. കായപ്പൊടി -1 ടീസ്പൂണ്‍
  5. ഉലുവപ്പൊടി -കാല്‍ ടീസ്പൂണ്‍
  6. ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

രീതി 1

നാരങ്ങ കഴുകി തുടച്ച് അപ്പച്ചെമ്പിന്റെ മീതെ വെച്ച് വാട്ടിയെടുക്കണം.അധികം വെന്തു പൊട്ടിപോകരുത്.ഇത് വീണ്ടും വൃത്തിയുള്ള തുണികൊണ്ട് തുടച്ച് വെയ്ക്കണം.കുറച്ച് നല്ലെണ്ണ ചൂടാക്കി ഈ
നാരങ്ങ അതിലിട്ട് വഴറ്റിയതിനുശേഷം വീണ്ടും തുടച്ച് വെയ്ക്കണം.ബാക്കി എണ്ണ ഒന്നിനും ഉപയോഗിക്കരുത്.

കുറച്ച് നല്ലെണ്ണ ചൂടാക്കി അര ടീസ്പൂണ്‍ കടുകിട്ട് പൊട്ടിയതിനുശേഷം ഒരു വലിയ കഷണം കായം,വറുത്തുപൊടിച്ച പൊടി,വെളുത്തുള്ളി അല്ലി,12 പച്ചമുളക് അറ്റം പിളര്‍ന്നത്,ഇഞ്ചി കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്,കറിവേപ്പില ഓരോന്നും മൂന്നോ നാലോ ആയി പിച്ചികീറിയത്,വറുത്തുപൊടിച്ച ഉലുവാപ്പൊടി,തരുതരുപ്പായി പൊടിച്ച മുളകുപൊടി,ഇവയെല്ലാം കൂടി വഴറ്റിയെടുക്കണം.ഇതിന്റെ കൂടെ അഴുക്കുനീറ്റി വറ്റിച്ച ഉപ്പും ചേര്‍ക്കണം.എല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.

നാരങ്ങ ഓരോന്നും അറ്റം വേര്‍പ്പെടാതെ 4 ആയി കീറി,വഴറ്റി വെച്ചിരിയ്ക്കുന്ന മസാലയും ഉപ്പും ചേര്‍ന്ന മിശ്രിതം ഓരോന്നിലും കുറേശ്ശെ എടുത്ത് നിറച്ച് മുറിയാത്ത ഭാഗം താഴെയായി കഴുകി ഉണക്കിവെച്ചിരിയ്ക്കുന്ന കുപ്പിയിലോ ഭരണിയിലോ അടുക്കണം.കീറിയ ഭാഗം താഴെ ആയാല്‍ മസാലകള്‍ നാരങ്ങയില്‍ നിന്നും വിട്ടുപോകാനിടയുണ്ട്.ഭരണിയുടെ അടിയില്‍ മസാല മൂപ്പിച്ച എണ്ണ ഉണ്ടെങ്കില്‍ അതോ അല്ലെങ്കില്‍ പുതുതായി എണ്ണയെടുത്ത് തിളപ്പിച്ച്‌ ആറിയതോ ഒഴിക്കാം.എല്ലാം ക്രമത്തിന് അടുക്കി കഴിഞ്ഞാല്‍
പാത്രം അടച്ചു കെട്ടി വെയ്ക്കാം.

രീതി 2

നാരങ്ങയില്‍ ഓരോ ചെറുദ്വാരം ഇട്ടശേഷം എണ്ണയില്‍ നന്നായി മൂപ്പിക്കുക.മൂത്തുകഴിഞ്ഞാല്‍ വാങ്ങി ആറുമ്പോള്‍ രണ്ടായി മുറിച്ച് മറ്റു ചേരുവകള്‍ ചേര്‍ത്ത് ഇളക്കി കാറ്റു കയറാതെ അടച്ചുവെയ്ക്കുക.രണ്ടാഴ്ച
കഴിഞ്ഞ് ഉപയോഗിക്കാം.

No comments:

Post a Comment